Skip to content
November 27, 2026
⌕

സോവിയറ്റ് കാലത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിരോധ ബജറ്റിന് റഷ്യയുടെ അംഗീകാരം; യുക്രെയ്ൻ യുദ്ധം അവസാനിക്കുമോ? | Russia defence budget 2027-2029

November 27, 2026
Share this post to
Vladimir Putin

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനോട് ആവശ്യപ്പെട്ടതിന് പിന്നാലെ, പ്രതിരോധ ചെലവിൽ വൻ വർധന വരുത്തുന്ന ബജറ്റിന് റഷ്യൻ പാർലമെന്റിന്റെ അംഗീകാരം. 2027 മുതൽ 2029 വരെയുള്ള കാലയളവിലെ ബജറ്റിൽ ദേശീയ പ്രതിരോധത്തിനായി ഏകദേശം 606 ബില്യൺ ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കുശേഷമുള്ള ഏറ്റവും വലിയ സൈനിക ചെലവാണിത്. മുൻ മൂന്ന് വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് 121 ബില്യൺ ഡോളറിന്റെ വർധനയുമുണ്ട്. (Russia defence budget 2027-2029)

2022ൽ യുക്രെയ്‌നിൽ സമ്പൂർണ അധിനിവേശം ആരംഭിച്ചതിനുശേഷം റഷ്യ സൈനിക ആവശ്യങ്ങൾക്കായി ഏകദേശം 710 ബില്യൺ ഡോളർ ചെലവഴിച്ചതായാണ് കണക്ക്. പുതിയ ബജറ്റ് പ്രകാരം 2027 അവസാനത്തോടെ ആകെ സൈനിക ചെലവ് 918 ബില്യൺ ഡോളറിലെത്തും. 2028 അവസാനത്തോടെ ഇത് 1.1 ട്രില്യൺ ഡോളറായും 2029ഓടെ 1.3 ട്രില്യൺ ഡോളർ കടന്നും ഉയരുമെന്നാണ് റിപ്പോർട്ട്. സൈനിക ചെലവുകൾക്കുള്ള പണം കണ്ടെത്താൻ ഖനന കമ്പനികൾക്ക് അധിക നികുതി ചുമത്താനും പൗരന്മാരുടെ നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം പ്രയോജനപ്പെടുത്താനുമാണ് പുടിൻ ഭരണകൂടത്തിന്റെ നീക്കം. അതേസമയം, സാധാരണ ജനങ്ങളെ ബാധിക്കുന്ന വിവിധ മേഖലകളിലെ ചെലവുകൾ കുറയ്ക്കും. ഭവന-യൂട്ടിലിറ്റി മേഖലയിലെ ചെലവിൽ എട്ട് ശതമാനവും ആരോഗ്യരംഗത്ത് മൂന്ന് ശതമാനവും കുറവുണ്ടാകും. പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹിക സഹായങ്ങൾക്കുള്ള വിഹിതത്തിലും ആറ് ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് ബജറ്റ് സൂചന.

സൈനിക ചെലവുകൾ വർധിക്കുന്നതിനൊപ്പം റഷ്യയുടെ സാമ്പത്തിക മേഖലയിലും സമ്മർദം ശക്തമാകുന്നുണ്ട്. പ്രതീക്ഷിച്ചതിലും ഉയർന്ന ബജറ്റ് കമ്മിയാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്. സാമ്പത്തിക വളർച്ചയിലെ മന്ദഗതി, ഉപരോധങ്ങൾ, സൈനികേതര കമ്പനികൾക്കുള്ള ഉയർന്ന പലിശനിരക്ക്, തൊഴിലാളികളുടെ ക്ഷാമം, റഷ്യൻ എണ്ണശുദ്ധീകരണശാലകൾക്കും കയറ്റുമതി കേന്ദ്രങ്ങൾക്കും നേരെയുള്ള യുക്രെയ്ൻ ആക്രമണങ്ങൾ എന്നിവയും സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണ്. അതിനിടെ, ചൈനയിൽ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ യൂറോപ്പിലെ വിവിധ പ്രദേശങ്ങൾക്കെതിരായ സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ട്രംപ് വ്യക്തമാക്കി. റഷ്യയും യുക്രെയ്‌നും തമ്മിൽ വേഗത്തിൽ സമാധാന കരാറിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇക്കാര്യം ഉന്നയിച്ചതെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു. എന്നാൽ, ഏത് പ്രദേശങ്ങളെയാണ് പരാമർശിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. 2022 ഫെബ്രുവരിയിൽ റഷ്യ അധിനിവേശം ആരംഭിച്ച യുക്രെയ്‌നെയും ഈ പ്രസ്താവനയിൽ പ്രത്യേകം പരാമർശിച്ചിരുന്നില്ല.

Summary: Russia has approved a 2027–29 budget allocating around $606 billion for national defence, marking its highest military spending since the Soviet era. The move comes as Donald Trump urges Vladimir Putin to halt military aggression and pursue a peace deal with Ukraine.

Get more updates from Pudukad News on Google