യൂറോപ്പിൽ കുട്ടികൾക്ക് സോഷ്യൽ മീഡിയ വിലക്ക്. 13 വയസ്സിന് താഴെയുള്ളവർക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ. 15 വയസ്സുവരെയുള്ളവർക്ക് കർശന നിയന്ത്രണം. പ്രഖ്യാപനവുമായി യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയൻ. ഓസ്ട്രേലിയക്ക് പിന്നാലെ ചരിത്രപരമായ ചുവടുവെപ്പ്
Current: മലയാളം

ലണ്ടൻ: യൂറോപ്യൻ രാജ്യങ്ങളിൽ കുട്ടികൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തി യൂറോപ്യൻ യൂണിയൻ.
പതിമൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സമ്പൂർണ്ണ നിരോധനം നടപ്പിലാക്കിയപ്പോൾ, പതിനഞ്ച് വയസ്സുവരെയുള്ള കൗമാരക്കാർക്ക് ഭാഗിക നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ അമിതോപയോഗം കുട്ടികളുടെ മാനസിക-ശാരീരിക ആരോഗ്യത്തെയും വളർച്ചയെയും ഗുരുതരമായി ബാധിക്കുന്നുവെന്ന വിദഗ്ദ്ധ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക ആഗോള തീരുമാനം.
യൂറോപ്യൻ യൂണിയൻ മേധാവി ഉർസുല വോൺ ഡെർ ലെയനാണ് പുതിയ സോഷ്യൽ മീഡിയ നിയന്ത്രണ നയം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഓരോ പ്രായപരിധിയിലുള്ള കുട്ടികൾക്കും അനുയോജ്യമായ സുരക്ഷാ കവചം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും,
അതിനാൽ 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഒരു കാരണവശാലും സമൂഹമാധ്യമങ്ങൾ അനുവദിക്കില്ലെന്നും 15 വയസ്സിന് താഴെയുള്ളവർക്ക് വ്യക്തിഗത അക്കൗണ്ടുകൾ ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
പുതിയ വ്യവസ്ഥകൾ പ്രകാരം 13 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് മാതാപിതാക്കളുടെയോ നിയമപരമായ രക്ഷകർത്താക്കളുടെയോ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ‘മിനി അക്കൗണ്ടുകൾ’ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ. പരിമിതമായ ഫീച്ചറുകൾ മാത്രമുള്ള ഈ അക്കൗണ്ടുകൾക്ക് പ്രതിദിനം പരമാവധി ഒരു മണിക്കൂർ എന്ന സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്.
കൂടാതെ 15 മുതൽ 18 വയസ്സുവരെയുള്ള കൗമാരക്കാർക്കായി പ്ലാറ്റ്ഫോമുകൾ കൂടുതൽ സുരക്ഷിതമായ ക്രമീകരണങ്ങൾ നിർബന്ധമായും ഏർപ്പെടുത്തണമെന്നും അവർ നിർദ്ദേശിച്ചു.
കഴിഞ്ഞ വർഷം 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഓസ്ട്രേലിയ ചരിത്രം കുറിച്ചതിന് പിന്നാലെയാണ് യൂറോപ്പും കുട്ടികളുടെ സുരക്ഷ മുൻനിർത്തി സമാനമായ കടുത്ത നിയമനടപടികളിലേക്ക് കടക്കുന്നത്.




