Skip to content
November 25, 2026
⌕

കുവൈറ്റിൽ ചരിത്രനേട്ടം: തദ്ദേശീയമായി കൃഷി ചെയ്ത ആദ്യ ബസ്മതി നെല്ലിന്റെ വിളവെടുപ്പ് നടന്നു

November 25, 2026
Share this post to

കുവൈറ്റ് സിറ്റി: രാജ്യത്തിന്റെ കാർഷിക ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, കുവൈറ്റിൽ ആദ്യമായി തദ്ദേശീയമായി കൃഷി ചെയ്ത ബസ്മതി നെല്ലിന്റെ വിളവെടുപ്പ് വിജയകരമായി പൂർത്തിയായി സ്വാദേശി പ്രമുഖനായ ഖാലിദ് അൽ-ജരിയുടെ മക്കളുടെ ഉടമസ്ഥതയിലുള്ള ‘അൽ-ജരി’ ഫാമിലാണ് അബ്ദുള്ള അൽ-ജരിയുടെ മേൽനോട്ടത്തിൽ ഈ അഭിമാനകരമായ നേട്ടം കൈവരിച്ചത്. 

കോവിഡ് മഹാമാരിക്കാലത്തും യുദ്ധസാഹചര്യങ്ങളിലും ഉണ്ടായ ഭക്ഷ്യക്ഷാമ ഭീതിയാണ് സ്വന്തമായി അരി ഉത്പാദിപ്പിക്കുക എന്ന ആശയത്തിലേക്ക് ഇവരെ നയിച്ചത്. 


യുഎഇയിലെ ഷഫഖ് ഫാമിലെ ഡോ. അയ്യൂബിന്റെ മാർഗനിർദേശത്തിൽ അവിടെ നിന്നും കൊണ്ടുവന്ന വിത്തുകൾ ഉപയോഗിച്ചാണ് കുവൈറ്റിന്റെ മണ്ണിൽ ഈ പരീക്ഷണം നടത്തിയത്.


കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന കുവൈറ്റിൽ വെള്ളം പാഴാകാതിരിക്കാൻ നൂതനമായ കൃഷിരീതിയാണ് അവലംബിച്ചത്. നിലത്ത് 20 സെന്റീമീറ്റർ താഴ്ചയിൽ കുഴിയെടുത്ത് അടിയിലും നാല് വശങ്ങളിലും പ്രത്യേക പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ച ശേഷം, അതിനുമുകളിൽ 15 സെന്റീമീറ്റർ കനത്തിൽ മണ്ണും വളവും നിറച്ചാണ് ഞാറ് നട്ടത്. 

പ്ലാസ്റ്റിക് പാളി വെള്ളം താഴേക്ക് ഇറങ്ങിപ്പോകുന്നത് തടയുന്നതിനാൽ, ഏഴ് മുതൽ പത്ത് ദിവസത്തിലൊരിക്കൽ മാത്രം നനച്ചാൽ മതിയാകും എന്നതാണ് ഈ രീതിയുടെ പ്രധാന പ്രത്യേകത.


രാസവളങ്ങളോ യൂറിയയോ ഒട്ടും ഉപയോഗിക്കാതെ ചാണകപ്പൊടിയും കോഴിവളവും മണലും മാത്രം ചേർത്തുള്ള സമ്പൂർണ്ണ ജൈവരീതിയിലായിരുന്നു കൃഷി.


 

5,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് 30 കിലോ വിത്ത് വിതച്ചതിലൂടെ വെറും മൂന്ന് മാസത്തിനുള്ളിൽ 3,000 കിലോയിലധികം (മൂന്ന് ടണ്ണിലേറെ) നെല്ല് വിളവെടുക്കാൻ സാധിച്ചു. 

കുവൈറ്റിലെ പരമ്പരാഗത വിഭവങ്ങളായ മജ്ബൂസ്, മുതബ്ബഖ് ഹമൂർ എന്നിവ തയ്യാറാക്കാൻ ഏറെ അനുയോജ്യമായ ഇടത്തരം വലിപ്പമുള്ള ബസ്മതി അരിയാണിത്. 

രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത്തരം കാർഷിക മുന്നേറ്റങ്ങൾ വലിയ മുതൽക്കൂട്ടാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ

Get more updates from Pudukad News on Google