Skip to content
November 23, 2026
⌕

കാര്യവട്ടം എൽഎൻസിപിഇ അഡീഷണൽ പ്രിൻസിപ്പലിനെതിരെ വംശീയ അധിക്ഷേപ ആരോപണവുമായി മന്ത്രി കെ.എ. തുളസി; പട്ടികവർഗ വിദ്യാർഥികളെ അപമാനിച്ചെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു

November 23, 2026
Share this post to

തിരുവനന്തപുരം: കാര്യവട്ടം ലക്ഷ്മീബായി നാഷണൽ കോളജ് ഓഫ് ഫിസിക്കൽ എജുക്കേഷൻ അഡീഷണൽ പ്രിൻസിപ്പൽ സി.എസ് സദാനന്ദൻ മോഡൽ റെസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന് പട്ടികവർഗ വികസന വകുപ്പ് മന്ത്രി കെ.എ തുളസി. 

പട്ടികജാതി, പട്ടികവർഗ വികസന വകുപ്പിന്റെ ‘കളിക്കളം’ കായികമേളയുമായി ബന്ധപ്പെട്ടാണ് പ്രിൻസിപ്പൽ ഇൻചാർജ് വിവാദ പരാമർശം നടത്തിയത്. വിഷയത്തിൽ അന്വേഷണം നടത്തുമെന്നും കേന്ദ്ര സർക്കാരിന്റെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 


കഴിഞ്ഞ ദിവസങ്ങളിൽ എൽഎൻസിപിഇ ഗ്രൗണ്ടിൽ നടന്ന കായികമേളയുടെ ഉദ്ഘാടന ചടങ്ങ് നിശ്ചയിച്ച സമയത്തേക്കാൾ അല്പം വൈകിയിരുന്നു. 


ഇതുമായി ബന്ധപ്പെട്ട സംസാരത്തിനിടെയാണ് പ്രിൻസിപ്പൽ ഇൻചാർജ് സി.എസ് സദാനന്ദൻ വിദ്യാർത്ഥികളെ അധിക്ഷേപിക്കുന്ന തരത്തിൽ സംസാരിച്ചത്. വലിയ കായികതാരങ്ങൾ സ്പൈക്കുകൾ ധരിച്ച് കളിക്കുന്ന ഗ്രൗണ്ടിൽ മണ്ണിൽ കളിച്ച് വളർന്ന കുട്ടികൾക്ക് എങ്ങനെ കളിക്കാൻ സാധിക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.

പ്രിൻസിപ്പലിന്റെ പരാമർശം അങ്ങേയറ്റം അപമാനകരമാണെന്ന് മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തിന്റെ ഉള്ളിൽ അത്തരമൊരു ചിന്താഗതി ഉണ്ടെങ്കിൽ തന്നെ അത് പുറത്തുപറയാതിരിക്കാനുള്ള മര്യാദയെങ്കിലും കാണിക്കണമായിരുന്നു. തദ്ദേശീയ വിഭാഗങ്ങളിൽ നിന്നും സാധാരണ കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് എംആർഎസുകളിൽ പഠിക്കുന്നത്. 


ഈ അടിസ്ഥാന വിഭാഗത്തിലുള്ള കുട്ടികളോട് ഇതാണോ സമീപനമെന്ന് അറിയേണ്ടതുണ്ട്. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


അതിനിടെ, മന്ത്രി കെ.എ തുളസിയുടെ ജാതീയധിക്ഷേപ ആരോപണം എൽഎൻസിപിഇ അഡീ. പ്രിൻസിപ്പൽ തള്ളി. മന്ത്രി തെറ്റിദ്ധരിച്ചത് ആകാമെന്നാണ് സി.എസ് സദാനന്ദൻ മീഡിയവണിനോട് പറഞ്ഞു. സാങ്കേതികപരമായ കാര്യങ്ങളെക്കുറിച്ചാണ് സംഘാടകരോട് പറഞ്ഞത്. 

ദേശീയ അത്ലറ്റുകള്ർ പരിശീലനം നടത്തുന്ന ട്രാക്കാണ് അതെന്നും, അത് കേടുവരാതെ ഇരിക്കാൻ മാത്രമാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ട്രാക്കിന് അനുയോജ്യമായ ഷൂ ആയിരുന്നില്ല കുട്ടികളുടേതെന്നും, ഇക്കാര്യം സംഘാടകരോട് പറയുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get more updates from Pudukad News on Google