"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തിയറ്ററുകളിൽ വെള്ളത്തിനും ഭക്ഷണത്തിനും അമിതവില ഈടാക്കൽ ഇനി അനുവദിക്കില്ല. സൗജന്യ കുടിവെള്ളം നിർബന്ധം; കുട്ടികളുടെ ഭക്ഷണം പുറത്തുനിന്ന് കൊണ്ടുവരുന്നതും തടയരുത്. സുരക്ഷാ പരിശോധനയിൽ മാന്യത വേണം; സ്ത്രീകളുടെ ബാഗ് പരിശോധിക്കുമ്പോൾ പ്രത്യേക ശ്രദ്ധ .അനധികൃത സീറ്റുകൾ നീക്കണം, മാലിന്യം അംഗീകൃത ഏജൻസികൾക്ക് മാത്രം കൈമാറണം 15 ദിവസത്തിനകം നിർദേശങ്ങൾ നടപ്പാക്കണം; വീഴ്ചയുണ്ടെങ്കിൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടി

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: സിനിമ തിയറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്നതും സുരക്ഷ- ശുചിത്വ മാനദണ്ഡങ്ങൾ ലംഘിക്കുന്നതും അനുവദിക്കില്ലെന്ന് കോർപറേഷൻ.


 തിയറ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കർശന നിർദേശങ്ങളുമായി മേയർ വി.വി. രാജേഷ് രംഗത്തെത്തി. നിർദേശങ്ങൾ പാലിക്കാത്ത തീയറ്ററുകൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും മേയർ മുന്നറിയിപ്പ് നൽകി.


തിയറ്ററുകളുടെ പ്രവേശന കവാടങ്ങളിലും ഓരോ ഡോറുകൾക്ക് സമീപവും പൊതുജനങ്ങൾക്ക് സൗജന്യമായി ഉപയോഗിക്കാവുന്ന ശുദ്ധമായ കുടിവെള്ളവും ഗ്ലാസുകളും നിർബന്ധമായും ഒരുക്കണമെന്ന് കഴിഞ്ഞദിവസം ചേർന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ നിർദേശിച്ചു.


ആകാശത്ത് 35,000 അടി ഉയരത്തിൽ പറക്കുന്ന വിമാനങ്ങളിൽ പോലും സൗജന്യമായി കുടിവെള്ളം ലഭിക്കുന്ന സാഹചര്യത്തിൽ തിയറ്ററുകളിൽ വെള്ളത്തിന് അമിതവില ഈടാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭക്ഷണസാധനങ്ങൾക്കും പാനീയങ്ങൾക്കും അമിതവില ഈടാക്കുന്ന വിഷയത്തിൽ നിയമപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും, തിയറ്ററുകളുടെ പ്രവർത്തനാനുമതി, കെട്ടിടസുരക്ഷ, ഫയർ ആൻഡ് സേഫ്റ്റി, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിലെ നഗരസഭയുടെ ലൈസൻസിങ് അധികാരങ്ങൾ കർശനമായി ഉപയോഗിക്കുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.


കുട്ടികൾക്കാവശ്യമായ ഭക്ഷണം പുറത്തുനിന്ന് തീയേറ്ററിലേക്ക് കൊണ്ടുവരുന്നത് തടയരുതെന്നും നഗരസഭ നിർദേശിച്ചു. കുഞ്ഞുങ്ങളുമായി സിനിമ കാണാനെത്തുന്ന കുടുംബങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നിർദേശം.


തീയേറ്ററുകളിൽ സുരക്ഷയുടെ പേരിൽ നടത്തുന്ന പരിശോധനകളിലും മാന്യതയും സുതാര്യതയും ഉറപ്പാക്കണമെന്നും കോർപറേഷൻ നിർദേശിച്ചു. സിനിമ കാണാനെത്തുന്നവരുടെ വ്യക്തിത്വത്തെയും ആത്മാഭിമാനത്തെയും ഹനിക്കുന്ന തരത്തിലുള്ള ബോഡി ചെക്കിങ് അനുവദിക്കില്ല. പ്രത്യേകിച്ച് സ്ത്രീകളുടെ ബാഗുകൾ പരിശോധിക്കുമ്പോൾ മാന്യമായ രീതികൾ പാലിക്കണം.

 പരാതികളിൽ തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കിൽ വിഷയം പൊലീസിന് കൈമാറുമെന്നും ലൈസൻസിംഗ് മാനദണ്ഡങ്ങൾ ലംഘിക്കുന്ന തിയറ്ററുകളുടെ പ്രവർത്തനാനുമതി പുനഃപരിശോധിക്കുമെന്നും മേയർ വ്യക്തമാക്കി.

കെട്ടിടസുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് അധികമായി സ്ഥാപിച്ച സീറ്റുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും തിയറ്റർ ഉടമകൾക്ക് നിർദേശം നൽകി. ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ സ്ഥാപിക്കേണ്ട ഇടങ്ങളിൽ പോലും നിയമവിരുദ്ധമായി സീറ്റുകൾ സ്ഥാപിച്ചിട്ടുള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മേയർ അറിയിച്ചു.


മാലിന്യസംസ്‌കരണത്തിലും കർശന നിയന്ത്രണം ഏർപ്പെടുത്തും. നഗരസഭ അംഗീകരിച്ച മാലിന്യസംസ്‌കരണ ഏജൻസികൾക്ക് മാത്രമേ മാലിന്യം കൈമാറാവൂ. അനധികൃത സംഘങ്ങൾക്ക് മാലിന്യം കൈമാറുന്ന തിയേറ്ററുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോർപറേഷൻ വ്യക്തമാക്കി.

തിയറ്ററുകളിൽ എത്തുന്ന വാഹനങ്ങൾക്ക് കോമ്പൗണ്ടിനുള്ളിൽ തന്നെ മതിയായ പാർക്കിങ് സൗകര്യം ഒരുക്കണമെന്ന് നിർദേശിച്ചു. റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗത തടസമുണ്ടാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്നും നഗരസഭ വ്യക്തമാക്കി. ലഘുഭക്ഷണങ്ങളുടെ വില കുറക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭക്ഷ്യസുരക്ഷ, സിവിൽ സപ്ലൈസ് വകുപ്പുകളുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയങ്ങളിലും കോർപറേഷന് ലഭ്യമായ ലൈസൻസിങ് അധികാരങ്ങൾ ഉപയോഗിച്ച് ജനപക്ഷ നിലപാട് സ്വീകരിക്കാനാണ് തീരുമാനം.

കോർപറേഷൻ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കാൻ തീയറ്റർ ഉടമകൾക്ക് 15 ദിവസത്തെ സമയം അനുവദിച്ചു. സമയപരിധി അവസാനിച്ചതിന് പിന്നാലെ കോർപറേഷൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തും. തുടർന്ന് ഉടമകളുടെ പുനപരിശോധന യോഗം വിളിച്ചുചേർത്ത് നിർദേശങ്ങൾ എത്രത്തോളം നടപ്പാക്കിയെന്ന് വിലയിരുത്തും. നിയമലംഘനം കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെ കർശന നടപടികളിലേക്ക് കടക്കുമെന്നും കോർപറേഷൻ മുന്നറിയിപ്പ് നൽകി.

Get more updates from Pudukad News on Google