എആർഎമ്മി’നു ശേഷം വീണ്ടും ഫാന്‍റസി ഫോക്‌ലോർ വിസ്മയവുമായി ജിതിൻ ലാൽ; പുതിയ ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ
Current: മലയാളം

ടൊവിനോ തോമസ് നായകനായ വൻ ഹിറ്റ് ചിത്രം ‘അജയന്‍റെ രണ്ടാം മോഷണത്തിന്’ (എആർഎം) ശേഷം വീണ്ടും ഫാന്‍റസി ഫോക്‌ലോർ ചിത്രവുമായി സംവിധായകൻ ജിതിൻ ലാൽ. തന്‍റെ രണ്ടാമത്തെ സംവിധാന സംരംഭവും ഒരു ഫാന്‍റസി ഫോക്‌ലോർ അധ്യായമായിരിക്കുമെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായ കുറിപ്പിലൂടെയാണ് അദ്ദേഹം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പുതിയ സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു മുൻനിര നായകനോട് കഥ പറഞ്ഞു കഴിഞ്ഞതായും ജിതിൻ വ്യക്തമാക്കി. വലിയ രീതിയിലുള്ള പ്രീ-പ്രൊഡക്ഷൻ തയാറെടുപ്പുകൾ ആവശ്യമായ ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നത്.
ഇതിനുപുറമെ, പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒരു കഥാപാത്രവുമായി വീണ്ടും തിരിച്ചെത്തുമെന്ന സൂചനയും അദ്ദേഹം കുറിപ്പിൽ നൽകി. ഇത് എആർഎമ്മിലെ ടൊവിനോയുടെ ‘മണിയൻ’ എന്ന കഥാപാത്രത്തിന്‍റെ തുടർച്ചയാണോ എന്ന ചർച്ചകൾക്കും ഇതോടെ വഴിതുറന്നിട്ടുണ്ട്.
‘എആർഎം’ തിയേറ്ററുകളിലും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും നേടിയ വലിയ സ്വീകാര്യതയ്ക്ക് പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കും ദൈവത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് ജിതിൻ തന്‍റെ കുറിപ്പ് അവസാനിപ്പിച്ചത്.




