Skip to content
November 29, 2026
⌕

ഊരാളുങ്കൽ അടക്കം സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കും സംഘങ്ങൾക്കും സ്വകാര്യ സർവകലാശാലകളാകാം. വിവിധ സൊസൈറ്റികൾ കൂട്ടിച്ചേർത്തും സർവകലാശാല രൂപീകരിക്കാം. എ.കെ.ജി, ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രങ്ങൾക്കും യൂണിവേഴ്സിറ്റികളാകാം. നിലവിലെ എയ്ഡഡ്, സ്വാശ്രയ കോളേജുകളെയും സ്വകാര്യ സർവകലാശാലകളുടെ ഭാഗമാക്കാം. പിണറായി സർക്കാർ കൊണ്ടുവന്ന ബിൽ രാഷ്ട്രപതിയിൽ നിന്ന് തിരിച്ചുവാങ്ങി സതീശൻ സർക്കാർ അവതരിപ്പിക്കുന്ന നിയമം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും.

November 29, 2026
Share this post to

തിരുവനന്തപുരം: സതീശൻ സർക്കാർ കൊണ്ടുവരുന്ന സ്വകാര്യ സർവകലാശാലാ ബിൽ നിയമമാവുന്നതോടെ, ഊരാളുങ്കൽ ലേബർ സൊസൈറ്റി പോലുള്ള സൊസൈറ്റികൾക്കടക്കം യൂണിവേഴ്സിറ്റിയായി മാറാൻ വഴിയൊരുങ്ങും.

സഹകരണ സംഘങ്ങൾ, സഹകരണ കൺസോർഷ്യങ്ങൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ, ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്കെല്ലാം സർവകലാശാല തുടങ്ങാമെന്നാണ് ബില്ലിലെ വ്യവസ്ഥ.

 


ഏറ്റവുമധികം സഹകരണ സ്ഥാപനങ്ങളും സംഘങ്ങളുമുള്ളത് സി.പി.എം നിയന്ത്രണത്തിലാണ്. പത്തേക്കർ ഭൂമിയുണ്ടെങ്കിൽ അവർക്കെല്ലാം യൂണിവേഴ്സിറ്റി ആരംഭിക്കാനാവും.


മാത്രമല്ല എ.കെ.ജി, ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രങ്ങളടക്കം സി.പി.എമ്മിന് വേണമെങ്കിൽ സർവകലാശാലകളാക്കാം. കമ്മ്യൂണിസത്തിലും സോഷ്യലിസത്തിലുമടക്കം ആഴത്തിൽ ഗവേഷണത്തിനും പഠനത്തിനും വഴിയൊരുക്കുന്നതായിരിക്കും ഇത്.

പിണറായി സർക്കാർ കൊണ്ടുവന്ന പ്രൈവറ്റ് യൂണിവേഴ്സിറ്റി ബില്ലിനെ കേന്ദ്രസർക്കാർ എതിർത്തിരുന്നു.

25ഏക്കർ ഭൂമിയും 25കോടി നിക്ഷേപവും അടക്കം പ്രായോഗികമല്ലാത്ത ഏറെ നിബന്ധനകൾ ആ ബില്ലിലുണ്ടായിരുന്നു. നിയമസഭ പ്രമേയം പാസാക്കി എൽ.ഡി.എഫ് കാലത്തെ ബിൽ പിൻവലിച്ച ശേഷമാണ് പുതിയ ബിൽ കൊണ്ടുവന്നത്.

നിലവിലെ ബിൽ പ്രകാരം യൂണിവേഴ്സിറ്റിക്ക് 10ഏക്കർ ഭൂമി മതി. മൾട്ടി ക്യാമ്പസാണെങ്കിൽ 20ഏക്കറും. സർക്കാർ അനുമതിയോടെ ഭൂമി ഈടുവച്ച് വായ്പയെടുക്കാം.

നിലവിലെ എയ്ഡഡ് കോളേജുകളുടെ ഭൂമിയും സൗകര്യങ്ങളും സ്വകാര്യസർവകലാശാലയ്ക്കുപയോഗിക്കാം.

