രോഗിയുടെ അനുമതിയുണ്ടെങ്കിൽ സ്വവർഗപങ്കാളിക്കും മെഡിക്കൽ തീരുമാനമെടുക്കാം; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രം | LGBTQ Patient Consent Medical Decisions
Current: മലയാളം

ന്യൂഡൽഹി: പ്രായപൂർത്തിയായ രോഗിക്ക് അടിയന്തര സാഹചര്യങ്ങളിൽ സ്വന്തം സ്വവർഗപങ്കാളിയെ മെഡിക്കൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള പ്രതിനിധിയായി അധികാരപ്പെടുത്താമെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു (LGBTQ Patient Consent Medical Decisions). രോഗിയുടെ സ്വയംനിർണയാവകാശവും തുടർപരിചരണവും മാനിച്ചായിരിക്കണം ഇത്തരം സാഹചര്യങ്ങളിൽ തീരുമാനങ്ങളെടുക്കേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി. ഒരു വ്യക്തിക്ക് സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ, തനിക്കുവേണ്ടി പ്രവർത്തിക്കാൻ പങ്കാളിയെ മുൻകൂട്ടി അധികാരപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആ വ്യക്തിയെ മെഡിക്കൽ പ്രതിനിധിയായി പരിഗണിക്കാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പങ്കാളിയുടെ ലിംഗം, ലിംഗസ്വത്വം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ പേരിൽ അവകാശം നിഷേധിക്കാനാകില്ലെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി.
ബന്ധം പരമ്പരാഗത വിവാഹ സങ്കൽപ്പവുമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താലും പങ്കാളിയെ മെഡിക്കൽ തീരുമാനങ്ങളിൽ നിന്ന് മാറ്റിനിർത്താനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്. ഇതിന് വൈദ്യശാസ്ത്രപരമോ ധാർമികമോ ആയ ന്യായീകരണമില്ലെന്നും കേന്ദ്രത്തിന്റെ മറുപടിയിൽ പറയുന്നു. സ്വവർഗപങ്കാളിയെ രോഗിയുടെ മെഡിക്കൽ പ്രതിനിധിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. 2015 മുതൽ സ്വവർഗപങ്കാളിക്കൊപ്പം കഴിയുന്ന ഒരു സ്ത്രീയാണ് ഹർജി നൽകിയിരിക്കുന്നത്. 2018 മുതൽ ഡൽഹിയിൽ താമസിക്കുന്ന ഇവർ 2023ൽ ന്യൂസീലൻഡിൽ വച്ച് പങ്കാളിയെ വിവാഹം ചെയ്തിരുന്നു.
രോഗിക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത അടിയന്തര മെഡിക്കൽ സാഹചര്യങ്ങളിൽ ആരാണ് തനിക്കുവേണ്ടി തീരുമാനമെടുക്കേണ്ടതെന്ന് മുൻകൂട്ടി വ്യക്തമാക്കാനുള്ള അവകാശവുമായി ബന്ധപ്പെട്ടതാണ് കേസിലെ പ്രധാന വിഷയം. രോഗിയുടെ വ്യക്തിപരമായ തീരുമാനങ്ങളെയും തുടർപരിചരണത്തെയും മാനിക്കുന്ന സമീപനമാണ് സ്വീകരിക്കേണ്ടതെന്ന നിലപാടാണ് കേന്ദ്രം കോടതിയിൽ സ്വീകരിച്ചിരിക്കുന്നത്.
Summary: The Centre told the Delhi High Court that an adult patient can authorise a same-sex partner to make medical decisions on their behalf in situations where the patient cannot decide for themselves. It said the partner cannot be excluded based on gender, gender identity or sexual orientation if the patient has authorised them.




