പൂനെയിൽ ലിവ്-ഇൻ പങ്കാളിയെ സോഫ്റ്റ്‌വെയർ എൻജിനീയർ കൊലപ്പെടുത്തി; മൃതദേഹത്തിനരികെ രാത്രി മുഴുവൻ ഇരുന്ന ശേഷം ആംബുലൻസ് തേടി പൊലീസിനെ വിളിച്ചു; ഇൻഫോസിസ് ജീവനക്കാരനായ പ്രതി അറസ്റ്റിൽ, വിപ്രോ ജീവനക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

പൂനെ: തര്‍ക്കത്തെത്തുടര്‍ന്ന് ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തിയ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍, രാത്രി മുഴുവന്‍ മൃതദേഹത്തിനരികെ ഇരുന്ന ശേഷം പിറ്റേന്ന് രാവിലെ ആംബുലന്‍സ് ആവശ്യപ്പെട്ട് പൊലീസിനെ വിളിച്ചതായി പൊലീസ് തിങ്കളാഴ്ച അറിയിച്ചു.
പൂനെയുടെ ഐടി കേന്ദ്രമായ ഹിഞ്ചേവാഡിയിലെ ‘പ്രിസ്‌റ്റൈന്‍ പിജി’യില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിദര്‍ഭയിലെ വാര്‍ധ ജില്ല സ്വദേശിനിയായ കോമള്‍ ദഹാലെയാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ല സ്വദേശിയായ ശുഭം കാല്‍ബാന്‍ഡെയാണ് പ്രതി.
പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച്, കോമളും ശുഭവും ഹിഞ്ചേവാഡിയില്‍ ജോലി ചെയ്യുന്ന സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാരാണ്. കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായ ശുഭം ഇന്‍ഫോസിസിലും കോമള്‍ വിപ്രോയിലുമാണ് ജോലി ചെയ്തിരുന്നത്. ജോലി സംബന്ധമായ പരിചയമാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലേക്ക് നയിച്ചതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പോലീസ് (ഡിസിപി) പ്രദീപ് ജാദവ് പിടിഐയോട് പറഞ്ഞു.
ഇരുവര്‍ക്കുമിടയിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ ശുഭം കോമളിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ശുഭത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് കോമള്‍ സംശയിച്ചതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
കോമളും ശുഭവും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ രണ്ട്-മൂന്ന് വര്‍ഷമായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. ഇവരുടെ ബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങള്‍ക്കും അറിയാമായിരുന്നുവെന്നും വിവാഹാലോചനയ്ക്ക് സമ്മതം നല്‍കിയിരുന്നതായും അധികൃതര്‍ പറഞ്ഞു.
ഞായറാഴ്ച രാത്രി ഇരുവരും ഒരു ഹോട്ടലില്‍ നിന്ന് അത്താഴം കഴിച്ച ശേഷമാണ് കോമള്‍ താമസിച്ചിരുന്ന പിജിയിലെ മുറിയിലേക്ക് മടങ്ങിയതെന്ന് ഡിസിപി ജാദവ് പറഞ്ഞു. രാത്രി 12.30-ഓടെ ഇവര്‍ക്കിടയില്‍ തര്‍ക്കമുണ്ടായി. പുലര്‍ച്ചെ മൂന്ന് മണിയോടെ വാക്കുതര്‍ക്കം അതിരുകടക്കുകയും പ്രകോപിതനായ ശുഭം കോമളിനെ കൈമുഷ്ടി കൊണ്ട് തുടര്‍ച്ചയായി ഇടിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തതാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
മൃതദേഹത്തിനരികെ രാത്രി മുഴുവന്‍ ശുഭം തുടര്‍ന്നു. പുലര്‍ച്ചെ 6.30-ഓടെ ഇയാള്‍ തന്നെയാണ് പൊലീസിനെ വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെട്ടത്. പൊലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
കോമളിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. അന്വേഷണത്തില്‍ ശുഭമാണ് കോമളിനെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും ഡിസിപി ജാദവ് അറിയിച്ചു.




