"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

തൃക്കാക്കര മോർഫിംഗ് കേസിൽ കുരുക്ക് മുറുകുന്നു. ടെലഗ്രാം ഗ്രൂപ്പ് അംഗങ്ങൾക്കെതിരെയും പോക്സോ. കുട്ടികളുടെ നഗ്നദൃശ്യങ്ങൾ വിറ്റത് ക്യു.ആർ കോഡ് വഴി പണം വാങ്ങിയെന്ന് കണ്ടെത്തൽ. ഐ.പി അഡ്രസുകളും അംഗങ്ങളുടെ വിവരങ്ങളും പോലീസിന് ലഭിച്ചു. 4 ഗ്രൂപ്പുകളുടെ വിവരങ്ങൾ തേടി ടെലഗ്രാമിന് വീണ്ടും കത്ത്

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: കേരളക്കരയെ നടുക്കിയ തൃക്കാക്കര മോർഫിംഗ് കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. സ്ത്രീകളുടെയും കുട്ടികളുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളിൽ അംഗങ്ങളായിരുന്ന മുഴുവൻ ആളുകൾക്കെതിരെയും പോക്സോ (POCSO) വകുപ്പുകൾ ചുമത്തി കേസെടുക്കാൻ തീരുമാനം. 

ഗ്രൂപ്പുകളിൽ കുട്ടികളുടെയടക്കം നഗ്നദൃശ്യങ്ങൾ വലിയ തോതിൽ പങ്കുവെച്ചതായി കണ്ടെത്തിയതിനാലാണ് അംഗങ്ങളെക്കൂടി പ്രതിചേർക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി.

കേസിൽ നേരത്തെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായ വി.എസ്. ശ്രീഹരി, സനീഷ് എന്നീ മുഖ്യപ്രതികൾക്കെതിരെ പോലീസ് ഇതിനകം പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. 

ചൈൽഡ് പോണോഗ്രാഫി അടക്കമുള്ള ലൈംഗിക വൈകൃത ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പണം വാങ്ങി വിതരണം ചെയ്യുകയും ചെയ്ത ശൃംഖലകൾക്കെതിരെയാണ് കടുത്ത നടപടി.

അന്വേഷണത്തിൽ നിർണ്ണായക ഡിജിറ്റൽ തെളിവുകൾ പോലീസിന് ലഭിച്ചതായി കമ്മീഷണർ അറിയിച്ചു. മോർഫ് ചെയ്ത ദൃശ്യങ്ങൾ കൈമാറിയ പ്രീമിയം ഗ്രൂപ്പുകളുടെ ഐ.പി അഡ്രസുകളും ചാറ്റ് ഹിസ്റ്ററി അടക്കമുള്ള പൂർണ്ണ ഡാറ്റകളും സൈബർ പോലീസിന് ലഭിച്ചുകഴിഞ്ഞു.

ഗ്രൂപ്പുകളിൽ സജീവമായിരുന്ന പ്രധാന അംഗങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്; ഇവർക്കെതിരെ വരുംദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുണ്ടാകും. ദുരൂഹമായ നാല് അനുബന്ധ ഗ്രൂപ്പുകളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് പോലീസ് ടെലഗ്രാമിന് വീണ്ടും കത്തയച്ചു.

നേരത്തെ ഒരു ഗ്രൂപ്പിന്റെ വിവരങ്ങൾ തേടി നൽകിയ കത്തിന് മറുപടിയായി ടെലഗ്രാം കൈമാറിയ നിർണ്ണായക രേഖകളിൽ ജാർഖണ്ഡിൽ നിന്നുള്ള ഫോൺ നമ്പറുകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയിട്ടുണ്ട്. ‘മല്ലു പ്രീമിയം’ എന്ന രഹസ്യ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രതിയായ സനീഷ് വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയിരുന്നത്. 

സ്വന്തം പേഴ്സണൽ യു.പി.ഐ ക്യു.ആർ കോഡ് ഗ്രൂപ്പിൽ നൽകി ഓരോ ഉപഭോക്താവിൽ നിന്നും പണം നേരിട്ട് ഈടാക്കിയ ശേഷമാണ് ഇയാൾ മോർഫ് ചെയ്ത ദൃശ്യങ്ങൾ നൽകിയിരുന്നതെന്നും പോലീസ് കണ്ടെത്തി. കേസിൽ അന്തർസംസ്ഥാന ബന്ധങ്ങളിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് സൈബർ പോലീസ് സംഘം.

Get more updates from Pudukad News on Google