പെറുവിലെ ഹൈവേയിൽ ഇന്ത്യൻ പൗരന് നേരെ ആക്രമണം; വാഹനം തടഞ്ഞുനിർത്തി വെടിയുതിർത്ത ശേഷം സ്വർണ്ണാഭരണങ്ങളുമായി കവർച്ചാ സംഘം കടന്നുകളഞ്ഞു

ലിമ: പെറുവിലെ തലസ്ഥാനമായ ലിമയ്ക്ക് സമീപമുള്ള കയാവോയില്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി, ആയുധധാരികളായ കവര്‍ച്ചാ സംഘം നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ പൗരനും പെറുവിയന്‍ യുവതിക്കും വെടിയേറ്റു. ആഭരണപ്പൊതികളുമായി സഞ്ചരിക്കുകയായിരുന്ന വാഹനത്തിന് നേരെ പട്ടാപ്പകലാണ് ആക്രമണമുണ്ടായത്.
ഇന്ത്യന്‍ പൗരനായ വിജയ് പഗ്രാനി ഇസ (29), പെറുവിയന്‍ സ്വദേശിനി മാരി നതാലി മിറാന്‍ഡ എസ്പിനോസ (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ജോര്‍ജ് ചാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് ആക്രമണത്തിന് ഇരയായത്.
കോസ്റ്റ വെര്‍ഡെ ഹൈവേയിലെ സാന്റ റോസ അവന്യൂവില്‍ വെച്ച് മുഖംമൂടി ധരിച്ചെത്തിയ അക്രമികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വളയുകയും ജനാലകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു.
തുടര്‍ന്ന് ആഭരണപ്പൊതികള്‍ അടങ്ങിയ ബ്രീഫ്കെയ്‌സുകളുമായി അക്രമികള്‍ കടന്നുകളഞ്ഞു.വെടിയേറ്റ വിജയിനെയും എസ്പിനോസയെയും സാന്‍ ജൂദാസ് ടാഡിയോ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചു.
ഇരുവരുടെയും നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കവര്‍ച്ചയ്ക്ക് പിന്നാലെ എട്ട് വാഹനങ്ങളിലായി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സ്വര്‍ണ്ണക്കട്ടികളാണോ ലക്ഷ്യമിട്ടതെന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണെങ്കിലും കവര്‍ച്ചയുടെ കൃത്യമായ ലക്ഷ്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.