ഭൂവിനിയോഗം, അടിസ്ഥാന സൗകര്യങ്ങൾ, ഭവനനിർമ്മാണം, ഗതാഗതം, പാരിസ്ഥിതിക സുരക്ഷാക്രമീകരണങ്ങൾ, ഘട്ടംഘട്ടമായുള്ള വികസനം എന്നിവയ്ക്ക് മാസ്റ്റർപ്ലാനുണ്ടായിരിക്കണം.

 


സർവകലാശാലയ്ക്ക് നിശ്ചിത മൂലധനമുള്ള ഒരു സ്ഥിര എൻഡോവ്മെന്റ് ഫണ്ടുണ്ടായിരിക്കണം. തുക ഓരോ അപേക്ഷയും പരിഗണിച്ച് സർക്കാർ തീരുമാനിക്കും. ഒരു സ്ഥലത്തെങ്കിലും കുറഞ്ഞത് പത്ത് ഏക്കർ വിസ്തൃതിയുള്ള തുടർച്ചയായ ഭൂമി കൈവശമുണ്ടായിരിക്കണം.


 മൾട്ടി-ക്യാമ്പസ് ആണെങ്കിൽ സർവകലാശാലയുടെ ആസ്ഥാനമോ രജിസ്റ്റേർഡ് ഓഫീസോ നിശ്ചയിക്കുന്ന സ്ഥലങ്ങളിൽ 20ഏക്കറുണ്ടാവണം. സ്വകാര്യ സർവകലാശാലയ്ക്ക് ലഭ്യമാക്കിയ ഭൂമി മറ്റാവശ്യത്തിനുപയോഗിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്.

എയ്ഡഡ്, സ്വാശ്രയ കോളേജുകളെ സ്വകാര്യസർവകലാശാലകളുടെ ഭാഗമാക്കാം. ഭൂമിയും അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാം. സർക്കാർ ഇവയ്ക്ക് പ്രോജക്ട് ഫണ്ടുകൾ നൽകും.

 ഗവേഷണത്തിനായി സർക്കാർ ഏജൻസികളുമായി ധാരണാപത്രമൊപ്പിടാം. അതിനായി സാമ്പത്തികസഹായം സ്വീകരിക്കാം.

 


ഏതെങ്കിലും കോളേജിനെയോ സ്ഥാപനത്തെയോ അഫിലിയേറ്റ് ചെയ്യുന്നതിനോ അംഗീകരിക്കുന്നതിനോ അധികാരമില്ല. ഒരു റവന്യൂ സബ് ഡിവിഷനുള്ളിൽ സ്വകാര്യ സർവകലാശാല പ്രവർത്തിക്കുന്ന എല്ലാ സ്ഥലങ്ങളും ഒറ്റ ക്യാമ്പസായി കണക്കാക്കും.


ഹ്യുമാനിറ്റീസ്, സാമൂഹ്യ ശാസ്ത്രം, ശാസ്ത്രം, എൻജിനിയറിംഗ്, ആർക്കിടെക്ചർ, വൈദ്യശാസ്ത്രം, ഡെന്റിസ്ട്രി, നഴ്സിംഗ്, ഫാർമസി, ഫിസിയോതെറാപ്പി, അലൈഡ് ഹെൽത്ത് സയൻസസ്, വിദ്യാഭ്യാസം, നിയമം, കൃഷി, വെറ്റിനറി സയൻസ് സർവകലാശാലകളാവും വരുന്നത്.

സ്വകാര്യ സർവകലാശാല സ്വയം പിരിച്ചുവിടൽ ഉദ്ദേശിക്കുന്നെങ്കിൽ ആറ് മാസം മുമ്പെങ്കിലും സർക്കാരിന് നോട്ടീസ് നൽകണം. ഭൂമി തരംമാറ്റൽ, ഭൂപരിധി, ഭൂമി പതിച്ചുനൽകൽ, ഭൂമിയുടെ രജിസ്ട്രേഷൻ ഫീസുകളിൽ നൽകിയ ഇളവ് പലിശ സഹിതം തിരിച്ചുപിടിക്കും.

