ചത്തീസ്ഗഢിൽ കത്തോലിക്കാ പള്ളിയിലെ മാതാവിന്റെ രൂപത്തിനുനേരെ തുടർച്ചയായ ആക്രമണം; സുരക്ഷ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകൾ | Chhattisgarh church attack

റായ്പുർ: ചത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിൽ ബംഗ്ലാപാര സേക്രഡ് ഹാർട്ട് കത്തോലിക്കാ പള്ളി വളപ്പിലുള്ള മാതാവിന്റെ രൂപത്തിനുനേരെ തുടർച്ചയായ രണ്ട് ദിവസങ്ങളിൽ ആക്രമണം (Chhattisgarh church attack). ആദ്യദിവസം രൂപം ചവിട്ടിത്തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നാലെ പിറ്റേന്ന് രാത്രി 12.20ഓടെ പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചതായാണ് റിപ്പോർട്ട്.
സംഭവത്തിൽ നാരായൺപുർ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ അന്വേഷണം മന്ദഗതിയിലാണെന്നാണ് ആരോപണം. പള്ളിയിലെ സിസിടിവി ദൃശ്യങ്ങളിൽ മൂന്നുപേരുടെ സാന്നിധ്യം പതിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
2023 ജനുവരി രണ്ടിന് നാരായൺപുരിലെ മറ്റൊരു ക്രൈസ്തവ ദേവാലയം തകർക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ അടുത്തിരിക്കെ ആരാധനാലയങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
രാത്രികാല പട്രോളിങ് വർധിപ്പിക്കണമെന്നും ക്രൈസ്തവ സമൂഹത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ ക്രൈസ്തവ സംഘടനകൾ ജില്ലാ കലക്ടർക്ക് നിവേദനം നൽകി.
Story Summary:
A statue of the Virgin Mary at Sacred Heart Catholic Church in Banglapara, Chhattisgarh’s Narayanpur district, was targeted in attacks on two consecutive days. Christian organisations have submitted a petition to the district collector seeking enhanced security and night patrols ahead of Christmas.




