ആറ്റുകാൽ പൊങ്കാലയ്ക്ക് മൺചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ; നിലപാട് മയപ്പെടുത്തി തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി; ക്ഷേത്ര ട്രസ്റ്റിന്റെ ശക്തമായ എതിർപ്പിന് പിന്നാലെയാണ് നീക്കം | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് (Attukal Pongala) പരമ്പരാഗത മൺചുടുകട്ടകൾക്ക് പകരം ഇരുമ്പ് അടുപ്പുകൾ ഉപയോഗിക്കണമെന്ന നിർദേശത്തിൽനിന്ന് പിന്മാറാൻ ഒരുങ്ങി ബി.ജെ.പി നേതൃത്വം നൽകുന്ന തിരുവനന്തപുരം കോർപറേഷൻ ഭരണസമിതി. മേയർ വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ച നിർദേശം പുനഃപരിശോധിക്കാനാണ് നീക്കം. ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് ഉൾപ്പെടെ വിവിധ കോണുകളിൽനിന്ന് ശക്തമായ എതിർപ്പുയർന്ന സാഹചര്യത്തിലാണ് തീരുമാനം.
പരിസ്ഥിതി സൗഹൃദമായ പൊങ്കാല ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുമ്പ് അടുപ്പ് എന്ന ആശയം മേയർ മുന്നോട്ടുവച്ചത്. എന്നാൽ, ആചാരപരമായും പ്രായോഗികമായും നിർദേശത്തിനെതിരെ നിരവധി ചോദ്യങ്ങളാണ് ഉയർന്നത്. പൊങ്കാലയുടെ പരമ്പരാഗത രീതിയിൽ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ക്ഷേത്ര ട്രസ്റ്റ്.
ഭക്തർ ഉപയോഗശേഷം ഉപേക്ഷിക്കുന്ന ഇരുമ്പ് അടുപ്പുകൾ എങ്ങനെ ശേഖരിക്കും, സൂക്ഷിക്കും, പുനരുപയോഗിക്കും തുടങ്ങിയ കാര്യങ്ങളിലും വ്യക്തതയില്ല. ഇവ ഉപേക്ഷിക്കപ്പെടുന്നത് നഗരത്തിൽ പുതിയ മാലിന്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. നിർദേശത്തിനെതിരെ രാഷ്ട്രീയ തലത്തിലും വിമർശനമുയർന്നു. ഇതിനു പിന്നിലെ സാമ്പത്തിക താൽപര്യങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു.
അതേസമയം, മൺചുടുകട്ടകളുടെ ഉപയോഗം കുറയ്ക്കുന്നതിലൂടെ പൊങ്കാലയ്ക്കുശേഷമുള്ള മാലിന്യവും പരിസ്ഥിതി ആഘാതവും കുറയ്ക്കാനാകുമെന്ന വാദവും നിലനിൽക്കുന്നുണ്ട്. എന്നാൽ, ആചാരപരമായ വിഷയങ്ങളിൽ ക്ഷേത്ര ട്രസ്റ്റിന്റെയും തന്ത്രിയുടെയും നിലപാടിന് പ്രാധാന്യം നൽകണമെന്ന അഭിപ്രായത്തിനാണ് ഇപ്പോൾ മുൻതൂക്കം.
ഈ സാഹചര്യത്തിൽ ക്ഷേത്ര ട്രസ്റ്റിന്റെ നിലപാടിനൊപ്പം നിൽക്കാനാണ് കോർപറേഷന്റെ ആലോചന. ഇരുമ്പ് അടുപ്പ് നിർദേശം ഉപേക്ഷിച്ച് പൊങ്കാലയുമായി ബന്ധപ്പെട്ട മാലിന്യസംസ്കരണത്തിന് മറ്റ് പരിസ്ഥിതി സൗഹൃദ മാർഗങ്ങൾ കണ്ടെത്തുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം.
Story Summary:
Thiruvananthapuram Corporation is reconsidering its proposal to replace traditional earthen stoves with iron stoves for the Attukal Pongala festival. The move follows strong opposition from the Attukal Temple Trust and concerns over religious practices, waste management and the practical challenges of collecting and reusing iron stoves.




