തമിഴ്നാട് ഉപതിരഞ്ഞെടുപ്പ്; ടിവികെയ്ക്ക് തിരിച്ചടി, ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇടത് പാർട്ടികൾ | Tamil Nadu By Election
Current: മലയാളം

ചെന്നൈ: തമിഴ്നാട്ടിലെ ഉപതിരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകത്തിന് (Tamil Nadu By Election) തിരിച്ചടി. ഭരണത്തെ പുറത്തുനിന്ന് പിന്തുണയ്ക്കുന്ന ഇടത് പാർട്ടികൾ ഉപതിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ടിവികെ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐഎമ്മും സിപിഐയും സ്വന്തം സ്ഥാനാർഥികളെ മത്സരിപ്പിക്കാനുള്ള തീരുമാനം അറിയിച്ചത്.
തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മധുരാന്തകത്ത് സിപിഐഎമ്മും ധാരാപുരത്ത് സിപിഐയും മത്സരിക്കും. സ്ഥാനാർഥികളെ സെപ്റ്റംബർ 15ന് പ്രഖ്യാപിക്കുമെന്ന് ഇടത് പാർട്ടി നേതാക്കൾ അറിയിച്ചു.
ടിവികെയുമായി സഖ്യമുണ്ടാക്കില്ലെന്നും പുറത്തുനിന്നുള്ള പിന്തുണ മാത്രമായിരിക്കും നൽകുകയെന്നും ഇടത് പാർട്ടികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷത്തേക്ക് ടിവികെ സർക്കാരിനെ പിന്തുണയ്ക്കുമെന്ന കാര്യത്തിലും ഉറപ്പ് നൽകാനാകില്ലെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചെന്നൈ പട്ടണപ്പാക്കത്ത് പുതിയ സെക്രട്ടേറിയറ്റ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയും ഇടത് പാർട്ടികൾ നേരത്തെ നേരിട്ട് പ്രതിഷേധിച്ചിരുന്നു.
അതേസമയം, ടിവികെ നേതൃത്വം നൽകുന്ന സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസിന്റെ സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അണ്ണാ ഡിഎംകെയിൽ നിന്ന് രാജിവെച്ചെത്തിയവർക്കാണ് ടിവികെ ടിക്കറ്റ് നൽകിയത്.
മധുരാന്തകത്ത് മരകതം കുമരവേലും ധാരാപുരത്ത് പി. സത്യഭാമയുമാണ് ടിവികെ സ്ഥാനാർഥികൾ. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെ സ്ഥാനാർഥികളായി മത്സരിച്ച് വിജയിച്ച ഇരുവരും പിന്നീട് രാജിവച്ചതോടെയാണ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയും ഇരു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Story Summary:
The Left parties supporting the Tamil Nadu government from outside have decided to contest the upcoming by-elections independently, dealing a setback to TVK. CPI(M) will contest Madurantakam and CPI will contest Dharapuram, with candidates to be announced on September 15.




