തിയറ്ററുകളിലെ അമിത ഭക്ഷണവില; ഉപഭോക്തൃ കോടതിയിൽ കേസെടുക്കാൻ സപ്ലൈ ഓഫീസർമാർക്ക് അനുമതി | Kerala theatre food prices
Current: മലയാളം

തിരുവനന്തപുരം: തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്കും വിലക്കയറ്റത്തിനുമെതിരെ നിയമനടപടികൾ ശക്തമാക്കാൻ ഭക്ഷ്യവകുപ്പ് (Kerala theatre food prices). പോപ്കോൺ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾക്ക് അമിതവില ഈടാക്കുന്നതടക്കമുള്ള നിയമലംഘനങ്ങൾക്കെതിരെ ഉപഭോക്തൃ കോടതികളിൽ നേരിട്ട് കേസ് നൽകാൻ ജില്ലാ സപ്ലൈ ഓഫീസർമാർക്ക് അനുമതി നൽകും.
ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിന്റെ നിർദേശപ്രകാരം ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറക്കാനാണ് തീരുമാനം. വിജ്ഞാപനത്തിന്റെ കരട് മന്ത്രിക്ക് കൈമാറും. വിജ്ഞാപനം പ്രാബല്യത്തിൽ വന്നാൽ സർക്കാരിനുവേണ്ടി ജില്ലാ സപ്ലൈ ഓഫീസർമാർക്ക് ഉപഭോക്തൃ കോടതികളെ നേരിട്ട് സമീപിക്കാനാകും.
ഇതിനകം ഒൻപത് പരാതികൾ തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ ആദ്യ പരാതി കൊച്ചിയിലെ ഉപഭോക്തൃ കോടതിയിൽ സമർപ്പിക്കും. അതോടൊപ്പം വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത തിയറ്ററുകൾക്കെതിരെ എസൻഷ്യൽ കമ്മോഡിറ്റീസ് നിയമപ്രകാരവും കേസെടുക്കും.
കഴിഞ്ഞ ദിവസം ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനയിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. തൂക്കക്കുറവ്, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തത് തുടങ്ങിയ നിയമലംഘനങ്ങൾ ഉൾപ്പെടെ ഇതുവരെ 49 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പോപ്കോൺ പോലുള്ള തിയറ്ററുകളിൽ പുതുതായി തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില നേരിട്ട് നിയന്ത്രിക്കുന്നതിന് സർക്കാരിന് പരിമിതികളുണ്ടെങ്കിലും നിയമലംഘനം കണ്ടെത്തുന്നിടത്ത് കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പരിശോധനകൾ ആരംഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ നടപടികൾ കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
ചില തിയറ്ററുകളിൽ 80 ഗ്രാം പോപ്കോണിന് ₹295 മുതലാണ് ഈടാക്കുന്നത്. ജ്യൂസ്, ചായ, കാപ്പി എന്നിവയ്ക്കും അമിതവില ഈടാക്കുന്നതായും പരാതികളുണ്ട്. കുടിവെള്ളത്തിനുപോലും ഉയർന്ന വില നൽകേണ്ട സാഹചര്യമാണുള്ളതെന്നാണ് ഉപഭോക്താക്കളുടെ പരാതി.
Story Summary:
Kerala’s Food Department is preparing to strengthen legal action against excessive food prices in theatres. District Supply Officers will be authorised to approach consumer courts, with nine complaints already prepared and 49 cases registered for various violations during recent inspections.




