സി.പി.എം – ബി.ജെ.പി ഡീൽ ആരോപണം തടയാനായില്ല. തൊഴിലാളി വർഗ്ഗ അടിത്തറ പോലും ഒലിച്ചുപോയി. വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധതയിലും യോഗി ആദിത്യനാഥിന്റെ സന്ദേശത്തിലും മൃദുസമീപനം കാട്ടിയത് വിനയായി. സി.പി.ഐയെ തഴഞ്ഞ് പി.എം ശ്രീ ഒപ്പിട്ടത് തെറ്റായ പ്രതീതിയുണ്ടാക്കി. ബി.ജെ.പിയുടെ 3 സീറ്റ് വിജയം നിസ്സാരമല്ല. നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ അക്കമിട്ട് സ്വയംവിമർശനവുമായി സി.പി.എം വിപുലീകൃത സംസ്ഥാന സമിതി റിപ്പോർട്ട്
Current: മലയാളം

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ യഥാർത്ഥ കാരണങ്ങൾ അക്കമിട്ടു നിരത്തി സ്വയംവിമർശനവുമായി സി.പി.എം വിപുലീകൃത സംസ്ഥാന സമിതി റിപ്പോർട്ട്.
സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന എതിരാളികളുടെ ആസൂത്രിത പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ ദയനീയ പതനത്തിന് പ്രധാന കാരണമായെന്ന് റിപ്പോർട്ട് തുറന്നുസമ്മതിക്കുന്നു.
പാർട്ടിക്ക് പരമ്പരാഗതമായി ഉറച്ചുനിന്നിരുന്ന തൊഴിലാളികളും കർഷകത്തൊഴിലാളികളും അടങ്ങുന്ന അടിസ്ഥാന വർഗ്ഗം പോലും ഇത്തവണ ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യമാണ് പാർട്ടി രേഖ ചൂണ്ടിക്കാട്ടുന്നത്.
നഷ്ടപ്പെട്ട ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ പ്രത്യേക കർമ്മപരിപാടി അടിയന്തരമായി ആസൂത്രണം ചെയ്യണമെന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു. ബി.ജെ.പിയുമായുള്ള അവിശുദ്ധ ബാന്ധവമെന്ന ആരോപണം കോൺഗ്രസ് ശക്തമായി ജനങ്ങളിലെത്തിച്ചപ്പോൾ, മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായ പ്രചാരണം താഴേത്തട്ടിൽ അഴിച്ചുവിട്ടു.
എസ്.ഐ.ആർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ദുഷ്പ്രചാരണങ്ങൾ കൂടിയായപ്പോൾ ക്രൈസ്തവ ന്യൂനപക്ഷങ്ങളിലെ ഒരു വലിയ വിഭാഗം എൽ.ഡി.എഫിൽ നിന്ന് പൂർണ്ണമായി അകന്നുപോകുന്ന സാഹചര്യമുണ്ടായി.
ആഗോള അയ്യപ്പസംഗമത്തിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പാർട്ടിക്ക് കനത്ത ആഘാതമായി. മൃദുഹിന്ദുത്വ സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന തെറ്റായ പ്രതീതി പൊതുസമൂഹത്തിൽ സൃഷ്ടിക്കാൻ ഇത് ഇടയാക്കി.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ നടത്തിയപ്പോൾ പാർട്ടി നേതൃത്വം കൃത്യസമയത്ത് ശക്തമായി പ്രതികരിക്കാത്തതും, ചില നേതാക്കളുടെ അനാവശ്യ പ്രസ്താവനകളും ജനങ്ങളെ കൂടുതൽ അകറ്റി.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയെപ്പോലും വിശ്വാസത്തിലെടുക്കാതെ കേന്ദ്രത്തിന്റെ ‘പി.എം ശ്രീ’ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പിട്ടത് ബി.ജെ.പി – സി.പി.എം അവിഹിത അന്തർധാരയുണ്ടെന്ന ആരോപണത്തിന് വലിയ ബലം നൽകി.
കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ആർ.എസ്.എസിനെയും ബി.ജെ.പിയെയും ആശയപരമായും സംഘടനാപരമായും പ്രതിരോധിക്കാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ താഴേത്തട്ടിൽ നടപ്പിലാക്കുന്നതിൽ കടുത്ത സംഘടനാ വീഴ്ച സംഭവിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയം കൈവരിച്ചത് നിസ്സാരമായി കാണാനാകില്ലെന്നും അത് ഭാവി രാഷ്ട്രീയത്തിന് വലിയ അപകട സൂചനയാണെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
വോട്ട് ചോർച്ച തടയാൻ കഴിയാതിരുന്നതും, ‘ഡീൽ’ രാഷ്ട്രീയമെന്ന വ്യാജപ്രതീതിയെ സമയബന്ധിതമായി തുറന്നുകാട്ടാൻ സാധിക്കാതിരുന്നതും വലിയ വീഴ്ചയാണെന്ന് സമ്മതിച്ച സി.പി.എം, സമഗ്രമായ തെറ്റുതിരുത്തലിലൂടെ മാത്രമേ ജനവിശ്വാസം വീണ്ടെടുക്കാനാകൂ എന്ന് വ്യക്തമാക്കുന്നു.




