ഇഡി അന്വേഷണത്തെ ‘രാഷ്ട്രീയ ഗൂഢാലോചന’ എന്നു പിണറായി വിജയനോട് ചോദ്യങ്ങളുമായി ഷോൺ ജോർജ്. എന്തുകൊണ്ടാണു പിണറായിയുടെ മകളുടെ കമ്പനിക്കു പാര്‍ട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നു. വീണയുടെ കമ്പനിക്കു സേവനത്തിനു ലഭിച്ച പ്രതിഫലത്തില്‍ 1.56 കോടി അധിക തുക എങ്ങനെ വന്നു. ഇന്റേണല്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്ന പി.വി. ആരാണ്?.പിണറായി മറുപടി പറയണമെന്ന് ഷോൺ ജോർജ്
Current: മലയാളം

കോട്ടയം: മാസപ്പടി കേസിൽ ഇ.ഡി. അന്വേഷണത്തെ ‘രാഷ്ട്രീയ ഗൂഢാലോചന’ എന്ന് വിശേഷിപ്പിച്ച മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനോട് ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്.
സേവനം നൽകിയതിന്റെ പേരിൽ മാത്രമാണ് മകൾ വീണ പണം വാങ്ങിയതെന്നും അതിന് ജി.എസ്.ടിയും നികുതിയും അടച്ചിട്ടുണ്ടെന്നുമാണ് പിണറായി പറയുന്നത്. കരാർ പ്രകാരം ലഭിക്കേണ്ട തുക ഏകദേശം 1.72 കോടി രൂപ മാത്രമാണെങ്കിൽ, പുറത്തുവന്ന കണക്കുകൾ പ്രകാരം ലഭിച്ചതായി പറയപ്പെടുന്ന 3.28 കോടി രൂപയിലെ അധിക തുകയായ 1.56 കോടി രൂപയ്ക്ക് എന്താണ് മുൻ മുഖ്യമന്ത്രിയുടെ മറുപടി? സേവനം നൽകിയെന്ന് സമ്മതിച്ചാൽ തന്നെ ഈ അധിക തുകയുടെ ഉറവിടവും നൽകിയ സേവനവും എന്താണെന്നും ഷോണ്‍ ജോര്‍ജ് ചോദിക്കുന്നു.
സ്വന്തം മകളുടെ കമ്പനിക്ക് എ.കെ.ജി. സെന്ററിന്റെ വിലാസം ഉപയോഗിക്കാൻ സി.പി.എമ്മിലെ മറ്റേതെങ്കിലും പ്രവർത്തകനോ നേതാവിനോ ഇതുപോലെ അനുമതി ലഭിക്കുമോ? എന്തുകൊണ്ടാണ് പിണറായിയുടെ മകളുടെ കമ്പനിക്ക് പാർട്ടി ആസ്ഥാനവുമായി ബന്ധപ്പെട്ട വിലാസം ഉപയോഗിക്കേണ്ടിവന്നതെന്ന് പിണറായി വ്യക്തമാക്കണം.
ഇന്റേണൽ സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘പി.വി.’ ആരാണ്? എക്സാലോജിക് യാതൊരു സേവനവും നൽകിയിട്ടില്ലെന്നും, സേവനം നൽകാതെയാണ് പണം നൽകിയതെന്നും, ആ പണം കമ്പനിയുമായി ബന്ധപ്പെട്ട ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന് വേണ്ടിയാണോ നൽകിയതെന്ന സംശയവും രേഖയിലുണ്ടെന്നാണ് പുറത്തുവന്നിട്ടുള്ളത്.
2016-19 കാലഘട്ടത്തിൽ വീണ വിജയനുമായി ബന്ധപ്പെട്ട ഈ ഇടപാടിൽ പറയപ്പെടുന്ന “പ്രമുഖ രാഷ്ട്രീയ നേതാവ്” പിണറായി വിജയനല്ലെങ്കിൽ, അത് ആരാണ്?
