"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ആതിഥേയരായ ചൈനയെ അവരുടെ തട്ടകത്തിൽ മുട്ടുകുത്തിച്ച് ഇന്ത്യ. എഎച്ച്എഫ് വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം ഇന്ത്യക്ക്. ഹാട്രിക് കിരീട നേട്ടത്തോടെ ജൂനിയർ ലോകകപ്പിന് യോഗ്യത. വിജയഗോൾ നേടിയത് സനിക ചന്ദ്രകാന്ത് മാനെ. ഇന്ത്യൻ താരങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ച് ഹോക്കി ഇന്ത്യ

September 13, 2026
Share this post to
🌐 Select your Language:

Current: മലയാളം

മോഖി: ചൈനീസ് മണ്ണിൽ വിജയക്കൊടി പാറിച്ച് ഇന്ത്യൻ പെൺപട. എഎച്ച്എഫ് വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ കരുത്തരായ ആതിഥേയരായ ചൈനയെ മറുപടിയില്ലാത്ത ഒരു ഗോളിന് (1-0) തകർത്ത് ഇന്ത്യ ചാമ്പ്യന്മാരായി. 

വനിതാ ജൂനിയർ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തുടർച്ചയായ മൂന്നാം കിരീടനേട്ടമാണിത്. ഈ ചരിത്രവിജയത്തോടെ വരാനിരിക്കുന്ന ജൂനിയർ വനിതാ ഹോക്കി ലോകകപ്പിനുള്ള നേരിട്ടുള്ള യോഗ്യതയും ഇന്ത്യ ഉറപ്പിച്ചു.

ആദ്യ ക്വാർട്ടറിൽ ആതിഥേയരായ ചൈന കളംനിറഞ്ഞ് കളിച്ച് മത്സരത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തെങ്കിലും ഇന്ത്യയുടെ പ്രതിരോധനിര കോട്ടപോലെ ഉറച്ചുനിന്നു. തുടർന്ന് രണ്ടാം ക്വാർട്ടർ ആരംഭിച്ച് രണ്ട് മിനിറ്റായപ്പോൾ, അതായത് മത്സരത്തിന്റെ പതിനേഴാം മിനിറ്റിൽ ഇന്ത്യ കാത്തിരുന്ന സുവർണ്ണ നിമിഷമെത്തി. 

ചൈനീസ് പെനാൽറ്റി സർക്കിളിലേക്ക് നീട്ടി നൽകിയ ഒരു കിടിലൻ സ്ലാപ്പ്-പുഷ് പന്ത് ചൈനീസ് ഗോൾകീപ്പർ ഷു മെങ്ജിയോയെ സമർത്ഥമായി കബളിപ്പിച്ച് ഇന്ത്യയുടെ സനിക ചന്ദ്രകാന്ത് മാനെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. 

ഈ ഏക ഗോൾ ലീഡ് മത്സരാവസാനം വരെ കാത്തുസൂക്ഷിക്കാൻ ഇന്ത്യൻ പ്രതിരോധത്തിന് കഴിഞ്ഞു. ടൂർണമെന്റിലുടനീളം ഒരു തോൽവി പോലും വഴങ്ങാതെയാണ് ഇന്ത്യ കിരീടത്തിലേക്ക് കുതിച്ചെത്തിയത്.

ചരിത്ര വിജയം സമ്മാനിച്ച ഇന്ത്യൻ ജൂനിയർ ടീമിലെ ഓരോ കളിക്കാർക്കും മൂന്ന് ലക്ഷം രൂപ വീതവും, ടീമിന്റെ സപ്പോർട്ട് സ്റ്റാഫ് അംഗങ്ങൾക്ക് ഒന്നര ലക്ഷം രൂപ (1.5 ലക്ഷം) വീതവും ഹോക്കി ഇന്ത്യ ക്യാഷ് അവാർഡ് പ്രഖ്യാപിച്ചു.

Get more updates from Pudukad News on Google