"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ട്രംപിന്റെ സന്ദര്‍ശനം നിറയെ അസാധാരണ മുഹൂര്‍ത്തങ്ങള്‍,ഗോള്‍ഫ് കോഴ്സില്‍ സ്ത്രീകളുടെ അതിക്രമിച്ചുകയറ്റം

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡബ്ലിന്‍: ഐറിഷ് ഐക്യത്തെ പിന്തുണച്ചുള്ള അപ്രതീക്ഷിത പ്രഖ്യാപനം, ഗോള്‍ഫ് മത്സരം നിര്‍ത്തിവച്ച പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍, മാധ്യമപ്രവര്‍ത്തകയെ ഷിനേഡ് ഒ’കോണറോട് ഉപമിച്ചുള്ള സംഭാഷണം, ഐറിഷ് വിസ്‌കിക്ക് തീരുവയിളവ്, രണ്ടുദിവസത്തെ അയര്‍ലണ്ട് സന്ദര്‍ശനത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാര്‍ത്ത സൃഷ്ടിച്ചത് ഔദ്യോഗിക ചര്‍ച്ചകളിലൂടെ മാത്രമായിരുന്നില്ല. ഇതിനിടെയാണ് അദ്ദേഹത്തിന്റെ ഡൂണ്‍ബെഗ് ഗോള്‍ഫ് കോഴ്സില്‍ നടന്ന നിയമലംഘനങ്ങളുടെ പേരില്‍ മൂന്നു സ്ത്രീകള്‍ അറസ്റ്റിലായത്.

വെള്ളിയാഴ്ച വൈകിട്ട് ഗോള്‍ഫ് കോഴ്സില്‍ അതിക്രമിച്ചുകയറിയെന്നാരോപിച്ച് ഇരുപതുകാരിയെ ആദ്യം അറസ്റ്റ് ചെയ്തു. ശനിയാഴ്ച കോഴ്സിനുള്ളിലുണ്ടായ പൊതുക്രമലംഘനങ്ങളുമായി ബന്ധപ്പെട്ട് മുപ്പതും നാല്പതും വയസ്സുള്ള രണ്ടു സ്ത്രീകളെയും ഗാര്‍ഡ കസ്റ്റഡിയിലെടുത്തു. മൂവരെയും ശനിയാഴ്ച വൈകിട്ട് എന്നിസ് ജില്ലാ കോടതിയുടെ പ്രത്യേക സിറ്റിങ്ങില്‍ ഹാജരാക്കി. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മറ്റാരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഗാര്‍ഡ അറിയിച്ചു. അതേസമയം, നല്‍കിയ വിവരങ്ങളനുസരിച്ച് മൂവരും അതിക്രമിച്ചുകയറിയതല്ല; ഒരാള്‍ക്കെതിരെ അതിക്രമിച്ചുകയറ്റത്തിനും മറ്റു രണ്ടുപേര്‍ക്കെതിരെ പബ്ലിക് ഓര്‍ഡര്‍ ലംഘനത്തിനുമാണ് നടപടി.

വരവും ശ്രദ്ധേയമായി

ട്രംപിന്റെ വരവിനായി ഡൂണ്‍ബെഗ് ഗോള്‍ഫ് കോഴ്സിലെ മൂന്നാം ‘ടീ’ക്ക് സമീപം പ്രത്യേകം ബലപ്പെടുത്തിയ ഹെലിപാഡ് നിര്‍മിച്ചിരുന്നു. പ്രസിഡന്റിനെയും വഹിച്ചുള്ള ‘മറീന്‍ വണ്‍’ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ഐറിഷ് ഓപ്പണ്‍ ഗോള്‍ഫ് മത്സരം താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. അമേരിക്കന്‍ ചിനൂക്ക് ഹെലികോപ്റ്ററുകള്‍ ദിവസങ്ങള്‍ക്കുമുമ്പുതന്നെ പശ്ചിമ ക്ലെയറിനു മുകളിലൂടെ പരിശീലനപ്പറക്കലുകള്‍ നടത്തിയിരുന്നു. പ്രസിഡന്റിന്റെ നാടകീയമായ ആകാശവരവ് അസാധാരണമായ അനുഭവമായിരുന്നുവെന്നാണ് താരങ്ങളും കാണികളും വിശേഷിപ്പിച്ചത്.

നിന്നെ കണ്ടാല്‍ സുന്ദരിയാണ്….

