Skip to content
November 29, 2026
⌕

ജയ്പൂരിൽ അമ്മയെയും രണ്ട് മക്കളെയും മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കുടുംബത്തിലെ മാനസിക സംഘർഷങ്ങളും വഴക്കുകളുമാണ് കാരണമെന്ന് സൂചന, ‘ആത്മഹത്യാക്കുറിപ്പ് വാട്സ്ആപ്പിലുണ്ടെന്ന്’ ചുവരിൽ കുറിപ്പ്. പോലീസ് അന്വേഷണം ഊർജിതം

November 28, 2026
Share this post to

ജയ്പൂര്‍: 50-കാരിയായ സ്ത്രീയെയും പ്രായപൂര്‍ത്തിയായ രണ്ട് മക്കളെയും ജയ്പൂരിലെ വസതിയില്‍ മുറിക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറംലോകമറിയുന്നത്. യുവാവ് അമ്മയെയും സഹോദരിയെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. യുവാവിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.


ഭട്ട ബസ്തി പോലീസ് സ്റ്റേഷന്‍ പരിധിയിലെ രാംനഗറിലുള്ള വീട്ടില്‍ താമസിച്ചിരുന്ന സരോജ് ദേവി (50), മകള്‍ ശിവാംഗി (25), മകന്‍ ലക്കി (27) എന്നിവരാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങള്‍ ഒരേ മുറിയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക വിവരം. കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ചിട്ട് പ്രതികരണമില്ലാതായതോടെ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരണവിവരം പുറത്തറിയുന്നത്.


മകളെയും കൊച്ചുമക്കളെയും ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ആശങ്കയിലായ സരോജ് ദേവിയുടെ പിതാവ് ദീപ് തിവാരി, വീട്ടില്‍ പോയി അന്വേഷിക്കാന്‍ അയല്‍വാസിയോട് ആവശ്യപ്പെടുകയായിരുന്നു. അയല്‍വാസികള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും ഭട്ട ബസ്തി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആത്മഹത്യാക്കുറിപ്പ് മൊബൈല്‍ ഫോണിലുണ്ടെന്ന് എഴുതിയ ഒരു കടലാസ് മുറിയുടെ ചുവരില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഫോണിന്റെ പാസ്വേഡും ഈ കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് പോലീസ് ലക്കിയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചു.

ലക്കിയുടെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ്പില്‍ നിന്ന് കണ്ടെത്തിയ കുറിപ്പില്‍ കുടുംബത്തിലെ മാനസികരോഗ പശ്ചാത്തലത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. 


മുന്‍പ് നടത്തിയ വൈദ്യപരിശോധനകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നതായും കുറിപ്പില്‍ പറയുന്നു. എന്നാല്‍ കുറിപ്പിലെ ഈ പരാമര്‍ശങ്ങള്‍ പോലീസ് സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല. ലക്കിയുടെ പിതാവും വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവനൊടുക്കിയതാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


സരോജ് ദേവിയും മകള്‍ ശിവാംഗിയും തമ്മില്‍ പതിവായി ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ കുടുംബത്തിനുള്ളില്‍ വലിയ മാനസിക സമ്മര്‍ദ്ദത്തിന് കാരണമായിരുന്നതായാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഇരുവരും തമ്മിലുള്ള നിരന്തരമായ വഴക്കുകളില്‍ ലക്കി കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് സംശയിക്കുന്നു.

വ്യാഴാഴ്ചയും അമ്മയും മകളും തമ്മില്‍ തര്‍ക്കമുണ്ടായതായി പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. കുടുംബവഴക്കുകളും മൊബൈല്‍ ഫോണിലെ വിവരങ്ങളും ഉള്‍പ്പെടെ സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കായി കന്‍വാട്ടിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രണ്ട് സ്ത്രീകളുടെയും മരണത്തിന്റെ കൃത്യമായ കാരണം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

 

Get more updates from Pudukad News on Google