ബെംഗളൂരുവിൽ നഴ്സിന് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം; വെട്ടേറ്റതിന് പിന്നാലെ ആസിഡ് ആക്രമണം | Bengaluru nurse attack
Current: മലയാളം

ബെംഗളൂരു: ജെ.പി. നഗറിൽ സ്വകാര്യ ക്ലിനിക്കിന് സമീപം നഴ്സിന് നേരെ ഭർത്താവിന്റെ ആക്രമണം. ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുന്ന മധുമിത (26)യ്ക്കാണ് വെട്ടേറ്റത്. പിന്നാലെ യുവതിക്ക് നേരെ ആസിഡ് ആക്രമണവും ഉണ്ടായതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ മധുമിതയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ക്ലിനിക്കിൽ ജോലിക്കെത്തിയ മധുമിതയെ ഭർത്താവ് വെങ്കിടേഷ് പിന്തുടർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സമീപത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് സബ് ഇൻസ്പെക്ടർ സ്ഥലത്തെത്തി വെങ്കിടേഷിനെ കസ്റ്റഡിയിലെടുത്തു.
ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ ചോദ്യംചെയ്യൽ നടത്തിവരികയാണ്.
പശ്ചിമ ബംഗാൾ സ്വദേശിനിയാണ് മധുമിത. തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് വെങ്കിടേഷ്. 2023-ലാണ് ഇരുവരും വിവാഹിതരായത്. ദാമ്പത്യ തർക്കങ്ങളെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Story Summary: A 26-year-old nurse was seriously injured after allegedly being attacked by her husband near a private clinic in Bengaluru’s J.P. Nagar. Police detained the accused and are investigating the motive behind the attack.




