Skip to content
November 29, 2026
⌕

ഗാസ പരാമർശത്തിൽ തുർക്കി സംവിധായകനെതിരെ ഇസ്രായേൽ നയതന്ത്രജ്ഞൻ; ഇഫി വേദി ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചെന്ന് ആരോപണം: പലസ്തീൻ ജനതയ്ക്ക് ഗാന്ധി മെഡൽ സമർപ്പിച്ച ഫൈസൽ സോയ്സലിന്റെ വാക്കുകൾക്കെതിരെ രൂക്ഷപ്രതികരണവുമായി ഇസ്രായേൽ കോൺസൽ ജനറൽ

November 29, 2026
Share this post to

പനാജി: ഗോവയില്‍ ശനിയാഴ്ച നടന്ന 57-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ (ഇഫി) സമാപന ചടങ്ങില്‍ ഗാസയിലെ സാഹചര്യങ്ങളെക്കുറിച്ച് തുര്‍ക്കി സംവിധായകന്‍ ഫൈസല്‍ സോയ്‌സല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി ഇസ്രായേല്‍ നയതന്ത്രജ്ഞന്‍ രംഗത്ത്. 


നീതിയും സ്വാതന്ത്ര്യവും ആഗോള സമാധാനവും പങ്കുവെക്കാന്‍ മനുഷ്യരാശിയെ തിരികെ വിളിക്കാന്‍ മഹാത്മാഗാന്ധിയെപ്പോലുള്ള നേതാക്കളെയാണ് ഇന്ന് നമുക്ക് ആവശ്യമെന്ന് സോയ്‌സല്‍ തന്റെ സന്ദേശത്തില്‍ പറഞ്ഞിരുന്നു. 


അദ്ദേഹത്തിന്റെ ‘റഹ്‌മ’ എന്ന ചിത്രത്തിന് ഐ.സി.എഫ്.ടി-യുനെസ്‌കോ ഗാന്ധി മെഡല്‍ ലഭിച്ചതിനെത്തുടര്‍ന്ന് അവാര്‍ഡ് പലസ്തീനികള്‍ക്കും, പ്രത്യേകിച്ച് ഗാസയിലെ കുട്ടികള്‍ക്കും സമര്‍പ്പിക്കുകയും മാനുഷിക പ്രതിസന്ധിയില്‍ മൗനം പാലിക്കുന്ന ലോകനേതാക്കളെ വിമര്‍ശിക്കുകയും ചെയ്തതാണ് വിവാദമായത്.

ചടങ്ങില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാതിരുന്ന സോയ്‌സലിന് വേണ്ടി അവാര്‍ഡ് ഏറ്റുവാങ്ങിയ സുഹൃത്തും ഛായാഗ്രാഹകനുമായ എംറേ പെക്കാക്കറാണ് സന്ദേശം വായിച്ചത്.

നല്ലവരായ മനുഷ്യര്‍ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും ഒന്നിച്ചുനിന്നതുകൊണ്ടാണ് ചരിത്രത്തിലുടനീളം ഏറ്റവും ഇരുണ്ട കാലഘട്ടങ്ങളെ മനുഷ്യരാശി അതിജീവിച്ചതെന്ന് സോയ്‌സല്‍ സന്ദേശത്തില്‍ പറഞ്ഞു. 


ഗാസയില്‍ കുട്ടികള്‍ പട്ടിണി കിടന്ന് മരിക്കുകയാണെന്നും ആശുപത്രികള്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയാണെന്നും പറഞ്ഞ അദ്ദേഹം, നമ്മുടെ കണ്‍മുന്നില്‍ വംശഹത്യ അരങ്ങേറുമ്പോള്‍ ഭയവും സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും കാരണം രാഷ്ട്രീയ നേതാക്കള്‍ മൗനം തിരഞ്ഞെടുക്കുകയാണെന്നും എന്നാല്‍ മനഃസാക്ഷിയുള്ള മനുഷ്യര്‍ തെരുവിലിറങ്ങി നിശ്ശബ്ദരാകാന്‍ വിസമ്മതിക്കുകയാണെന്നും കുറ്റപ്പെടുത്തി. 


പലസ്തീനില്‍ നഷ്ടപ്പെട്ട മാനവികതയുടെ പുനര്‍ജന്മത്തെയാണ് ഈ മെഡല്‍ പ്രതിനിധീകരിക്കുന്നതെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്റെ ഈ സന്ദേശത്തിനെതിരെ മിഡ്-വെസ്റ്റ് ഇന്ത്യയിലെ ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇഫി അവാര്‍ഡ് ദാന ചടങ്ങ് ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തില്‍ താന്‍ അങ്ങേയറ്റം വേദനിക്കുന്നുവെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. 

