Skip to content
November 29, 2026
⌕

ശബരിമല തീർത്ഥാടകരുടെ വെർച്വൽ ക്യൂ ബുക്കിങ്ങിനുള്ള വെബ്‌സൈറ്റിൽ ഗുരുതരമായ സാങ്കേതിക-സുരക്ഷാ വീഴ്ചകൾ. വ്യാജ മൊബൈൽ നമ്പറുകളും താൽക്കാലിക ഇമെയിൽ വിലാസങ്ങളും ഉപയോഗിച്ച് സ്ലോട്ട് ബുക്കിം​ഗ്. പത്രവാർത്തകളുടെ കട്ടിങ്ങുകളും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും വരെ രജിസ്ട്രേഷനായി അപ്‌ലോഡ് ചെയ്തതായും കണ്ടെത്തൽ. വെബ്‌സൈറ്റിൽ ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനമില്ലാത്തതും സോഫ്റ്റ്‌വെയർ ലോജിക് പിശകുകളുമാണ് ദുരുപയോഗത്തിന് വഴിയൊരുക്കിയതെന്ന് സൈബർ വിഭാഗം

November 28, 2026
Share this post to

തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് വെബ്‌സൈറ്റിൽ ഗുരുതരമായ സാങ്കേതിക-സുരക്ഷാ വീഴ്ചകളുണ്ടെന്ന് സംസ്ഥാന പോലീസ് സൈബർ അന്വേഷണ വിഭാഗം കണ്ടെത്തി. 

വെബ്‌സൈറ്റ് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും വ്യാജ വിവരങ്ങൾ ഉപയോഗിച്ച് വ്യാപകമായി സ്ലോട്ടുകൾ ബുക്ക് ചെയ്തിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ട് സൈബർ വിഭാഗം സർക്കാരിന് സമർപ്പിച്ചു.

വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത സ്ലോട്ടുകളുടെ എണ്ണവും യഥാർത്ഥത്തിൽ ദർശനത്തിനെത്തിയ തീർത്ഥാടകരുടെ എണ്ണവും തമ്മിൽ വലിയ അന്തരം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അന്വേഷണം ആരംഭിച്ചത്. ഇതര സംസ്ഥാനങ്ങളിലെ ട്രാവൽ ഏജന്റുമാർ കൂട്ടത്തോടെ സ്ലോട്ടുകൾ ബുക്ക് ചെയ്യുന്നുണ്ടെന്ന സംശയവും ഉയർന്നിരുന്നു. 

ദേവസ്വം മന്ത്രി കെ. മുരളീധരൻ ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് സാങ്കേതിക പരിശോധനയ്ക്കായി സൈബർ അന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തിയത്.

നിലവിലില്ലാത്ത മൊബൈൽ നമ്പറുകൾ, താൽക്കാലിക ഇമെയിൽ ഐഡികൾ, വ്യാജ വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകിയാണ് പല ബുക്കിങ്ങുകളും നടത്തിയിരിക്കുന്നത്. രജിസ്റ്റർ ചെയ്ത ഒരാൾക്ക് ഒരേസമയം നാല് തീർത്ഥാടകരുടെ സ്ലോട്ടുകൾ വരെ ബുക്ക് ചെയ്യാമെന്ന സൗകര്യം ദുരുപയോഗം ചെയ്യപ്പെട്ടു.

വിപുലമായ തിരിച്ചറിയൽ പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ, രജിസ്ട്രേഷൻ പൂർത്തിയാക്കാൻ പത്രവാർത്തകളുടെ കട്ടിങ്ങുകളും സി.സി.ടി.വി ദൃശ്യങ്ങളുടെ സ്ക്രീൻഷോട്ടുകളും വരെ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തി.

വെബ്‌സൈറ്റ് ഇതുവരെ നവീകരിച്ചിട്ടില്ലെന്നും ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം നിലവിലില്ലെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. വെബ്‌സൈറ്റിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന സോഫ്റ്റ്‌വെയർ ലോജിക് പിശകുകളും കണ്ടെത്തിയിട്ടുണ്ട്.

കൂട്ടബുക്കിങ്ങിനായി ഉപയോഗിച്ച ഐ.പി വിലാസങ്ങൾ സൈബർ പോലീസ് പരിശോധിച്ചുവരികയാണ്. നിലവിലെ ചട്ടങ്ങൾ കൂട്ടബുക്കിങ് നിരോധിക്കുന്നില്ലാത്തതിനാൽ ഒരേ ഐ.പി വിലാസത്തിൽ നിന്ന് ഒന്നിലധികം സ്ലോട്ടുകൾ എടുത്തതുകൊണ്ട് മാത്രം നിയമനടപടി സാധ്യമല്ല. 

എന്നാൽ, ബോട്ടുകൾ ഉപയോഗിച്ചോ ഒന്നിലധികം അക്കൗണ്ടുകൾ ഓട്ടോമാറ്റിക്കായി സൃഷ്ടിച്ചോ തട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്ന് സൈബർ വിഭാഗം അറിയിച്ചു.

അതേസമയം, തീർത്ഥാടന സീസണിന്റെ തുടക്കത്തിൽ ബുക്കിങ്ങും യഥാർത്ഥ തീർത്ഥാടക പ്രവാഹവും തമ്മിൽ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.

സൗകര്യപ്രദമല്ലാത്ത തീയതികളിൽ സ്ലോട്ട് ബുക്ക് ചെയ്ത് പ്രിന്റൗട്ട് എടുത്ത ശേഷം, തിരക്കുള്ള ദിവസങ്ങളിൽ തീയതി കൃത്യമായി പരിശോധിക്കപ്പെടാത്ത സാഹചര്യം മുതലെടുത്ത് മറ്റൊരു ദിവസം ദർശനത്തിനെത്തുന്ന രീതി വർഷങ്ങളായി തുടരുന്നതാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

Get more updates from Pudukad News on Google