സുപ്രീം കോടതി ഉത്തരവ് കാറ്റിൽപ്പറത്തി ഒഡീഷയിൽ 820-ലേറെ പൊലീസ് സ്റ്റേഷൻ സിസിടിവികൾ അറ്റകുറ്റപ്പണി നടത്താതെ പൂട്ടിക്കെട്ടി; സിസിടിവി പദ്ധതിക്കായി നീക്കിവെച്ച 76 കോടി രൂപ ഉപയോഗിക്കാനാകാതെ തിരിച്ചടച്ച് ആഭ്യന്തര വകുപ്പ്
Current: മലയാളം

ഭുവനേശ്വര്‍: പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കണമെന്ന സുപ്രീം കോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കെ, ഒഡീഷയില്‍ 828 ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി തുടരുകയും പദ്ധതിക്കായി അനുവദിച്ച 76 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കുകയും ചെയ്തതായി വെളിപ്പെടുത്തല്‍.
സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ 795 സിസിടിവി ക്യാമറകളും 33 ഔട്ട്പോസ്റ്റുകളിലെ ക്യാമറകളുമാണ് പ്രവര്‍ത്തിക്കാത്തതെന്ന് എഡിജിപി സഞ്ജയ് കുമാര്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ഹേമന്ത് ശര്മ്മയ്ക്കയച്ച കത്തില്‍ വ്യക്തമാക്കുന്നു.
പൊലീസ് സ്റ്റേഷനുകളിലെ സുതാര്യത ഉറപ്പാക്കാനും കസ്റ്റഡിയിലുള്ളവരുടെ മനുഷ്യാവകാശ സംരക്ഷണത്തിനുമായി രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജന്‍സികളുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും അവ എപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും 2020-ല്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ഒഡീഷയിലെ 645 പൊലീസ് സ്റ്റേഷനുകളിലും 263 ഔട്ട്പോസ്റ്റുകളിലുമായി 16,000-ത്തിലധികം ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ സിസ്റ്റം ഇന്റഗ്രേറ്റര്മാരായ കെല്‍ട്രോണ്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം 800-ലധികം ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണെന്ന് വ്യക്തമായി.
സിസിടിവികള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ടെക്നിക്കല്‍ ഏജന്‍സികളോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഇതിനിടെയാണ് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ സിസിടിവി നിരീക്ഷണ സംവിധാനത്തിനായി നീക്കിവെച്ച 76 കോടി രൂപ ഉപയോഗിക്കാനാകാതെ സര്‍ക്കാര്‍ തിരിച്ചടച്ചത്.
2024 സെപ്റ്റംബറില്‍ ഭുവനേശ്വറിലെ ഭാരത്പൂര്‍ പൊലീസ് സ്റ്റേഷനില്‍ സൈനിക ഉദ്യോഗസ്ഥന്റെ പ്രതിശ്രുത വധു ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്റ്റേഷനിലെ സിസിടിവികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ടെത്തിയത് വലിയ വിവാദമായിരുന്നു.
തുടര്‍ന്ന് ഒഡീഷ ഹൈക്കോടതി സ്വമേധയാ കേസ് എടുക്കുകയും ഭരണസംവിധാനത്തിന്റെ വീഴ്ചയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഈ വിവാദങ്ങള്‍ക്ക് ശേഷവും സുപ്രീം കോടതി ഉത്തരവ് പാലിക്കുന്നതില്‍ വന്‍ വീഴ്ചയാണ് സംസ്ഥാനത്ത് തുടരുന്നത്.




