"> Skip to content
Sample Header Banner
October 31, 2026
⌕

നെയ്തൽ 2026,

October 31, 2026
Share this post to
🌐 Select your Language:

Current: മലയാളം


ചാവക്കാട്: ചാവക്കാട് ഖരാന സംഘടിപ്പിക്കുന്ന നെയ്തല്‍ 2026 സാംസ്‌കാരികോത്സവത്തിന്റെ രണ്ടാംദിനം വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക അനുഭവങ്ങളുടെ വേദിയായി. സ്ത്രീയുടെ സ്വത്വവും അതിജീവനവും സാമൂഹിക യാഥാര്‍ഥ്യങ്ങളും രാഷ്ട്രീയ നിലപാടുകളും കവിതയുടെ ഭാഷയില്‍ അവതരിപ്പിച്ച കവിയരങ്ങോടെയാണ് രണ്ടാം ദിനത്തിന് തുടക്കമായത്. സ്ത്രീപ്രാതിനിധ്യം ശ്രദ്ധേയമായ കവിയരങ്ങില്‍ മുപ്പതിലേറെ കവികള്‍ പങ്കെടുത്തു. കവി രാധാകൃഷ്ണന്‍ കാക്കശ്ശേരി കവിയരങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണ കോളേജ് മലയാളം വിഭാഗം അധ്യാപകനും കവിയുമായ ഡോ. ബിജു ബാലകൃഷ്ണന്‍ കവിത അവതരിപ്പിച്ച് ഉദ്ഘാടന ചടങ്ങിന് തുടക്കം കുറിച്ചു. മലയാളം അധ്യാപകന്‍ വി.പി. ബാലന്‍ അധ്യക്ഷനായി. വൈകിട്ട് നടന്ന പ്രഭാഷണ സദസ്സ് നോവലിസ്റ്റ്്് സി.വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഡോ. സൈനുല്‍ ഹുക്ക്മാന്‍ അധ്യക്ഷനായി. കേരളവും ജനാധിപത്യ സമസ്യകളും വിഷയത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. ജനാധിപത്യത്തിന്റെ സാധ്യതകളും പരിമിതികളും കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം വിശകലനം ചെയ്തു. ഐക്യകേരളം, സ്ത്രീ, വര്‍ത്തമാനം വിഷയത്തില്‍ സാഹിത്യകാരി നന്ദിനി മേനോന്‍ പ്രഭാഷണം നടത്തി. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ സ്ത്രീയുടെ ഇടവും ഇടപെടലുകളും സമകാലിക സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളും അവര്‍ അവതരിപ്പിച്ചു. ചാവക്കാട് നഗരസഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. യതീന്ദ്രദാസ്, ഹബ്റൂഷ്, പി.കെ. അന്‍വര്‍, ഷാജിത സലാം, കെ.എ. മോഹന്‍ദാസ്, ടി.സി. കോയ, എ.എച്ച്. അക്ബര്‍, കെ.വി. രവീന്ദ്രന്‍, എം. അബ്ദുള്‍ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് മാപ്പിള കലകളുടെ തനിമയും അറേബ്യന്‍ പാരമ്പര്യത്തിന്റെ ചടുലതയും വിളിച്ചോതികൊണ്ട് അറബനമുട്ട്, അറേബ്യന്‍ സ്റ്റിക് ഡാന്‍സ്, അറേബ്യന്‍ ഷോ ദഫ്, കോല്‍ക്കളി എന്നിവ ഉണ്ടായി. രണ്ടാം ദിവസത്തെ പരിപാടികള്‍ക്ക് സമാപനം കുറിച്ച് മഴ മുഹമ്മദ് അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഗസല്‍ സംഗീത സദസ്സും അരങ്ങേറി.

Get more updates from Pudukad News on Google