"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ ഭയക്കുന്ന ഭരണസംവിധാനം വളർത്തുന്നത് ‘അന്ധഭക്തരെ’യെന്ന് രാഹുൽ ഗാന്ധി: ഇൻഡോറിലെ പരിപാടിയെ ‘നുണകളുടെ ശബ്ദം’ എന്ന് വിശേഷിപ്പിച്ച് തിരിച്ചടിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി

September 20, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഇന്‍ഡോര്‍: ചോദ്യങ്ങള്‍ ചോദിക്കുന്ന വിദ്യാര്‍ത്ഥികളെ ഭയക്കുന്ന നിലവിലെ ഭരണസംവിധാനം ‘അന്ധഭക്തരെ’ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ഇന്‍ഡോറില്‍ സംഘടിപ്പിച്ച ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിസ്റ്റവും വിദ്യാര്‍ത്ഥികളും’ എന്ന വിഷയത്തിലായിരുന്നു ഇന്‍ഡോറിലെ സംവാദം നടന്നത്.


ചോദ്യപേപ്പര്‍ ചോര്‍ച്ച, പരീക്ഷാ തട്ടിപ്പുകള്‍, തൊഴില്‍ നിയമനങ്ങളിലെ ക്രമക്കേടുകള്‍, തകരുന്ന അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവല്‍ക്കരണം എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.


രാഷ്ട്രീയം, ബിസിനസ്, നീതിപീഠം, ബ്യൂറോക്രസി, മാധ്യമങ്ങള്‍, കായികം തുടങ്ങി എല്ലാ മേഖലകളും ഏതാനും ചിലര്‍ കൈയടക്കിവെച്ചിരിക്കുകയാണ്. 

ഇന്ത്യയിലെ ബിസിനസ് രണ്ട് പേര്‍ എങ്ങനെ സ്വന്തമാക്കി, തിരഞ്ഞെടുപ്പ് കമ്മീഷനും ജുഡീഷ്യറിയും എന്തുകൊണ്ട് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല, പരീക്ഷാ ചോദ്യപേപ്പര്‍ തുടര്‍ച്ചയായി ചോരുന്നത് എന്തുകൊണ്ട് തുടങ്ങിയ ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ചോദിക്കുന്നത് കൊണ്ടാണ് സിസ്റ്റം വിദ്യാര്‍ത്ഥികളെ ഭയക്കുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കാത്ത അന്ധഭക്തരെ അവര്‍ക്ക് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു.


2014-ല്‍ കേന്ദ്ര ബജറ്റിന്റെ 4.6% വിദ്യാഭ്യാസത്തിനായി മാറ്റിവെച്ചപ്പോള്‍ ഇന്നത് 2.6% ആയി കുറഞ്ഞുവെന്നും, വിദ്യാഭ്യാസത്തിന് ലഭിക്കേണ്ട തുക അദാനിയെയും അംബാനിയെയും പോലുള്ള ശതകോടീശ്വരന്മാരുടെ കൈകളിലേക്ക് എത്തിയെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.


കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1.5 കോടി സ്‌കോളര്‍ഷിപ്പുകള്‍ ഇല്ലാതാക്കുകയും 10 ലക്ഷത്തോളം അധ്യാപക തസ്തികകള്‍ നികത്താതെ കിടക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ പരിപാടിയെ ‘ജൂഠ് കി ഗൂഞ്ച്’ (നുണകളുടെ ശബ്ദം) എന്ന് വിശേഷിപ്പിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തി.

വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും സംസാരിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി കൃത്യമായ വിവരങ്ങളും കണക്കുകളും അവതരിപ്പിക്കണമായിരുന്നു. യാതൊരു തയ്യാറെടുപ്പുമില്ലാതെ കുട്ടികളോട് സംസാരിച്ച് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും മോഹന്‍ യാദവ് കുറ്റപ്പെടുത്തി.

 

Get more updates from Pudukad News on Google