കർണാടക-ആന്ധ്ര അതിർത്തിയിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന് സംശയം; കർഷകനോട് 5 ലക്ഷം ആവശ്യപ്പെട്ട് കത്ത്, പൊലീസ് തിരച്ചിൽ ശക്തമാക്കി | Tumakuru Maoist threat letter
Current: മലയാളം

ബെംഗളൂരു: കർണാടക-ആന്ധ്രാപ്രദേശ് അതിർത്തിയിലെ മലയോര മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കി (Tumakuru Maoist threat letter). തുംകൂരു ജില്ലയിലെ പാവഗഡ താലൂക്കിൽ കർഷകനോട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചത്. കനികലബണ്ടെ പ്രദേശത്തെ കർഷകനാണ് തെലുങ്കിൽ എഴുതിയ കത്ത് ലഭിച്ചത്. അഞ്ച് ലക്ഷം രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ ബോർവെൽ മോട്ടോറിൽ ബോംബ് സ്ഥാപിച്ച് കൊല്ലുമെന്നുമായിരുന്നു കത്തിലെ ഭീഷണിയെന്നാണ് പൊലീസ് പറയുന്നത്. കത്ത് പൊലീസിന് കൈമാറിയതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മാവോയിസ്റ്റ് നേതാവെന്ന് പറയപ്പെടുന്ന ഉപ്പാര വെങ്കടേഷിന്റെ പേരാണ് കത്തിൽ ഉണ്ടായിരുന്നതെന്ന് കണ്ടെത്തി.
സംഭവത്തിന് പിന്നാലെ കനികലബണ്ടെയും സമീപത്തെ കുന്നിൻപ്രദേശങ്ങളും പൊലീസ് നിരീക്ഷണത്തിലാക്കി. അഞ്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് 120-ലേറെ പൊലീസുകാരാണ് തിരച്ചിൽ നടത്തുന്നത്. തുംകൂരു അഡീഷണൽ എസ്.പി ഗോപാൽ, മധുഗിരി ഡിവൈ.എസ്.പി മഞ്ജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. എ.കെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളുമായി പത്തിലേറെ വാഹനങ്ങളിലെത്തിയ പൊലീസ് സംഘം ദുർഘടമായ മലമ്പാതകളിലൂടെയും കുറ്റിക്കാടുകൾ നിറഞ്ഞ പ്രദേശങ്ങളിലൂടെയും പരിശോധന നടത്തി. എന്നാൽ ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. ഒളിച്ചിരിക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് ഡ്രോൺ ക്യാമറകളും തിരച്ചിലിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
പാലവല്ലി, കഡപലകെരെ, വീരമ്മനഹള്ളി, ഗംഗാസാഗര, അച്ചമ്മനഹള്ളി, ഈരമ്മനഹള്ളി തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ 12 കിലോമീറ്റർ ചുറ്റളവിലെ മലനിരകളും പാറക്കെട്ടുകളും ഡ്രോൺ ഉപയോഗിച്ച് പരിശോധിച്ചു. ഉപ്പാര വെങ്കടേഷിനെ കണ്ടെത്തുന്നതുവരെ പ്രദേശത്ത് ക്യാംപ് ചെയ്ത് പരിശോധന തുടരാനാണ് പൊലീസ് തീരുമാനം.
Summary: Police have intensified a search in Karnataka’s Tumakuru district following a reported Maoist threat letter demanding ₹5 lakh from a farmer. The letter allegedly threatened to bomb a borewell motor if the money was not paid, prompting a large-scale search involving police teams and drones.




