മഞ്ചേരിയിലെ 13 കിലോ എംഡിഎംഎ കേസ്; മുഖ്യപ്രതികളടക്കം നാല് പേർ കൂടി അറസ്റ്റിൽ | Manjeri MDMA case
Current: മലയാളം

മലപ്പുറം: സംസ്ഥാനത്തെ വലിയ ലഹരിവേട്ടകളിലൊന്നായി കണക്കാക്കുന്ന മഞ്ചേരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 13 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ മുഖ്യപ്രതികളടക്കം നാല് പേർ കൂടി അറസ്റ്റിൽ (Manjeri MDMA case). ഇതോടെ കേസിൽ മലപ്പുറം പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയ പ്രതികളുടെ എണ്ണം 13 ആയി.
മലപ്പുറം നടുവട്ടം സ്വദേശി മുഹമ്മദ് ഹാരിസ് (37), വയനാട് വടുവഞ്ചാൽ സ്വദേശി അഖിൽ ജോയി എന്ന കിംഗ് മേക്കർ (32), പാലക്കാട് കൊപ്പം സ്വദേശി സലാഹുദ്ദീൻ (26) എന്നിവരെ ബിഹാറിലെ ഭാഗൽപൂരിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഉദകമണ്ഡലം സ്വദേശി കാർത്തികിനെയും (32) ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കണ്ടെത്തുന്നതിനായി ഏകദേശം പത്ത് സംസ്ഥാനങ്ങളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഒരാഴ്ചയോളം നടത്തിയ രഹസ്യ അന്വേഷണത്തിനൊടുവിൽ പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന കേന്ദ്രത്തെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ നടത്തിയ പരിശോധനകളിലൂടെയാണ് നാല് പേരെയും പിടികൂടിയത്.
മഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഏകദേശം 10 കോടി രൂപ വിലമതിക്കുന്ന 13 കിലോഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Story Summary:
Four more accused, including key suspects, have been arrested in the Manjeri case involving the seizure of 13 kg of MDMA valued at around ₹10 crore. The arrests were made from Bihar and Chennai following a week-long investigation across multiple states.




