തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ തിരുത്തലുമായി സി.പി.എം. ആഡംബരങ്ങളും റിസോർട്ട് സംസ്കാരവും ഒഴിവാക്കി. കർഷക സംഘം സംസ്ഥാന സമ്മേളന പ്രതിനിധികൾ പ്രവർത്തകരുടെ വീടുകളിൽ താമസിക്കും. പണക്കൊഴുപ്പുള്ള മാമാങ്കങ്ങളായി സമ്മേളനങ്ങളെ മാറ്റുന്ന രീതി അവസാനിപ്പിക്കാൻ തീരുമാനം. ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാൻ ലളിതജീവിത ശൈലിയിലേക്ക് തിരികെപ്പോകാൻ കർശന നിർദ്ദേശം
Current: മലയാളം

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ സംഘടനാ രീതികളിലും പ്രവർത്തന ശൈലിയിലും കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി സിപിഎം.
കേഡർ സ്വഭാവം വീണ്ടെടുക്കുന്നതിന്റെയും ജനങ്ങളിലേക്ക് തിരിച്ചിറങ്ങുന്നതിന്റെയും ഭാഗമായി ആഡംബരങ്ങളും പണക്കൊഴുപ്പും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ തിരുത്തൽ നയമാണ് പാർട്ടി നടപ്പിലാക്കുന്നത്.
ഈ മാറ്റത്തിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രതിഫലനം കാണാനാകുന്നത് ആലപ്പുഴയിൽ നടക്കുന്ന കേരള കർഷക സംഘത്തിന്റെ 28-ാമത് സംസ്ഥാന സമ്മേളനത്തിലാണ്.
വർഗ ബഹുജന സംഘടനകളുടെ സമ്മേളനങ്ങളിൽ പ്രതിനിധികൾക്കായി വൻകിട റിസോർട്ടുകളും നക്ഷത്ര ഹോട്ടലുകളും ബുക്ക് ചെയ്യുന്ന പതിവ് പൂർണ്ണമായും ഒഴിവാക്കി.
സമ്മേളനത്തിൽ പങ്കെടുക്കുന്ന 530-ഓളം വരുന്ന പ്രതിനിധികളും നേതാക്കളും പാർട്ടി പ്രവർത്തകരുടെയും അനുഭാവികളുടെയും വീടുകളിലാണ് താമസിക്കുന്നത്.
മുതിർന്ന നേതാക്കൾ ഉൾപ്പെടെ സാധാരണ വീടുകളിൽ താമസിച്ച് ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പഴയകാല കമ്യൂണിസ്റ്റ് ശൈലിയാണ് ഇവിടെ പുനഃസൃഷ്ടിക്കപ്പെടുന്നത്.
പനി ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുള്ള വളരെ കുറച്ചുപേർക്ക് മാത്രമാണ് അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് ഹോട്ടലുകളിൽ മുറികൾ സൗകര്യപ്പെടുത്തിയത്.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ചുള്ള ആത്മപരിശോധനയിൽ, പാർട്ടിക്ക് ജനങ്ങളുമായുള്ള ബന്ധത്തിൽ വിടവ് സംഭവിച്ചതായും, ചില നേതാക്കളിലും പോഷക സംഘടനകളുടെ പ്രവർത്തനങ്ങളിലും ഉപരിവർഗ്ഗ സംസ്കാരവും ആഡംബരവും കടന്നുകൂടിയതായും വിമർശനം ഉയർന്നിരുന്നു.
ഇതിനെ തുടർന്നാണ് സിപിഎം സംസ്ഥാന കമ്മിറ്റി വ്യക്തമായ തിരുത്തൽ രേഖ അവതരിപ്പിച്ചത്. സാധാരണക്കാരുമായി വീണ്ടും നിരന്തര സമ്പർക്കം പുലർത്തുക.
പണക്കൊഴുപ്പുള്ള മാമാങ്കങ്ങളായി സമ്മേളനങ്ങളെ മാറ്റുന്ന രീതി അവസാനിപ്പിക്കുക. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പരമ്പരാഗത മൂല്യങ്ങളിലേക്കും ലളിത ജീവിത രീതിയിലേക്കും തിരികെ പോവുക തുടങ്ങിയവയായിരുന്നു രേഖയിലെ നിർദ്ദേശങ്ങൾ.
കോഴിക്കോട്ട് നടന്ന സിപിഎമ്മിൻെറ വിപുലീകൃത സംസ്ഥാന സമിതിയും താരതമ്യേന പണച്ചെലവ് കുറച്ചാണ് സംഘടിപ്പിച്ചത്. പാർട്ടി അംഗങ്ങളിൽ നിന്ന് മാത്രം സംഭാവന സ്വീകരിച്ചാണ് സമ്മേളന നടത്തിപ്പിനുളള പണം കണ്ടെത്തിയത്.
ഒരു പാർട്ടി അംഗം കുറഞ്ഞത് 100 രൂപ നൽകണമെന്നായിരുന്നു നിബന്ധന.സാധാരണ പാർട്ടി സമ്മേളനങ്ങളിൽ ഉണ്ടാകാറുളളത് പോലെ ആഡംബര ഭക്ഷണവും വിശാല സംസ്ഥാന സമിതിയിൽ ഉണ്ടായിരുന്നില്ല.
ഒരാൾക്ക് സാധാരണ കഴിക്കാൻ വേണ്ടതിനപ്പുറം ആഡംബരം പാടില്ലെന്ന് നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇതേ മാതൃകയാണ് ആലപ്പുഴയിൽ നടക്കുന്ന കർഷക സംഘത്തിൻെറ സംസ്ഥാന സമ്മേളനത്തിലും പകർത്തിയത്.
പുന്നപ്ര-വയലാർ പോരാട്ടങ്ങളുടെ മണ്ണായ ആലപ്പുഴയിൽ കർഷക സംഘം ഉയർത്തിപ്പിടിക്കുന്ന ഈ മാതൃക, വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന സിപിഎമ്മിന്റെയും മറ്റ് പോഷക സംഘടനകളുടെയും എല്ലാ സമ്മേളനങ്ങൾക്കും പുതിയ വഴി കാട്ടിയാകും.




