"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ: നിസാരമെന്ന് കരുതുന്ന അണുബാധ പോലും ജീവന് ഭീഷണിയാകാം | World Sepsis Day

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

World Sepsis Day

സെപ്റ്റംബർ 13 ലോക സെപ്സിസ് ദിനമായി ആചരിക്കുന്നു (World Sepsis Day). പലപ്പോഴും നമ്മൾ നിസ്സാരമെന്ന് കരുതുന്ന ഒരു അണുബാധ നമ്മുടെ ജീവൻ തന്നെ കവർന്നെടുക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അതാണ് സെപ്സിസ്. ശരീരത്തിലുണ്ടാകുന്ന ഒരു അണുബാധയോട് നമ്മുടെ പ്രതിരോധ സംവിധാനം അമിതമായി പ്രതികരിക്കുകയും, അത് സ്വന്തം അവയവങ്ങളെയും കോശങ്ങളെയും നശിപ്പിക്കാൻ തുടങ്ങുകയും ചെയ്യുന്ന വളരെ അപകടകരമായ അവസ്ഥയാണിത്.

ഒരു സാധാരണ അണുബാധ എങ്ങനെ ജീവന് ഭീഷണിയാകുന്നു?

ചെറിയൊരു മുറിവ്, മൂത്രാശയ അണുബാധ (യുടിഐ), ന്യുമോണിയ, അല്ലെങ്കിൽ വയറിലെ ഇൻഫെക്ഷൻ എന്നിങ്ങനെ പല സാധാരണ അണുബാധയും സെപ്സിസിലേക്ക് നയിക്കാം. അണുബാധ ശരീരത്തിൽ പടരുമ്പോൾ, പ്രതിരോധ സംവിധാനം പുറപ്പെടുവിക്കുന്ന രാസവസ്തുക്കൾ രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കുന്നു. ശരിയായ സമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് രക്തസമ്മർദ്ദം ക്രമാതീതമായി കുറയാനും (സെപ്റ്റിക് ഷോക്ക്), വൃക്ക, കരൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ പ്രധാന അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കാനും കാരണമാകുന്നു.

സെപ്സിസിന്റെ മറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ

സെപ്സിസ് തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും മരണകാരണമാകുന്നത്. ഇതിന്റെ ലക്ഷണങ്ങൾ മറ്റ് സാധാരണ പനികളുടേതിന് സമാനമായതിനാൽ തുടക്കത്തിൽ അവഗണിക്കപ്പെടാൻ സാധ്യതയുണ്ട്. താഴെ പറയുന്ന ലക്ഷണങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക:

• താപനില: അമിതമായ വിറയലും ഉയർന്ന പനിയും, അല്ലെങ്കിൽ ശരീരതാപനില അസാധാരണമായി കുറയുക.

• അണുബാധ: നിലവിൽ എന്തെങ്കിലും അണുബാധയോ മുറിവോ ഉള്ളവരിൽ പെട്ടെന്ന് ലക്ഷണങ്ങൾ വഷളാകുക.

• മാനസികാവസ്ഥയിലെ മാറ്റം: കടുത്ത ആശയക്കുഴപ്പം, സ്ഥലകാലബോധം നഷ്ടപ്പെടുക, അമിതമായ ഉറക്കം അല്ലെങ്കിൽ ബോധക്ഷയം.

• കഠിനമായ അസ്വസ്ഥത: അതികഠിനമായ വേദന, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം, ഹൃദയമിടിപ്പ് വർദ്ധിക്കുക, വിളറിയ അല്ലെങ്കിൽ നീലിച്ച ചർമ്മം.

ബോധവൽക്കരണം എന്ത് കൊണ്ട് അനിവാര്യമാണ്?

ലോകമെമ്പാടും പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളാണ് സെപ്സിസ് ബാധിച്ച് മരിക്കുന്നത്. ഹൃദയാഘാതം അല്ലെങ്കിൽ പക്ഷാഘാതം പോലെ തന്നെ അടിയന്തര ചികിത്സ ആവശ്യമുള്ള ഒരു മെഡിക്കൽ എമർജൻസിയാണ് സെപ്സിസ് എന്ന് ഭൂരിഭാഗം ആളുകൾക്കും അറിയില്ല. ഓരോ മണിക്കൂർ ചികിത്സ വൈകുമ്പോഴും രോഗിയുടെ മരണസാധ്യത വർദ്ധിച്ചുകൊണ്ടിരിക്കും. ലക്ഷണങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പലപ്പോഴും ചികിത്സ വൈകിക്കുന്നത്.

സെപ്സിസിനെ എങ്ങനെ അതിജീവിക്കാം?

നേരത്തെയുള്ള രോഗനിർണ്ണയവും അടിയന്തര ചികിത്സയുമാണ് സെപ്സിസിനെ അതിജീവിക്കാനുള്ള വഴി.

• അടിയന്തര വൈദ്യസഹായം തേടുക: ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ആശുപത്രിയിൽ എത്തിക്കുക. ആദ്യത്തെ മണിക്കൂറുകളിൽ നൽകുന്ന ആന്റിബയോട്ടിക്കുകളും ഐ.വി ഫ്ലൂയിഡുകളും ജീവൻ രക്ഷിക്കാൻ നിർണായകമാണ്.

• പ്രതിരോധം: അണുബാധകൾ വരാതെ നോക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. കൃത്യമായ വാക്സിനേഷനുകൾ എടുക്കുക, വ്യക്തിശുചിത്വം പാലിക്കുക, ചെറിയ മുറിവുകൾ പോലും കൃത്യമായി വൃത്തിയാക്കി സൂക്ഷിക്കുക. പ്രമേഹം പോലുള്ള അസുഖങ്ങളുള്ളവരും പ്രായമായവരും കൂടുതൽ ജാഗ്രത പാലിക്കണം.

സെപ്സിസ് ഒരു നിശബ്ദ കൊലയാളിയാകാം, പക്ഷേ നാം ജാഗ്രത പാലിച്ചാൽ അതിനെ തോൽപ്പിക്കാൻ കഴിയും. ഈ ലോക സെപ്സിസ് ദിനത്തിൽ, സെപ്സിസിന്റെ ലക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരാകാം, അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കാം. ഓർക്കുക, സമയത്തിന് ഒരു ജീവന്റെ വിലയുണ്ട്.

Story Summary: World Sepsis Day is observed on September 13 to raise awareness about sepsis, a life-threatening condition caused by an extreme response to infection. Early recognition and urgent medical treatment can significantly improve the chances of survival.

തയ്യാറാക്കിയത്: ഡോ. (മേജർ) നിമിത കെ. മോഹൻ, കൺസൾട്ടൻ്റ് – ക്ലിനിക്കൽ മൈക്രോബയോളജി & ഇൻഫെക്ഷൻ കൺട്രോൾ, ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി.

 

Get more updates from Pudukad News on Google