ചക്കക്കൊമ്പനെ മയക്കുവെടിവെച്ചിട്ടും ഫലമില്ല; മിഷൻ ചക്കക്കൊമ്പൻ ദൗത്യം നാളത്തേക്ക് മാറ്റി | Mission Chakkakomban

ചിന്നക്കനാൽ: ആദ്യ മയക്കുവെടിയേറ്റിട്ടും മയങ്ങാതെ കാട്ടിലേക്ക് ഓടിമറഞ്ഞതോടെ ‘മിഷൻ ചക്കക്കൊമ്പൻ’ ദൗത്യം വനംവകുപ്പ് താൽക്കാലികമായി ഉപേക്ഷിച്ചു (Mission Chakkakomban). പ്രതികൂല കാലാവസ്ഥയും ദൗത്യത്തിന് തിരിച്ചടിയായി. വ്യാഴാഴ്ച ദൗത്യം പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
301 കോളനിക്ക് സമീപം വെച്ചാണ് ചക്കക്കൊമ്പന് ആദ്യ മയക്കുവെടി പ്രയോഗിച്ചത്. തുടർന്ന് ദൗത്യസംഘം ആനയെ നിരീക്ഷിച്ചുവരികയായിരുന്നു. എന്നാൽ, വെടിയേറ്റിട്ടും ആന മയങ്ങാതെ നിലയുറപ്പിച്ചു. പിന്നാലെ കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. ഇതിനിടെ പ്രദേശത്ത് വീണ്ടും ശക്തമായ മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടത് തുടർനടപടികൾക്ക് തടസ്സമായി.
രാവിലെ മുതൽ നീണ്ട ശ്രമം
ചിന്നക്കനാൽ 80 ഏക്കർ കോളനിക്ക് സമീപത്തെ പൊന്നുസ്വാമി എസ്റ്റേറ്റിലും പിന്നീട് ആനയിറങ്കൽ അണക്കെട്ടിലെ തുരുത്തിലുമായി നിലയുറപ്പിച്ച ചക്കക്കൊമ്പനെ മയക്കുവെടിവെക്കാൻ രാവിലെ മുതൽ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു.
ആദ്യഘട്ടത്തിൽ 301 കോളനിയിലെ ഓമനക്കുഴി ഭാഗത്ത് ചതുപ്പുനിലത്ത് ആന നിലയുറപ്പിച്ചതും കനത്ത മഴയും ദൗത്യത്തിന് തടസ്സമായി. പിന്നീട് മഴ മാറിയതോടെ പടക്കം പൊട്ടിച്ച് ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് ആദ്യ മയക്കുവെടി പ്രയോഗിച്ചത്. എന്നാൽ പ്രതീക്ഷിച്ച ഫലമുണ്ടായില്ല.
ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിക്കാനാണ് ലക്ഷ്യം
ചിന്നക്കനാൽ മേഖലയിൽ ഭീതിവിതയ്ക്കുന്ന ചക്കക്കൊമ്പനെ നിരീക്ഷിക്കുന്നതിനായി വിദേശത്തുനിന്ന് എത്തിച്ച അഞ്ച് കിലോ ഭാരമുള്ള ജി.പി.എസ്. റേഡിയോ കോളർ ഘടിപ്പിക്കാനാണ് വനംവകുപ്പിന്റെ പദ്ധതി.
അഞ്ച് വെറ്ററിനറി ഓഫീസർമാർ ഉൾപ്പെടെ നൂറംഗ ദൗത്യസംഘവും വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളും ദൗത്യത്തിൽ പങ്കെടുക്കുന്നുണ്ട്. ആനയെ നിരീക്ഷിക്കുന്നത് തുടരുമെന്നും ദൗത്യത്തിന്റെ തുടർനടപടികൾ വ്യാഴാഴ്ച ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Story Summary:
The Forest Department temporarily called off Mission Chakkakomban after the elephant did not become sedated despite being hit by the first tranquiliser dart and later moved into the forest. Heavy rain and fog also hampered the operation. The mission to fit a GPS radio collar on the elephant is scheduled to resume on Thursday, with a 100-member team and two kumki elephants involved.




