കെ.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ വിദേശയാത്രകളിൽ ചോദ്യങ്ങളുമായി ഗതാഗത വകുപ്പ്. കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് തേടി. മുൻ എം.ഡി ലോക്നാഥ് ബെഹ്റ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ അമേരിക്കൻ യാത്ര നടത്തിയതിൽ വിശദീകരണം ആവശ്യപ്പെട്ടു. ഇതുവരെ മറുപടി നൽകാതെ കൊച്ചി മെട്രോ
Current: മലയാളം

തിരുവനന്തപുരം: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിലെ (കെ.എം.ആർ.എൽ) ഉന്നത ഉദ്യോഗസ്ഥരുടെ വിദേശയാത്രകളിൽ കണക്കുകളും വിശദീകരണങ്ങളും ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മെട്രോ എം.ഡിയും ഉദ്യോഗസ്ഥരും നടത്തിയ വിദേശയാത്രകളുടെ കൃത്യമായ ചെലവ് വിവരങ്ങളും ഓഡിറ്റ് റിപ്പോർട്ടുകളുമാണ് വകുപ്പ് അടിയന്തരമായി ആവശ്യപ്പെട്ടിരിക്കുന്നത്.
മുൻ എം.ഡി ലോക്നാഥ് ബെഹ്റ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ നടത്തിയ അമേരിക്കൻ യാത്രയുടെ പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് വിശദമായ റിപ്പോർട്ട് തേടി രംഗത്തെത്തിയത്.
2024 ഡിസംബറിൽ അമേരിക്കയിലെ വാഷിംഗ്ടണിൽ വെച്ച് നടന്ന മെട്രോപോളിറ്റൻ റെയിൽവേസ് ഡിവിഷൻ യോഗത്തിൽ പങ്കെടുക്കാൻ മുൻ എം.ഡി ലോക്നാഥ് ബെഹ്റ പോയത് സർക്കാരിന്റെ ഔദ്യോഗിക അനുമതി വാങ്ങാതെയായിരുന്നു.
മുൻകൂർ അനുമതിയില്ലാതെ യാത്ര നടത്തിയതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഈ വർഷം മെയ് മാസത്തിൽ ഗതാഗത വകുപ്പ് ബെഹ്റയ്ക്ക് കത്ത് നൽകിയിരുന്നു.
വിദേശയാത്രകൾക്ക് അനുമതി നൽകുന്ന കെ.എം.ആർ.എൽ ബോർഡിന്റെ മിനിറ്റ്സും, എം.ഡി ഉൾപ്പെടെയുള്ള ജീവനക്കാർ അഞ്ചു വർഷം നടത്തിയ മുഴുവൻ വിദേശയാത്രകളുടെയും ചിലവുകൾ സംബന്ധിച്ച സമഗ്ര ഓഡിറ്റ് റിപ്പോർട്ടും ഹാജരാക്കാനാണ് അണ്ടർ സെക്രട്ടറി വഴി അയച്ച കത്തിൽ കർശന നിർദ്ദേശം നൽകിയിട്ടുള്ളത്.
ഇതിനുപുറമെ വിദേശയാത്രകൾ നടത്തുന്നതിനായി കെ.എം.ആർ.എൽ പ്രത്യേക നയമോ പ്രോട്ടോക്കോളോ രൂപീകരിച്ചിട്ടുണ്ടോയെന്നും, അത്തരം നയങ്ങളുണ്ടെങ്കിൽ മെട്രോയുടെ ആകെ ബജറ്റിൽ നിന്ന് എത്ര ശതമാനമാണ് ആഭ്യന്തര-വിദേശ യാത്രകൾക്കായി വകയിരുത്തിയിട്ടുള്ളതെന്നും സർക്കാർ ആരാഞ്ഞിട്ടുണ്ട്.
സ്വന്തം ചെലവിൽ നടത്തുന്ന വ്യക്തിപരമായ സ്വകാര്യ സന്ദർശനങ്ങൾ ഒഴികെ, മറ്റെല്ലാ വിദേശയാത്രകൾക്കും സർക്കാർ ജീവനക്കാർ നിർബന്ധമായും മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന ചട്ടം നിലനിൽക്കെയാണ് മുൻ ഡി.ജി.പി കൂടിയായ ലോക്നാഥ് ബെഹ്റ ഇത് ലംഘിച്ചത്.
എന്നാൽ ഗതാഗത വകുപ്പ് കർശന ചോദ്യങ്ങളുന്നയിച്ച് കത്തയച്ച് മാസങ്ങൾ പിന്നിട്ടിട്ടും കൊച്ചി മെട്രോ അധികൃതർ ഇതുവരെ ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ലെന്നാണ് വിവരം.




