"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

79,219 കോടിയുടെ വികസന വിപ്ലവവുമായി മുഖ്യമന്ത്രി വിജയ്. തൂത്തുക്കുടി തെർമൽ പ്ലാന്റും പുതിയ നിയമസഭാ സമുച്ചയവുമടക്കം 17 മെഗാ പദ്ധതികൾ. 10.98 ലക്ഷം കോടിയുടെ കടക്കെണിയിലായ സംസ്ഥാനത്ത് കോടികൾ ഒഴുക്കുന്നതിനെതിരെ എടപ്പാടിയും ഡി.എം.കെയും. ടി.വി.കെ സർക്കാരിന്റെ ആദ്യ ബജറ്റിൽ തമിഴകത്ത് വാക്‌പോര്

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

ചെന്നൈ: തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേറിയതിന് പിന്നാലെയുള്ള കന്നി ബജറ്റിലൂടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായി 79,219.06 കോടി രൂപയുടെ വമ്പൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്.
അടിസ്ഥാനസൗകര്യ വികസനം, ഊർജ്ജോത്പാദനം, സാമൂഹിക ക്ഷേമം, കാർഷിക പുരോഗതി എന്നിവ ലക്ഷ്യമിട്ട് ബജറ്റ് സമ്മേളനത്തിൽ 17 സുപ്രധാന പദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്.
എന്നാൽ, ലക്ഷക്കണക്കിന് കോടികളുടെ കടബാധ്യതയിൽ മുങ്ങിനിൽക്കുന്ന സംസ്ഥാനത്തിന് ഈ ധൂർത്ത് താങ്ങാനാകില്ലെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ പാർട്ടികളായ എ.ഐ.എ.ഡി.എം.കെയും ഡി.എം.കെയും രംഗത്തെത്തിയതോടെ തമിഴ്നാട് രാഷ്ട്രീയം ചൂടുപിടിക്കുകയാണ്.

28 ദിവസം നീണ്ടുനിന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിലാണ് സംസ്ഥാനത്തെ വിസ്മയിപ്പിച്ച പദ്ധതികൾ വിജയ് സർക്കാർ പ്രഖ്യാപിച്ചത്. ആകെ പ്രഖ്യാപനങ്ങളിൽ 57,703 കോടി രൂപയും മൂലധന-അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്കായാണ് മാറ്റിവെച്ചിരിക്കുന്നത്.

പ്രധാന പദ്ധതി വിഹിതങ്ങൾ ഇങ്ങനെ:

  • വൈദ്യുതി-ട്രാൻസ്മിഷൻ ശൃംഖല: 33,066 കോടി രൂപ
  • തൂത്തുക്കുടി സൂപ്പർക്രിട്ടിക്കൽ തെർമൽ പവർ പ്ലാന്റ്: 20,800 കോടി രൂപ
  • റോഡ്-അടിസ്ഥാനസൗകര്യ വികസനം: 11,000 കോടി രൂപ
  • നഗര റോഡുകളുടെ പുനരുദ്ധാരണം: 1,850 കോടി രൂപ
  • പുതിയ നിയമസഭാ-സെക്രട്ടേറിയറ്റ് സമുച്ചയം: 1,200 കോടി രൂപ

കടക്കെണിയുടെ നടുവിൽ വൻ ചെലവെന്ന് പ്രതിപക്ഷം

സംസ്ഥാനത്തിന്റെ ധനസ്ഥിതി അതീവ പരിതാപകരമായി തുടരുമ്പോൾ ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ ഖജനാവ് കാലിയാക്കാനാണ് വിജയ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആഞ്ഞടിച്ചു. കണക്കുകൾ പ്രകാരം സംസ്ഥാനത്തിന്റെ ആകെ കുടിശ്ശിക കടം 10.98 ലക്ഷം കോടി രൂപയാണ്.
ഖജനാവിൽ നിലവിൽ 1.21 ലക്ഷം കോടി രൂപയുടെ കടുത്ത കുറവുണ്ട്. ഇതിനുപുറമെ റവന്യൂ കമ്മി 55,775 കോടി രൂപയും മുൻകാല വായ്പകളുടെ പലിശ തിരിച്ചടവ് ബാധ്യത മാത്രം 78,683 കോടി രൂപയുമാണ്. നടപ്പ് സാമ്പത്തിക വർഷം 1.73 ലക്ഷം കോടി രൂപ അധികമായി വായ്പയെടുക്കാനാണ് വിജയ് സർക്കാരിന്റെ നീക്കം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി പ്രയാസകരമാണെങ്കിലും സാമ്പത്തിക വീണ്ടെടുപ്പിന്റെ സൂചനകൾ ദൃശ്യമാണെന്ന് ധനകാര്യ സെക്രട്ടറി എം.എ. സിദ്ദീഖ് വ്യക്തമാക്കി. അധിക വിഭവസമാഹരണത്തിലൂടെ 15,000 കോടി രൂപ സമാഹരിക്കാനായി പ്രത്യേക സാമ്പത്തിക ഉപദേശക സമിതിക്കും സർക്കാർ രൂപം നൽകിയിട്ടുണ്ട്.

എന്നാൽ, സാമ്പത്തിക അച്ചടക്കമോ ഏകീകരണമോ പാലിക്കാതെ തമിഴ്നാടിനെ കടുത്ത കടക്കെണിയിലേക്ക് തള്ളിവിടുകയാണ് വിജയ് സർക്കാരെന്ന് എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി കുറ്റപ്പെടുത്തി.
1,200 കോടി രൂപ മുടക്കി പുതിയ സെക്രട്ടേറിയറ്റും നിയമസഭയും പണിയുന്നത് മുൻഗണനാ ക്രമമില്ലാത്ത ധൂർത്താണെന്നും അദ്ദേഹം ആരോപിച്ചു. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ബജറ്റിൽ നിഷ്കരുണം തഴഞ്ഞുവെന്ന് മുൻ ധനമന്ത്രി തങ്കം തെന്നരസുവും തുറന്നടിച്ചു. 
Get more updates from Pudukad News on Google