അംഗീകാരം റദ്ദാക്കപ്പെട്ടാൽ സർക്കാരിന് സ്വകാര്യ സർവകലാശാലയുടെ നടത്തിപ്പിനായി സ്ഥിര എൻഡോവ്മെന്ററ് ഫണ്ടോ ജനറൽ ഫണ്ടോ വികസന ഫണ്ടോ വിനിയോഗിക്കാം. പോരായ്മകൾ തിരുത്തിയാൽ പുനരംഗീകാരം നൽകാം.


ജീവനക്കാർക്കും അധ്യാപകർക്കുമായി പ്രോവിഡൻ്റ് ഫണ്ടും ആരോഗ്യ ഇൻഷ്വറൻസും ഏർപ്പെടുത്തണം. അക്കാഡമിക് മികവുള്ളവരെ പ്രൊഫസർ എമരിറ്റസ്, പ്രൊഫസർ ഒഫ് പ്രാക്ടീസ് പദവി നൽകി ആദരിക്കാം. ഓണററി ബിരുദങ്ങൾ നൽകാം.


സ്വകാര്യ സർവകലാശാലയിലെ വിദ്യാർഥികളല്ലാത്തവർക്ക് പരിശീലനം നൽകാം. ഇന്ത്യയിലോ വിദേശത്തോ ഉള്ള ഏത് സർവകലാശാലയുമായും ഗവേഷണത്തിലടക്കം സഹകരിക്കാം.

 നിയമപ്രകാരം അംഗീകരിച്ചിട്ടുള്ള എല്ലാ അവകാശങ്ങളും വിദ്യാർത്ഥികൾക്കുണ്ടാവും. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാൻ ഡിപ്പാർട്ട്മെന്റ്, യൂണിവേഴ്സിറ്റി തലത്തിൽ 2സമിതികളുണ്ടാവണം.

ലൈംഗിക പീഡനം, ലിംഗ വിവേചനം എന്നിവ തടയുന്നതിനും അന്വേഷിക്കാനും സമിതികളുണ്ടാവണം. നിയമവിരുദ്ധമായി പ്രവർത്തിച്ചാൽ സർക്കാരിന് അംഗീകാരം റദ്ദാക്കാം. അന്വേഷണത്തിന് ഉത്തരവിടാം.

ഉന്നതവിദ്യാഭ്യാസ മന്ത്രിയാണ് യൂണിവേഴ്സിറ്റികളുടെ വിസിറ്റർ. ബിരുദദാന ചടങ്ങിൽ അധ്യക്ഷനാവാം.ഏതെങ്കിലും രേഖയോ വിവരമോ ചാൻസലറിൽ നിന്ന് വിളിച്ചുവരുത്താം.


നടപടിക്ക് ചാൻസലർക്ക് ശുപാർശ നൽകാം. സ്പോൺസർ നിശ്ചയിക്കുന്നയാളാണ് ചാൻസലർ. വിദ്യാഭ്യാസ വിചക്ഷണനോ ശാസ്ത്രം, സാങ്കേതികവിദ്യ, വൈദ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഹ്യുമാനിറ്റീസ്, സാഹിത്യം, കല, സംസ്കാരം, നിയമം, വ്യവസായം, ബിസിനസ്, പൊതുഭരണം എന്നിവയിൽ വിദഗ്ദ്ധനോ ആവണം.


ചാൻസലറാണ് സ്വകാര്യ സർവകലാശാലയുടെ ചെയർപേഴ്സൺ. യുജിസി യോഗ്യതയുള്ളയാളാവണം വൈസ്ചാൻസലർ. പ്രോ-വൈസ് ചാൻസലറും ചാൻസലറും രജിസ്ട്രാറും ഒഴികെ സ്വകാര്യ സർവകലാശാലയുടെ ഏതൊരു അംഗത്തെയും നിയമിക്കുന്നതിനും സസ്പെൻഡ് ചെയ്യുന്നതിനും പിരിച്ചുവിടുന്നതിനും വിസിക്ക് അധികാരമുണ്ട്. ചൊവ്വാഴ്ച മന്ത്രി റോജി എം ജോൺ നിയമസഭയിൽ ബിൽ അവതരിപ്പിക്കും.

Get more updates from Pudukad News on Google