മൂന്നു വാർത്താ മാധ്യമങ്ങൾക്കു വൈറ്റ് ഹൗസിൽ പ്രവേശനം നൽകില്ലെന്നു ട്രംപ്
Current: മലയാളം

വാർത്താ മാധ്യമങ്ങളുമായി നിരന്തരം ഏറ്റുമുട്ടുന്ന പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച സി എൻ എൻ ടെലിവിഷൻ, എം എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്കെതിരെ നിരോധനം പ്രഖ്യാപിച്ചു.
നിരന്തരം നുണക്കഥകൾ എഴുതുന്നവരെ ഒരു രാജ്യത്തിനും അനുവദിക്കാൻ കഴിയില്ലെന്നു ട്രംപ് റിപ്പോർട്ടർമാരോട് പറഞ്ഞു. നിരോധനം ഉടൻ നടപ്പിലായി എന്നു അദ്ദേഹം ട്രൂത് സോഷ്യലിൽ കുറിക്കയും ചെയ്തു.
“അവർക്കു എന്തും എഴുതാം, പക്ഷെ അതിനു വേണ്ടി അവരെ ഞാൻ ജനങ്ങളുടെ ഭവനത്തിലേക്കു പ്രവേശിപ്പിക്കില്ല.”ട്രംപിന്റെ സഹായികൾ കൂടുതൽ വിശദീകരണം നൽകിയില്ലെന്നു ‘ന്യൂ യോർക്ക് ടൈംസ്’ പറയുന്നു.
അതേ സമയം, നിരോധനം പ്രഖ്യാപിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള റിപ്പോർട്ടർമാർ വെള്ളിയാഴ്ചയും പതിവു പോലെ വൈറ്റ് ഹൗസിൽ ഉണ്ടായിരുന്നു. അവരെ പിടിച്ചു പുറത്താക്കാനുള്ള ശ്രമമൊന്നും കണ്ടില്ല താനും.
ഫസ്റ്റ് അമെൻഡ്മെന്റ് ഗ്രൂപ്പുകൾ ട്രംപിന്റെ പ്രഖ്യാപനത്തെ അപലപിച്ചു. അതു ഭരണഘടനാ വിരുദ്ധമാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സി എൻ എൻ, പൊളിറ്റിക്കോ എന്നിവർ കോടതിയിൽ പോകുമെന്ന് അറിയിച്ചു. മാധ്യമങ്ങൾക്കു ഭരണഘടന നൽകുന്ന സംരക്ഷണം പ്രസിഡന്റിന്റെ ഇഷടാനിഷ്ടങ്ങൾക്കു അനുസൃതമല്ലെന്നു വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.