ഇസ്രായേലിനെ വിമര്‍ശിക്കാനും വിയോജിക്കാനുമുള്ള അവകാശത്തെ അംഗീകരിക്കുമ്പോള്‍ തന്നെ, അര്‍മേനിയന്‍ വംശഹത്യ അംഗീകരിക്കാന്‍ തുര്‍ക്കി വിസമ്മതിക്കുന്നതിനെയും ആ രാജ്യത്തെ രാഷ്ട്രീയ പ്രതിപക്ഷത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും മേലുള്ള നിയന്ത്രണങ്ങളെയും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംവിധായകന്റെ പരാമര്‍ശങ്ങളെ ചോദ്യം ചെയ്തത്. 


ഭിന്നത സൃഷ്ടിക്കാനും ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തെ തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്നും റെവാച്ച് ആരോപിച്ചു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം മറ്റൊരു ട്വീറ്റിലൂടെയും അദ്ദേഹം തന്റെ പ്രതിഷേധം ആവര്‍ത്തിച്ചു.


തുര്‍ക്കിയിലെ ഷാന്‍ലിയുര്‍ഫയിലുള്ള പുരാവസ്തു ഗവേഷകയായ മെറിയം എന്ന സ്ത്രീയുടെ കഥയാണ് സോയ്‌സല്‍ സംവിധാനം ചെയ്ത ‘റഹ്‌മ’ പറയുന്നത്. ഗര്‍ഭം ധരിക്കാന്‍ പ്രയാസപ്പെടുന്ന മെറിയത്തിന്റെ ജീവിതം ഒന്‍പത് വയസ്സുള്ള റഹ്‌മ എന്ന സിറിയന്‍ അനാഥബാലികയെ കണ്ടുമുട്ടുന്നതോടെ മാറിമറിയുന്നതും ഇരുവരും തമ്മില്‍ അടുത്ത ആത്മബന്ധം ഉടലെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. 

സൂക്ഷ്മമായ സംവിധാനം, സഹാനുഭൂതി, വൈകാരികമായ കഥപറച്ചില്‍ എന്നിവ പരിഗണിച്ചാണ് ഇഫി ജൂറി ഈ ചിത്രത്തെ ഐ.സി.എഫ്.ടി-യുനെസ്‌കോ ഗാന്ധി മെഡലിനായി തിരഞ്ഞെടുത്തത്. നടി ഡെനിസ് ഇന്‍, ബാലതാരം നഗം ബിരെ എന്നിവരുടെ പ്രകടനങ്ങളെയും ജൂറി പ്രത്യേകം പ്രശംസിച്ചു.


അതേസമയം, മേളയുടെ സമാപന ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മികച്ച ചിത്രങ്ങളെയും കലാകാരന്മാരെയും ആദരിച്ചു. ‘കാന്താര: എ ലെജന്‍ഡ് ചാപ്റ്റര്‍ 1’ എന്ന ചിത്രത്തിലെ അഭിനയത്തിന് റിഷഭ് ഷെട്ടി മികച്ച നടനുള്ള രജതമയൂരം നേടിയപ്പോള്‍, മാനുവേല മാര്‍ട്ടെല്ലി സംവിധാനം ചെയ്ത സ്പാനിഷ് ചിത്രമായ ‘ദി മെല്‍റ്റ്ഡൗണി’ലൂടെ മായ ഒറൂര്‍ക്ക് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. 


‘വിസിറ്റേഷന്‍’ എന്ന ചിത്രത്തിലൂടെ ജര്‍മ്മന്‍ സംവിധായകന്‍ വോള്‍ക്കര്‍ ഷ്‌ലോണ്ടോര്‍ഫ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി.

തിയാഗോ ഗ്വെഡെസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘അക്വി’ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണമയൂരം കരസ്ഥമാക്കി. അര്‍ജന്റീനിയന്‍ ചിത്രമായ ‘ദി റിവര്‍ ട്രെയിന്‍’ പ്രത്യേക ജൂറി പുരസ്‌കാരം നേടിയപ്പോള്‍, സാങ്കേതിക മികവിനും സംഗീതത്തിനും കാന്താര പ്രത്യേക പരാമര്‍ശവും നേടി.

‘അതിരുകളില്ലാത്ത കഥകള്‍’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മേളയുടെ സമാപനത്തില്‍, സിനിമ എപ്പോഴും ഉത്തരങ്ങള്‍ നല്‍കാനുള്ളതല്ലെന്നും ചിലപ്പോള്‍ ചോദ്യങ്ങള്‍ ഉന്നയിക്കാനും സമൂഹത്തിന് നേരെ കണ്ണാടി പിടിക്കാനും ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം നല്‍കാനും നമ്മുടെ പൊതുവായ മാനവികതയെ ഓര്‍മ്മിപ്പിക്കാനും സിനിമയ്ക്ക് കഴിയണമെന്നും ഫെസ്റ്റിവല്‍ ഡയറക്ടര്‍ അശുതോഷ് ഗോവാരിക്കര്‍ പറഞ്ഞു. 

Get more updates from Pudukad News on Google