ഇൻഷുറൻസ് ഇല്ലെങ്കിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനമില്ല; പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടത്തിൽ യുപിയിലെയും ഹരിയാനയിലെയും അഞ്ച് പമ്പുകളിൽ വീതം പരീക്ഷണം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയവും വർധിപ്പിച്ചേക്കും. വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയിലും മാറ്റം

ന്യൂഡൽഹി: ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനവും ഇല്ലെന്ന പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ആദ്യഘട്ടം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും 5 പമ്പുകളിൽ വീതം നടപ്പാക്കാനാണ് കേന്ദ്ര റോഡ് ഗതാഗത, പെട്രോളിയം മന്ത്രാലയങ്ങളുടെ തീരുമാനം. ഗതാഗത നിയമലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കുന്നതും ആലോചനയിലുണ്ട്.
കഴിഞ്ഞ മാസം 4 ന് സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശമനുസരിച്ചാണ് പുതിയ നീക്കം. വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല. ഇതിനുള്ള പൈലറ്റ് പദ്ധതി രൂപീകരിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിയോടും റോഡ് ഗതാഗത മന്ത്രാലയത്തോടും സുപ്രീം കോടതി നിർദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഇന്ധന പമ്പുകളിൽ ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് റെക്കഗ്നീഷൻ ക്യാമറകൾ സ്ഥാപിക്കും. ഈ ക്യാമറുകളുമായി ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയിലെയും വാഹൻ പോട്ടലിലെയും വിവരങ്ങൾ സംയോജിപ്പിക്കും.
ആദ്യഘട്ടമെന്ന നിലയിൽ ഹരിയാനയിലെയും ഉത്തർപ്രദേശിലെയും 5 പമ്പുകളിൽ വീതം പദ്ധതി നടപ്പാക്കും. ഇത് വിജയകരമെങ്കിൽ രാജ്യത്തെ മറ്റ് ഭാഗങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. ഗതാഗത നിയമ ലംഘനം ആവർത്തിച്ചാൽ ഇൻഷുറൻസ് പുതുക്കാൻ കൂടുതൽ തുക അടയ്ക്കേണ്ടിയും വരും.
ഒപ്പം പുതിയ വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷുറൻസ് കാലാവധിയും വർധിപ്പിച്ചു. പുതിയ കാറുകൾക്ക് ഇനി മൂന്നിന് പകരം നാല് വർഷത്തേക്കാകും ഇൻഷുറൻസ് ലഭിക്കുക. ഇരുചക്ര വാഹനങ്ങൾക്ക് 6 വർഷത്തെയും ഇൻഷുറൻസ് ലഭിക്കും. അടുത്ത മാസം 15 മുതൽ ഈ രീതി നിലവിൽ വരും.




