സൽമാൻ ഖാന്റെ ഗാനാലാപനത്തെ പരിഹസിച്ചോ..? വ്യക്തത വരുത്തി ഗായകൻ സോനു നിഗം, അതൊരു പഴയ വീഡിയോ, താരവുമായി ബന്ധമില്ല
Current: മലയാളം

ബോളിവുഡ് താരം സൽമാൻ ഖാന്റെ ഗാനാലാപനത്തെ ഗായകൻ സോനു നിഗം പരിഹസിച്ചെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയ്ക്കെതിരെ വ്യക്തത വരുത്തി താരം രംഗത്തെത്തി.
സൽമാൻ ഖാൻ ‘മേൻ ഹൂം ഹീറോ തേരാ’ എന്ന ഗാനം ആലപിക്കുന്നതും അതിനോട് സോനു നിഗം പ്രതികരിക്കുന്നതുമായ രീതിയിൽ എഡിറ്റ് ചെയ്ത വ്യാജ വീഡിയോയാണ് കഴിഞ്ഞ ദിവസങ്ങളിൽ വൻതോതിൽ പ്രചരിച്ചത്.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെ, വസ്തുത വ്യക്തമാക്കി ഇൻസ്റ്റഗ്രാമിലൂടെ സോനു നിഗം തന്നെ രംഗത്തുവരികയായിരുന്നു. സോഷ്യൽ മീഡിയയിൽ എന്തും പ്രതീക്ഷിക്കാം എന്നും, താൻ യാദൃശ്ചികമായാണ് ഈ എഡിറ്റഡ് വീഡിയോ കണ്ടതെന്നും അദ്ദേഹം കുറിച്ചു.
ഒരു പാകിസ്താനി പെൺകുട്ടിയുടെ ഗാനാലാപനം കേട്ട് താൻ നൽകിയ പഴയ പ്രതികരണ വീഡിയോയാണ് സൽമാൻ ഖാന്റെ പാട്ടിനൊപ്പം തെറ്റായ രീതിയിൽ കൂട്ടിച്ചേർത്ത് പ്രചരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
‘നെസ്കഫെ ബേസ്മെന്റിൽ’ പാകിസ്താനി ബാലഗായിക ഹാദിയ ഹാഷ്മി ആലപിച്ച ‘ബോൽ ഹു’ എന്ന ഗാനം കേട്ട് 2020-ൽ സോനു നിഗം പങ്കുവെച്ച പ്രതികരണ ദൃശ്യങ്ങളാണ് ഇങ്ങനെ ദുരുപയോഗം ചെയ്തത്.
നിർമതാക്കളായ സൽമാൻ ഖാൻ ഫിലിംസും സംഗീത സംവിധായകൻ അമാൽ മാലിക്കും തമ്മിൽ ‘മേൻ ഹൂം ഹീറോ തേരാ’ ഗാനത്തിന്റെ ക്രെഡിറ്റിനെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഇത്തരമൊരു വ്യാജ വീഡിയോ പ്രചരിച്ചത്.




