Skip to content
November 29, 2026
⌕

മണ്ഡല പുനർനിർണയ ബിൽ. ലോക്സഭാ സീറ്റുകൾ 816-ലേക്ക്. കേരളത്തിന് കൂടുക 10 സീറ്റോളം മാത്രം. ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങളിൽ നിലവിലുള്ള 80 സീറ്റുകൾ 120 ആകും. കേരളവുമായുള്ള സീറ്റ് വ്യത്യാസം 60-ൽ നിന്ന് 90 ആയി ഉയരും

November 28, 2026
Share this post to

കോട്ടയം: വനിതാ സംവരണം നടപ്പാക്കുന്നതിന് മുന്നോടിയായി രാജ്യത്തെ ലോക്സഭാ, നിയമസഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ മണ്ഡല പുനർനിർണയ ബില്ലിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു.

 എല്ലാ സംസ്ഥാനങ്ങളിലെയും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ഇതനുസരിച്ച് കേരളത്തിലെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 20-ൽ നിന്ന് 30 ആയി ഉയരും, 10 സീറ്റുകളുടെ വർധനവ്. 

 എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായി 50 ശതമാനം സീറ്റുകൾ വർധിക്കുന്നതിനാൽ, സഭയിലെ കേരളത്തിൻ്റെ പ്രാതിനിധ്യ ശതമാനത്തിൽ മാറ്റമുണ്ടാകില്ല. എങ്കിലും, സീറ്റുകളുടെ എണ്ണത്തിലുള്ള അന്തരം വലിയ രീതിയിൽ വർധിക്കും.


ഉത്തർപ്രദേശ് നിലവിലുള്ള 80 സീറ്റുകൾ 120 ആയി വർധിക്കുകയും കേരളവുമായുള്ള സീറ്റ് വ്യത്യാസം 60-ൽ നിന്ന് 90 ആയി ഉയരുകയും ചെയ്യും. മഹാരാഷ്ട്ര 48 സീറ്റുകൾ 72 ആകും. പശ്ചിമ ബംഗാൾ 42 സീറ്റുകൾ 63 ആകും. 


സീറ്റ് വിഹിതത്തിൽ കുറവുണ്ടാകില്ലെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും, ബില്ലിനെ ശക്തമായി എതിർക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ തീരുമാനം.

പുതിയ സെൻസസ് പൂർത്തിയാകാനിരിക്കെ, 2029-ലെ തിരഞ്ഞെടുപ്പിനായി 18 വർഷം പഴക്കമുള്ള 2011-ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കുന്നത് യുക്തിരഹിതമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.  

സീറ്റുകളുടെ എണ്ണം കൂട്ടുന്നതിനൊപ്പം മണ്ഡലങ്ങളുടെ അതിരുകൾ മാറ്റിവരയ്ക്കുമ്പോൾ, ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന രീതിയിൽ ഭൂപടം തിരുത്താൻ സാധ്യതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.


 മണ്ഡല പുനർനിർണയ കമ്മീഷനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പങ്കാളിത്തം ഉണ്ടാകുമെന്നതിനാൽ, നടപടികളുടെ സുതാര്യതയിൽ പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുന്നു.


 2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം നടപ്പാക്കാനെന്ന പേരിൽ തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പ് ഭൂപടം മാറ്റിവരയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രധാന വിമർശനം.

 ഭരണഘടനാ ഭേദഗതി ബിൽ പാസാക്കാൻ ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 362 വോട്ടുകൾ ആവശ്യമാണ്. നിലവിൽ എൻഡിഎയ്ക്ക് സ്വന്തമായി ഈ ഭൂരിപക്ഷമില്ല. അതിനാൽ എൻസിപി ശരദ് പവാർ തുടങ്ങിയ പ്രതിപക്ഷ കക്ഷികളുടെ ഒപ്പം കൂട്ടിയാകും ബിജെപിയുടെ കരുനീക്കം.

Get more updates from Pudukad News on Google