"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

വയോജനങ്ങളുടെ ക്ഷേമവും അന്തസ്സും സംരക്ഷിക്കാൻ സമഗ്ര നിയമം. ‘സംസ്ഥാന വയോജന ബിൽ 2026’ ഉടൻ നിയമസഭയിൽ. കെയർഗിവർമാർക്ക് പ്രൊഫഷണൽ പരിശീലനവും രജിസ്ട്രേഷനും. ഹോം കെയറുകൾക്കും പകൽവീടുകൾക്കും നിലവാരം ഉറപ്പാക്കും. ‘സിൽവർ ഇക്കോണമി’യിലൂടെ വൻ തൊഴിൽ സാധ്യതകളും സൃഷ്ടിക്കും

September 15, 2026
Share this post to
🌐 Select your Language:

Current: മലയാളം

തിരുവനന്തപുരം: കേരളത്തിലെ അതിവേഗം വർദ്ധിച്ചുവരുന്ന വയോജന ജനസംഖ്യയുടെ സുരക്ഷ, അന്തസ്സ്, സമഗ്ര പരിചരണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ കൊണ്ടുവരുന്ന ചരിത്രപരമായ നിയമനിർമ്മാണത്തിന് വഴിതുറക്കുന്നു. 

നിർദ്ദിഷ്ട ‘കേരള സംസ്ഥാന വയോജന (പരിചരണവും അവകാശ സംരക്ഷണവും) ബിൽ, 2026’ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല അവലോകന യോഗം ചേർന്നു. ബില്ലിന്റെ കരട് നടപടികൾ വേഗത്തിൽ പൂർത്തിയാക്കി എത്രയും വേഗം നിയമ നിർമ്മാണവുമായി മുന്നോട്ടുപോകാൻ സർക്കാർ തീരുമാനിച്ചു.

മാറിവരുന്ന സാമൂഹിക-കുടുംബ പശ്ചാത്തലത്തിലും ജനസംഖ്യാ ഘടനയിലും മുതിർന്ന പൗരന്മാർക്ക് സ്വന്തം വീടുകളിലും കുടുംബ അന്തരീക്ഷത്തിലും തുടർന്നുജീവിക്കാൻ ആവശ്യമായ സൗകര്യമൊരുക്കുക, ആരോഗ്യകരവും സജീവവുമായ വാർദ്ധക്യം ഉറപ്പാക്കുക എന്നിവയ്ക്കാണ് ബില്ലിൽ മുൻഗണന നൽകുന്നത്.

വയോജന പരിചരണ രംഗത്ത് നിലവാരം ഉറപ്പാക്കാൻ സമഗ്ര പരിഷ്കാരങ്ങളാണ് ബില്ലിൽ വിഭാവനം ചെയ്യുന്നത്. കെയർഗിവിങ് മേഖലയെ ആധുനിക പ്രൊഫഷണൽ സംവിധാനമാക്കി മാറ്റുന്നതിനായി ‘കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക്’ രൂപീകരിക്കും.

കെയർഗിവർമാർക്ക് ശാസ്ത്രീയ പരിശീലനം, സർട്ടിഫിക്കേഷൻ, കൃത്യമായ പോലീസ് പശ്ചാത്തല പരിശോധന എന്നിവ ഉറപ്പാക്കും. പരിശീലനം സിദ്ധിച്ച അംഗീകൃത കെയർഗിവർമാരുടെ സംസ്ഥാനതല രജിസ്റ്റർ തയ്യാറാക്കും.

വയോജന പരിചരണ കേന്ദ്രങ്ങൾ, അസിസ്റ്റഡ് ലിവിങ് സൗകര്യങ്ങൾ, പകൽവീടുകൾ, ഹോം കെയർ ഏജൻസികൾ എന്നിവയ്ക്ക് കൃത്യമായ പ്രവർത്തന നിലവാരവും സുരക്ഷാ ഉത്തരവാദിത്തവും നിർബന്ധമാക്കും.

മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങളെ പുത്തൻ സാമ്പത്തിക-തൊഴിൽ സാധ്യതകളാക്കി മാറ്റുന്ന ‘സിൽവർ ഇക്കോണമി’ (Silver Economy)** വികസിപ്പിക്കാനും പദ്ധതിയുണ്ട്.

വയോജന സൗഹൃദ ആരോഗ്യ സാങ്കേതികവിദ്യകൾ, അസിസ്റ്റഡ് ലിവിങ് ഉത്പന്നങ്ങൾ, നവീന ഹോം കെയർ സേവനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കും. ഇതിലൂടെ ആയിരക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് ആധുനിക കെയർ മേഖലയിൽ തൊഴിലും നൈപുണ്യവും സംരംഭകത്വ അവസരങ്ങളും സൃഷ്ടിക്കാൻ സാധിക്കും.

നിയമം കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പരാതികൾ കൃത്യസമയത്ത് പരിഹരിക്കുന്നതിനുമായി സംസ്ഥാന-ജില്ലാതല മോണിറ്ററിംഗ് സംവിധാനങ്ങളും ബില്ലിൽ ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ മുതിർന്ന പൗരന്മാരുടെ ഡിജിറ്റൽ-സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള കർശന സുരക്ഷാ വ്യവസ്ഥകളും നിയമത്തിന്റെ ഭാഗമാകും. 

കേരളം ഭാവിയിൽ നേരിടാനിരിക്കുന്ന വാർദ്ധക്യ വെല്ലുവിളികളെ മുൻകൂട്ടി കണ്ട് സജ്ജമാകുന്ന ഭാവിസൗഹൃദ ഭരണമാതൃകയാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Get more updates from Pudukad News on Google