"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

റിപ്പോർട്ടർ ടിവി ന്യൂസ് ഡെസ്കിൽ പൊലീസ് ഇടപെടൽ: മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റത്തിൽ കോം ഇന്ത്യ പ്രതിഷേധിച്ചു

September 16, 2026
Share this post to
🌐 Select your Language:

Current: മലയാളം

കൊച്ചി: റിപ്പോർട്ടർ ടിവിയുടെ ആസ്ഥാനത്തെ ന്യൂസ് ഡെസ്കിൽ പൊലീസ് അതിക്രമിച്ച് കടന്ന് മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചുവെക്കുകയും വാർത്താ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തതായി പുറത്തുവന്ന സംഭവത്തിൽ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ (കോം ഇന്ത്യ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

റിപ്പോർട്ടർ മാനേജ്‌മെന്റമായി ബന്ധപ്പെട്ട ആരോപണങ്ങൾ അന്വേഷിക്കപ്പെടേണ്ടതുണ്ട്. ഇക്കാര്യത്തിൽ പോലീസ് സത്യസന്ധമായി നീങ്ങുമെന്ന വിശ്വാസമാണ് കോം ഇന്ത്യയ്ക്കുള്ളത്.


എന്നാൽ  വാർത്താ ശേഖരണത്തിന്റെയും സംപ്രേഷണത്തിന്റെയും ഭാഗമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ പിടിച്ചെടുക്കുന്നതും ന്യൂസ് ഡെസ്കിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുന്നതും മാധ്യമസ്ഥാപനത്തിന്റെ സ്വതന്ത്ര പ്രവർത്തനത്തെ ബാധിക്കുന്ന നടപടിയാണ്.


അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ റിപ്പോർട്ടർ ടിവി കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്. മാധ്യമ മേഖലയിലെ സത്യസന്ധതയും മാന്യതയും കാത്തുസൂക്ഷിക്കാൻ എല്ലാ മാധ്യ  മാനേജ്‌മെന്റുകൾക്കും ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ എന്തെങ്കിലും വീഴ്ചയുണ്ടായാൽ  അത് അന്വേഷണത്തിലൂടെ കണ്ടെത്തേണ്ടതുണ്ട്.

മാധ്യമപ്രവർത്തകർക്ക് അവരുടെ തൊഴിൽ നിർവഹിക്കാനുള്ള സ്വാതന്ത്ര്യവും മാധ്യമസ്ഥാപനങ്ങൾക്ക് വാർത്തകൾ ശേഖരിക്കാനും പ്രസിദ്ധീകരിക്കാനും സംപ്രേഷണം ചെയ്യാനുമുള്ള അവകാശവും ജനാധിപത്യ സംവിധാനത്തിൽ സംരക്ഷിക്കപ്പെടേണ്ടതാണെന്ന് കോം ഇന്ത്യ ചൂണ്ടിക്കാട്ടി.


നിയമപരമായ അന്വേഷണം ആവശ്യമായ സാഹചര്യമുണ്ടെങ്കിൽ പോലും, മാധ്യമപ്രവർത്തകരുടെ അവകാശങ്ങളും മാധ്യമസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിച്ചുകൊണ്ടായിരിക്കണം അന്വേഷണ നടപടികൾ സ്വീകരിക്കേണ്ടത്.


ന്യൂസ് ഡെസ്കിൽ പൊലീസ് നേരിട്ട് ഇടപെടുകയും വാർത്താ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യം മാധ്യമലോകത്ത് ആശങ്കയുണ്ടാക്കുന്നതാണ്.

മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകളിലെയും മറ്റ് ഉപകരണങ്ങളിലെയും വിവരങ്ങൾ മാധ്യമപ്രവർത്തനവുമായി ബന്ധപ്പെട്ട സ്വകാര്യവും സ്രോതസ്സുകളെ സംബന്ധിച്ചുള്ളതുമായ വിവരങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കാം.


അതിനാൽ അവരുമായി ബന്ധമില്ലാത കേസിൽ ഇത്തരം ഉപകരണങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മാധ്യമപ്രവർത്തകരുടെ സ്വകാര്യതയും വാർത്താ സ്രോതസ്സുകളുടെ രഹസ്യതയും നിയമാനുസൃതമായ നടപടിക്രമങ്ങളും കർശനമായി പാലിക്കേണ്ടതുണ്ട്.


സംഭവത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെക്കുറിച്ച് സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു.

മാധ്യമസ്ഥാപനങ്ങളിൽ നിയമനിർവഹണ ഏജൻസികളുടെ ഇടപെടൽ ആവശ്യമായി വരുന്ന സാഹചര്യങ്ങളിലും അത് മാധ്യമപ്രവർത്തനത്തിന്റെ സ്വാതന്ത്ര്യത്തെയും വാർത്താ സംപ്രേഷണത്തെയും അനാവശ്യമായി തടസ്സപ്പെടുത്താത്ത തരത്തിലായിരിക്കണം. 

മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള ഏത് തരത്തിലുള്ള അനാവശ്യ ഇടപെടലിനെയും കോം ഇന്ത്യ ശക്തമായി എതിർക്കുമെന്നും കോം ഇന്ത്യ ഭാരവാഹികൾ അറിയിച്ചു.

Get more updates from Pudukad News on Google