കാൻസർ ഇമ്മ്യൂണോളജിസ്റ്റ് ഡോ. ഗിരിജ കുട്ടൻ അന്തരിച്ചു

Current: മലയാളം
തൃശൂർ : പ്രമുഖ കാൻസർ ഇമ്മ്യൂണോളജിസ്റ്റും അമല കാൻസർ റിസർച്ച് സെന്ററിലെ മുൻ പ്രൊഫസറുമായിരുന്ന ഡോ. ഗിരിജ കുട്ടൻ(76) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു അന്ത്യം. ലോകപ്രശസ്തരായ 2% കാൻസർ ഗവേഷകരുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. കാൻസർ ഇമ്മ്യൂണോളജി ഗവേഷണരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞയായിരുന്നു ഡോ. ഗിരിജ കുട്ടൻ.
അമല കാൻസർ റിസർച്ച് സെന്ററിലെ ദീർഘകാലത്തെ ഗവേഷണ-അധ്യാപന പ്രവർത്തനങ്ങൾക്കുശേഷം 2019-ൽ ഔദ്യോഗിക സേവനത്തിൽനിന്ന് വിരമിച്ചു. കാലിക്കറ്റ് സർവകലാശാലയുടെയും മഹാത്മാഗാന്ധി സർവകലാശാലയുടെയും അംഗീകൃത ഗവേഷണ ഗൈഡായി പ്രവർത്തിച്ച. ഇരുപതോളം ഗവേഷകർക്ക് ഡോക്ടറേറ്റ് നേടാൻ മാർഗനിർദേശം നൽകി. കാൻസർ ഇമ്മ്യൂണോളജി ഉൾപ്പെടെയുള്ള ഗവേഷണ മേഖലകളിൽ നിരവധി ദേശീയ-അന്തർദേശീയ ശാസ്ത്രപ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ മികവിന് വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും നേടിയിട്ടുണ്ട്.
ശാസ്ത്രീയമായ കാഴ്ചപ്പാടും ഗവേഷണത്തോടുള്ള അർപ്പണബോധവും വിദ്യാർത്ഥികളെയും യുവഗവേഷകരെയും പ്രോത്സാഹിപ്പിക്കുന്ന സമീപനവും അവരുടെ വ്യക്തിത്വത്തിന്റെ സവിശേഷതകളായിരുന്നു. നിരവധി ഗവേഷകരെ വളർത്തിയെടുക്കുന്നതിലും കാൻസർ ഗവേഷണരംഗത്തിന്റെ പുരോഗതിയിലും അവർ നിർണായക പങ്കുവഹിച്ചു.പ്രശസ്ത ശാസ്ത്രജ്ഞനും കാൻസർ ഗവേഷകനുമായ ഡോ. രാമദാസൻ കുട്ടന്റെ ഭാര്യയാണ്. മകൾ ഡോ. ജീന കുട്ടൻ., മരുമകൻ ഡോ. കൃഷ്ണ കുമാർ.










