ഷെയ്ഖ് ഹസീന ഡിസംബർ 16-ന് റോഡ് മാർഗം മടങ്ങും; ബംഗാൾ,ത്രിപുര അതിർത്തികളിൽ കനത്ത സുരക്ഷ; ബംഗ്ലാദേശിൽ വൻ സേനാവിന്യാസം, അറസ്റ്റ് ചെയ്യുമെന്ന് സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ കഴിയുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതുമായി ബന്ധപ്പെട്ട് അതിർത്തി സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കി.
പശ്ചിമബംഗാൾ, ത്രിപുര അതിർത്തികളിലാണ് സുരക്ഷ ശക്തമാക്കിയത്.
ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷാസേനയുടെ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഡിസംബർ 16-ന് ഷെയ്ഖ് ഹസീന ഇന്ത്യയിൽനിന്ന് ബംഗ്ലാദേശിലേക്ക് തിരികെപോകുമെന്നാണ് റിപ്പോർട്ട്.
റോഡ് മാർഗമായിരിക്കും ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് പോവുകയെന്നും റിപ്പോർട്ടുകളിലുണ്ട്.
ഷെയ്ഖ് ഹസീനയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ഏഴ് ജില്ലകളിലാണ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ബോർഡർ ഗാർഡ് ബംഗ്ലാദേശിന്റെ(ബിജിബി) 120 പ്ലാറ്റൂൺ ഏഴ് ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.
ഇതിൽ 56 പ്ലാറ്റൂണും ഹസീനയുടെ സ്വദേശമായ ഗോപാൽഗഞ്ച് ജില്ലയിലാണ്. സാവാർ, അശുലിയ, ധാക്ക, ഗാസിപുർ, നാരായൺഗഞ്ച്, ബാലൂക്ക, മൈമൻസിങ്, ചറ്റോഗ്രാം, കോക്സ് ബസാർ എന്നിവിടങ്ങളിലും സേനാവിന്യാസമുണ്ട്.