2016-ൽ പിണറായി തന്നെയായിരുന്നു പരിസ്ഥിതി വകുപ്പും കൈകാര്യം ചെയ്തിരുന്നത്. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട പരാതികളും ആരോപണങ്ങളും നേരത്തേ തന്നെ സി.എം.ആർ.എല്ലിന് എതിരെ ഉണ്ടായിരുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആർ.എല്ലുമായി കരാറിൽ ഏർപ്പെട്ടപ്പോൾ ആ ഇടപാട് പരിശോധിക്കാനോ തടയാനോ അന്നത്തെ മുഖ്യമന്ത്രി തയ്യാറാകാതിരുന്നത് എന്തുകൊണ്ട്?.
മന്ത്രിമാരുടെ പെരുമാറ്റച്ചട്ടത്തിന്റെ പശ്ചാത്തലത്തിൽ ഈ ഇടപാട് എങ്ങനെ ന്യായീകരിക്കും? സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി.ക്ക് സി.എം.ആർ.എല്ലിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സാഹചര്യത്തിൽ, അന്നത്തെ മുഖ്യമന്ത്രിയും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായിരുന്ന പിണറായി വിജയന്റെ മകളുമായി ബന്ധപ്പെട്ട കമ്പനി സി.എം.ആർ.എല്ലുമായി സാമ്പത്തിക കരാറിൽ ഏർപ്പെട്ടത് താല്പര്യസംഘർഷത്തിന്റെ പരിധിയിൽ വരുന്നതല്ലേ?.
പിണറായി വിജയന്റെ മകളുടെ കമ്പനിയുടെ മെന്ററായി വെബ്സൈറ്റിൽ പരാമർശിച്ചിരുന്ന ജെയ്ക് ബാലകുമാറിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്. അദ്ദേഹത്തിന്റെ കോർപ്പറേറ്റ് ബന്ധങ്ങളും പിന്നീട് ഉയർന്നുവന്ന ആരോപണങ്ങളും ഉൾപ്പെടെ, ഈ ബന്ധത്തെക്കുറിച്ച് മുഖ്യമന്ത്രി എന്തുകൊണ്ട് വ്യക്തമായ വിശദീകരണം നൽകുന്നില്ല?.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സാധാരണ പൗരന് സി.എം.ആർ.എല്ലിന് എതിരെ സ്വതന്ത്രമായി പരാതി നൽകാൻ യഥാർത്ഥത്തിൽ എവിടെയായിരുന്നു അവസരം?. സർക്കാരിനെ സമീപിച്ചാൽ സർക്കാരിന്റെ ഭാഗത്ത് മുഖ്യമന്ത്രിയുടെ മകൾ കരാറിൽ ഏർപ്പെട്ടിട്ടുള്ള കമ്പനിക്കെതിരെ മിണ്ടാൻ ആർക്കാണ് പറ്റുക?.
റിപ്പോർട്ട് നൽകിയ ഉദ്യോഗസ്ഥൻ പോയ വഴി കണ്ടില്ല!, കോടതിയെ സമീപിച്ചാൽ, സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ പിണറായിയുടെ അടുത്ത ബന്ധു. ഇങ്ങനെയൊരു സാഹചര്യത്തിൽ ഒരു സാധാരണ പൗരന് നിഷ്പക്ഷമായി പരാതി നൽകാൻ ഏത് വാതിലാണ് തുറന്നിരുന്നത്?.
ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ അന്വേഷണത്തെ ‘രാഷ്ട്രീയ ഗൂഢാലോചന’ എന്ന് വിളിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമല്ലേ?. പിണറായി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണെങ്കിൽ, ഈ ചോദ്യങ്ങൾ കേരളത്തിലെ ജനങ്ങൾ ചോദിച്ചുകൊണ്ടിരിക്കുമെന്നും ബി.ജെ.പി. വ്യക്തമാക്കുന്നു.