ഗാസയിലെ യുദ്ധത്തെയും ട്രംപിനെതിരായ പ്രതിഷേധങ്ങളെയും കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ഉത്തരം നല്‍കാതെയാണ് മറ്റൊരു കൗതുകരംഗം പിറന്നത്. മാധ്യമപ്രവര്‍ത്തകയെ സൂക്ഷിച്ചുനോക്കിയ ട്രംപ്, അടുത്തിടെ അന്തരിച്ച ”വളരെ സുന്ദരിയായ ഒരു ഐറിഷ് ഗായികയെ” ഓര്‍മിപ്പിക്കുന്നുവെന്ന് പറഞ്ഞു. ആരെയാണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യത്തിന് ”ഷിനേഡ്” എന്നായിരുന്നു മറുപടി. ”ഷിനേഡ് ഒ’കോണറാണോ?” എന്നു മാധ്യമപ്രവര്‍ത്തക ചോദിച്ചപ്പോള്‍, ”അതെ; അവര്‍ മനോഹരമായി പാടിയിരുന്നു. ഇതൊരു അഭിനന്ദനമാണ്” എന്നും ട്രംപ് പറഞ്ഞു. ട്രംപിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്ന ഒ’കോണറുടെ കുടുംബം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് റാലികളില്‍ ഗായികയുടെ പാട്ട് ഉപയോഗിക്കുന്നതിനെ നേരത്തെ വിലക്കിയിരുന്നു എന്നതാണ് സംഭവത്തെ കൂടുതല്‍ വിചിത്രമാക്കിയത്.

പ്രസിഡന്റ് കാതറിന്‍ കൊണോലി നല്‍കിയ സമ്മാനങ്ങളിലും പരോക്ഷമായ രാഷ്ട്രീയസന്ദേശങ്ങളുണ്ടായിരുന്നു. സമാധാനത്തിന്റെ പ്രതീകമായ സെന്റ് ബ്രിജിഡ്‌സ് ക്രോസിനൊപ്പം മൈക്കല്‍ ലോങ്ലിയുടെ ‘സീസ്ഫയര്‍’ എന്ന കവിത ഉള്‍പ്പെട്ട സമാഹാരവും ട്രംപിന് സമ്മാനിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള സൂക്ഷ്മമായ ഓര്‍മപ്പെടുത്തലായാണ് സമ്മാനം വിലയിരുത്തപ്പെട്ടത്.

സന്ദര്‍ശനത്തിന്റെ അവസാനത്തില്‍ ഐറിഷ് ഓപ്പണ്‍ സമ്മാനദാന വേദിയും വ്യാപാരപ്രഖ്യാപനത്തിനുള്ള വേദിയായി. ഐറിഷ് വിസ്‌കിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ പത്തു ശതമാനം തീരുവ പിന്‍വലിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. മീഹോള്‍ മാര്‍ട്ടിനും ജേതാവ് ഷെയ്ന്‍ ലോറിയും ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യം ആവശ്യപ്പെട്ട് തന്നെ ”ശല്യപ്പെടുത്തിയിരുന്നതായി” ട്രംപ് തമാശയായി പറഞ്ഞു. 11 ഷോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ കിരീടം നേടിയ ലോറിയുടെ വിജയം ആഘോഷിക്കാന്‍ എത്തിയ കാണികള്‍ പ്രഖ്യാപനത്തെയും വന്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. തീരുവ ഒഴിവാക്കല്‍ പ്രാബല്യത്തില്‍ വരുന്ന തീയതി പക്ഷേ പ്രഖ്യാപിച്ചിട്ടില്ല.

ട്രംപിന്റെ സുരക്ഷയ്ക്കായി ഡൂണ്‍ബെഗും പരിസരവും ഏതാണ്ട് കോട്ടയായി മാറിയിരുന്നു. വിമാനത്താവളത്തിലേതിനു സമാനമായ ദേഹ-ബാഗ് പരിശോധനകള്‍, ലോഹ വാട്ടര്‍ ബോട്ടിലുകള്‍ക്കുള്ള വിലക്ക്, ഡ്രോണ്‍ നിയന്ത്രണം, കടലില്‍ താല്‍ക്കാലിക സുരക്ഷാമേഖല, റോഡുകളില്‍ നിയന്ത്രണം എന്നിവ ഏര്‍പ്പെടുത്തി. സന്ദര്‍ശനത്തിനും ഐറിഷ് ഓപ്പണിനുമായി പതിനായിരത്തോളം 12 മണിക്കൂര്‍ ഗാര്‍ഡ ഷിഫ്റ്റുകളാണ് ക്രമീകരിച്ചത്. ഇതെല്ലാം മറികടന്ന് ഡബ്ലിനിലും ഷാനണിലും ഡൂണ്‍ബെഗിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയപ്പോള്‍, സ്വന്തം ഗോള്‍ഫ് കോഴ്സിലെ കായികമാമാങ്കവും രാഷ്ട്രീയവിവാദങ്ങളും വ്യാപാരവാഗ്ദാനങ്ങളും ചേര്‍ന്ന അപൂര്‍വ സന്ദര്‍ശനത്തിനാണ് അയര്‍ലണ്ട് സാക്ഷിയായത്.

Get more updates from Pudukad News on Google