ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള വാണിജ്യ കപ്പലിന് നേരെ ആക്രമണം; ഇന്ത്യ ശക്തമായി അപലപിച്ചു, 14 ഇന്ത്യക്കാരിൽ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തെരച്ചിൽ തുടരുന്നു, സംഘർഷം ലഘൂകരിച്ച് നയതന്ത്ര ചർച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യ
Current: മലയാളം

ന്യൂഡൽഹി: ഒമാൻ തീരത്ത് വാണിജ്യ കപ്പലായ ‘എം.ടി എൽ ഗയ്യക്ക് നേരെയുണ്ടായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു.
കപ്പലിലുണ്ടായിരുന്ന 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും കാണാതായ ഒരു ഇന്ത്യക്കാരനായി തെരച്ചിൽ തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഞായറാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഒമാൻ തീരത്തുണ്ടായ ആക്രമണത്തെ അപലപിച്ചത്. ഒമാനിലെ ഇന്ത്യൻ എംബസി സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും, ഒമാൻ അധികൃതരുമായി ചേർന്ന് തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താൻ നൽകിയ പിന്തുണക്ക് ഒമാൻ സർക്കാറിനോട് ഇന്ത്യ നന്ദി അറിയിച്ചു. മേഖലയിലെ വർധിച്ചുവരുന്ന സംഘർഷങ്ങൾ ഉടൻ ലഘൂകരിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട കക്ഷികൾ ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര ജലപാതകളിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതവും വാണിജ്യവും എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും, വാണിജ്യ കപ്പലുകൾ, നാവികർ, സാധാരണക്കാർ എന്നിവർക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും ഇന്ത്യ വ്യക്തമാക്കി.




