Skip to content
November 25, 2026
⌕

ആഴ്ചകൾ നീണ്ട പ്രതിഷേധം ഫലം കണ്ടു; ബംഗ്ലാദേശിലെ വസ്ത്രനിർമാണ തൊഴിലാളികൾക്ക് 36 ശതമാനം ശമ്പളവർധന | Bangladesh garment workers wage increase

November 25, 2026
Share this post to
Bangladesh garment workers wage increase

ബംഗ്ലാദേശിലെ വസ്ത്രനിർമാണ മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം 36 ശതമാനം വർധിപ്പിക്കാൻ തീരുമാനം. ആഴ്ചകളോളം നീണ്ട പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കും പിന്നാലെയാണ് സർക്കാർ നിയോഗിച്ച വേതന ബോർഡിന്റെ തീരുമാനം. നിലവിലെ 12,500 ടാക്കയിൽ നിന്ന് 17,500 ടാക്കയായാണ് (ഏകദേശം 136 ഡോളർ) പ്രതിമാസ മിനിമം വേതനം ഉയർത്തുന്നത്. ഡിസംബർ മുതൽ വർധന പ്രാബല്യത്തിൽ വരും. പുതുക്കിയ ശമ്പളം ജനുവരിയിൽ ലഭിച്ചുതുടങ്ങും. (Bangladesh garment workers wage increase)

വേതന ബോർഡിലെ ഭൂരിപക്ഷം അംഗങ്ങളും വർധനയ്ക്ക് അനുകൂലമായി തീരുമാനിച്ചതായി ബോർഡ് ചെയർമാൻ ബുധനാഴ്ച അറിയിച്ചു. എന്നാൽ തൊഴിലാളികൾ ആവശ്യപ്പെട്ട 30,000 ടാക്കയേക്കാൾ വളരെ കുറവാണ് പുതിയ തുക. അതിനാൽ ഈ നിർദേശം തൊഴിലാളികൾ അംഗീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പൂർണ തൃപ്തിയില്ലെങ്കിലും തീരുമാനം മോശമല്ലെന്ന് തൊഴിലാളി പ്രതിനിധി ബാബുൽ അക്തർ പ്രതികരിച്ചു. സമരം അവസാനിപ്പിച്ച് ഫാക്ടറികളിലേക്ക് മടങ്ങാനും അദ്ദേഹം
തൊഴിലാളികളോട് ആവശ്യപ്പെട്ടു.

നേരത്തെ അഞ്ച് വർഷത്തിലൊരിക്കലായിരുന്നു വേതന പരിഷ്കരണം നടത്തിയിരുന്നത്. ഇത്തവണ മൂന്ന് വർഷത്തിനുള്ളിൽ തന്നെ വർധന ലഭിക്കുന്നുവെന്നും അക്തർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ കയറ്റുമതി വരുമാനത്തിൽ നിർണായക പങ്കുവഹിക്കുന്ന വസ്ത്രനിർമാണ മേഖലയിൽ ഏകദേശം 40 ലക്ഷം പേരാണ് ജോലി ചെയ്യുന്നത്. പ്രതിവർഷം 3,800 കോടി ഡോളറിന്റെ വരുമാനം നേടുന്ന ഈ മേഖല ബംഗ്ലാദേശിന്റെ മൊത്തം കയറ്റുമതിയുടെ നാലിൽ മൂന്ന് ഭാഗത്തിലധികം സംഭാവന ചെയ്യുന്നു. അതേസമയം, തൊഴിലാളി പ്രതിഷേധങ്ങൾ വ്യവസായത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി ബംഗ്ലാദേശ് ഗാർമെന്റ്സ് മാനുഫാക്ചറേഴ്സ് ആൻഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ അറിയിച്ചു. ഏകദേശം 42.8 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കുന്നത്. 25.4 കോടി ഡോളറിന്റെ ഓർഡറുകൾ മറ്റ് രാജ്യങ്ങളിലേക്ക് മാറിയതായും സംഘടന വ്യക്തമാക്കി. ചൈനയ്ക്ക് പിന്നിൽ ലോകത്തെ രണ്ടാമത്തെ വലിയ വസ്ത്ര കയറ്റുമതി രാജ്യമാണ് ബംഗ്ലാദേശ്.

വസ്ത്രനിർമാണ മേഖലയിലെ വളർച്ചയ്ക്കൊപ്പം തൊഴിലാളികളുടെ സുരക്ഷയും തൊഴിൽ സാഹചര്യങ്ങളും സംബന്ധിച്ച ആശങ്കകളും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. 2013ൽ റാണ പ്ലാസ ഫാക്ടറി കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ 1,134 പേർ മരിക്കുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫാക്ടറികളിലെ സുരക്ഷാ വീഴ്ചകളും തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങളും അന്ന് ആഗോള ശ്രദ്ധ നേടിയിരുന്നു.

Summary: Bangladesh’s garment industry wage board has agreed to raise the minimum monthly wage by 36 percent, from 12,500 to 17,500 taka, following weeks of protests. The increase will take effect in December, but workers have yet to confirm whether they will accept the offer, which falls short of their demand for 30,000 taka.

Get more updates from Pudukad News on Google