"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നിമിഷനേരം കൊണ്ട് ചുറ്റും ഇരുട്ട് പരന്നു. ടൺ കണക്കിന് അവശിഷ്ടങ്ങൾക്കിടയിൽ ചോരവാർന്ന് കിടന്നത് ഒന്നര മണിക്കൂർ. രക്ഷകനായത് മൊബൈലിലെ ലൈവ് ലൊക്കേഷനും എസ്.ഒ.എസും. ഡൽഹി പി.ജി ദുരന്തത്തിന്റെ ഭീതി പങ്കുവെച്ച് രക്ഷപ്പെട്ട വിദ്യാർത്ഥി

September 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

ന്യൂഡൽഹി: “നിമിഷനേരം കൊണ്ടാണ് ചുറ്റും ഇരുട്ട് പരന്നത്. മുകളിൽ ടൺ കണക്കിന് കോൺക്രീറ്റ് അവശിഷ്ടങ്ങൾ പതിച്ചു. ശരീരം അനക്കാൻ പോലുമാകാതെ, ചോരവാർന്ന് മരവിച്ചുപോയ നിമിഷങ്ങൾ…”
ഡൽഹി സത്യനികേതനിലെ പി.ജി ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ വൻ ദുരന്തത്തിൽനിന്ന് മരണത്തെ മുഖാമുഖം കണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ ഞെട്ടൽ പങ്കുവെക്കുകയാണ് ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ ബികോം വിദ്യാർത്ഥിയായ നിതേഷ് ചിബ്.

ഞായറാഴ്ച ഉച്ചയ്ക്ക് ഹോസ്റ്റലിൽ ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു അഞ്ചുനില കെട്ടിടം ഒന്നാകെ നിലംപൊത്തിയത്. നിതേഷും സുഹൃത്തും ഒന്നരമണിക്കൂറോളമാണ് തകർന്നുവീണ കോൺക്രീറ്റ് സ്ലാബുകൾക്കിടയിൽ ജീവനുവേണ്ടി കേണത്.
എന്നാൽ, കൊടും ഭീതിക്കിടയിലും പതറാതെ സുഹൃത്ത് മൊബൈൽ ഫോൺ വഴി പുറത്തുള്ള കൂട്ടുകാർക്ക് കൃത്യമായ ലൈവ് ലൊക്കേഷനും അടിയന്തര എസ്.ഒ.എസ് (SOS) സന്ദേശവും അയച്ചുകൊടുക്കുകയായിരുന്നു.
സുഹൃത്തുക്കൾ ഉടൻ തന്നെ ഈ വിവരം രക്ഷാപ്രവർത്തകർക്ക് കൈമാറി. വിദ്യാർത്ഥികൾ കൃത്യമായി എവിടെയാണ് കുടുങ്ങിക്കിടക്കുന്നതെന്ന് വ്യക്തമായതോടെ ഒന്നര മണിക്കൂർ നീണ്ട അതിസാഹസിക പരിശ്രമത്തിനൊടുവിൽ രക്ഷാസംഘം ഇരുവരെയും ജീവനോടെ പുറത്തെടുക്കുകയായിരുന്നു.
 ഗുരുതരമായി പരിക്കേറ്റ് രക്തസ്രാവമുണ്ടായ ഇരുവരും നിലവിൽ ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

പുറമെ കാണുമ്പോൾ യാതൊരു കേടുപാടുകളോ വിള്ളലുകളോ ഇല്ലാതിരുന്ന കെട്ടിടം പെട്ടെന്ന് തകർന്നുവീഴുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ആശുപത്രി കിടക്കയിൽനിന്ന് നിതേഷ് ഓർത്തെടുക്കുന്നു.
കെട്ടിടത്തിന്റെ അടിത്തറയിൽ (ബേസ്മെന്റ്) ഒരാഴ്ചയായി എന്തോ പണികൾ നടക്കുന്നുണ്ടായിരുന്നുവെന്നും, അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾ താമസിക്കുന്ന ഇത്തരം പി.ജികളിൽ കൃത്യമായ സുരക്ഷാ പരിശോധനകൾ ഉറപ്പുവരുത്താൻ അധികൃതർ തയ്യാറാകണമെന്നും നിതേഷ് പറഞ്ഞു.

ഏഴുപേരുടെ ദാരുണ മരണത്തിനിടയാക്കിയ ഈ പി.ജി ദുരന്തത്തിൽ നിരവധിപേർക്കാണ് പരിക്കേറ്റത്. കെട്ടിടത്തിന്റെ ബലക്ഷയം, അടിത്തറയിൽ നടന്ന അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ, സുരക്ഷാ വീഴ്ചകൾ എന്നിവയെക്കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം തുടരുകയാണ്.
Get more updates from Pudukad News on Google