വിദേശ സർവകലാശാലകൾക്കും വൻകിട കമ്പനികൾക്കും അവസരം; കേരളത്തിൽ നോളജ് വാലി ബിൽ ചൊവ്വാഴ്ച നിയമസഭയിൽ | Kerala Knowledge Valley project

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലും വ്യവസായ നിക്ഷേപങ്ങളിലും വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ട് കേരളത്തിൽ നോളജ് വാലി പദ്ധതി വരുന്നു. വിദേശ സർവകലാശാലകളുടെ ക്യാമ്പസുകൾ, ഗവേഷണ സ്ഥാപനങ്ങൾ, പുതിയ കമ്പനികൾ, ആധുനിക കോഴ്സുകൾ എന്നിവയ്ക്ക് അവസരമൊരുക്കുന്ന ബിൽ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. ഭൂമി ലഭ്യമാക്കുന്നതിലും സ്ഥാപനങ്ങൾ ആരംഭിക്കുന്നതിലും നിക്ഷേപകർക്ക് ഇളവുകൾ നൽകുന്നതും ബില്ലിന്റെ ഭാഗമാണ്. (Kerala Knowledge Valley project)
വിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊപ്പം വ്യവസായ വികസനവും ലക്ഷ്യമിടുന്ന പ്രത്യേക മേഖലയായാണ് നോളജ് വാലി വിഭാവനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ടെക്, ലൈഫ് സയൻസ്, മറൈൻ സയൻസ്, എയ്റോസ്പേസ്, ഐടി, ബയോടെക്നോളജി തുടങ്ങിയ മേഖലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കാൻ ദേശീയ, വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവസരമുണ്ടാകും. ഗവേഷണഫലങ്ങൾ അടിസ്ഥാനമാക്കി വ്യവസായ സംരംഭങ്ങൾ തുടങ്ങാനും അതുവഴി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമാണ് ലക്ഷ്യം.
പദ്ധതിക്കാവശ്യമായ ഭൂമി സർക്കാർ ഏറ്റെടുത്ത് നൽകുകയോ സ്വകാര്യ ഭൂമി ലാൻഡ് പൂളിങ് വഴി ലഭ്യമാക്കുകയോ ചെയ്യും. കിൻഫ്രയുടെ കൈവശമുള്ള ഉപയോഗിക്കാത്ത ഭൂമിയും പരിഗണനയിലുണ്ട്. അനുമതികൾ വേഗത്തിലാക്കാൻ ഏകജാലക സംവിധാനം ഒരുക്കും. സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്ട്രേഷൻ ഫീസ്, കെട്ടിട നികുതി എന്നിവയിലും നിക്ഷേപകർക്ക് ഇളവുകൾ ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക അതോറിറ്റിയും രൂപീകരിക്കും. മുഖ്യമന്ത്രിയായിരിക്കും അധ്യക്ഷൻ. ഉന്നതവിദ്യാഭ്യാസ, ഐടി, വ്യവസായ, കായിക മന്ത്രിമാർ ഉപാധ്യക്ഷന്മാരാകും.
നോളജ് വാലിക്കൊപ്പം സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിനുള്ള ബില്ലിലും മാറ്റങ്ങൾ നിർദേശിച്ചിട്ടുണ്ട്. സർവകലാശാലകളുടെ വിസിറ്ററായി ഉന്നതവിദ്യാഭ്യാസ മന്ത്രിയെ നിയമിക്കും. സ്ഥാപനം തുടങ്ങാൻ ആവശ്യമായ കുറഞ്ഞ ഭൂമി 20 ഏക്കറിൽനിന്ന് 10 ഏക്കറായി കുറയ്ക്കും. 25 കോടി രൂപ ട്രഷറി നിക്ഷേപം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കും. പകരം നിക്ഷേപത്തുക സർക്കാർ നിശ്ചയിക്കും. ആകെ സീറ്റുകളുടെ 25 ശതമാനത്തിൽ കേരളത്തിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് മുൻഗണന നൽകണമെന്നും സംവരണ വ്യവസ്ഥകൾ പാലിക്കണമെന്നും നിർദേശമുണ്ട്.
വിദ്യാർഥികളുടെ വിദേശത്തേക്കുള്ള ഒഴുക്ക് കുറയ്ക്കുകയും കേരളത്തെ വിദ്യാഭ്യാസ-ഗവേഷണ നിക്ഷേപങ്ങളുടെ കേന്ദ്രമാക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ, സ്വകാര്യ നിക്ഷേപങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നതിലൂടെ വിദ്യാഭ്യാസം കച്ചവടവൽക്കരിക്കപ്പെടുമെന്നതടക്കമുള്ള വിമർശനങ്ങളും ഉയരാൻ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് നേട്ടമുണ്ടാക്കാനും പൊതുവിദ്യാഭ്യാസ മേഖലയിൽനിന്ന് സർക്കാർ പിന്മാറാനുമുള്ള നീക്കമാണെന്ന ആരോപണങ്ങളും ചർച്ചയായേക്കും.
Summary: Kerala is set to introduce a Knowledge Valley Bill in the Assembly, aiming to attract foreign universities, research institutions and industries. The proposal also includes changes to private university regulations, land requirements and investment norms.




