"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകില്ല; ഭരണഘടനാ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വഴങ്ങില്ലെന്ന് പിഎസ്‌സി | Kerala PSC

September 14, 2026
Share this post to
🌐 Select your Language:

Current: മലയാളം

PSC exam irregularities

തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയെയും അംഗങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള നീക്കങ്ങൾക്ക് വഴങ്ങില്ലെന്ന് പിഎസ്‌സി യോഗത്തിൽ തീരുമാനം (Kerala PSC). ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലെ പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പിഎസ്‌സി അംഗങ്ങളെ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് യോഗത്തിന്റെ വിലയിരുത്തൽ.

ഇക്കാര്യത്തിൽ പിഎസ്‌സിക്ക് നിയമോപദേശവും ലഭിച്ചിട്ടുണ്ട്. മൊഴി നൽകുന്നതിനായി ക്രൈംബ്രാഞ്ച് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി ഓഫീസിലെത്തി ആവശ്യമായ വിവരങ്ങൾ ശേഖരിക്കാമെന്നും അറിയിക്കാനാണ് തീരുമാനം.

കേസിൽ പ്രതിചേർക്കാത്ത ഭരണഘടനാ പദവിയിലുള്ള അംഗങ്ങളെ പൊലീസ് ഓഫീസിലേക്ക് വിളിച്ചുവരുത്തുന്നത് പൊലീസ് മാന്വലിലെയും നിലവിലുള്ള പ്രോട്ടോകോളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നാണ് പിഎസ്‌സിയുടെ നിലപാട്. അന്വേഷണവുമായി സഹകരിക്കാമെന്ന് പിഎസ്‌സി സെക്രട്ടറി നേരത്തെ തന്നെ അറിയിച്ചിട്ടുണ്ടെന്നും യോഗം ചൂണ്ടിക്കാട്ടി.

അതേസമയം, പിഎസ്‌സിക്ക് പ്രത്യേക ഇളവുകളൊന്നും അനുവദിക്കില്ലെന്ന തരത്തിൽ ചിലർ മാധ്യമങ്ങളിൽ വാർത്തകൾ നൽകിയത് ഭരണഘടനാ സ്ഥാപനത്തെ അപമാനിക്കാനും അതിന്റെ വിശ്വാസ്യത തകർക്കാനുമുള്ള ശ്രമമാണെന്നും യോഗം വിലയിരുത്തി.

ചെയർമാനെയും അംഗങ്ങളെയും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാനുള്ള ബോധപൂർവമായ നീക്കമാണ് ഇതിന് പിന്നിലെന്നും പിഎസ്‌സി യോഗം അഭിപ്രായപ്പെട്ടു.

Story Summary:
The Kerala PSC has decided that its constitutional office-bearers will not appear directly at the Crime Branch office for questioning in the Planning Board Chief post examination evaluation probe. The PSC said investigators can visit its office to collect the required information, citing legal advice and protocol concerns.

Get more updates from Pudukad News on Google