ഡൽഹി വോട്ടർ പട്ടിക പരിഷ്കരണം: എൽ കെ അദ്വാനിക്കും ജഗ്ദീപ് ധൻകറിനും എസ് ജയശങ്കറിനും നോട്ടീസ്
Current: മലയാളം

ന്യൂഡൽഹി: ഡൽഹിയിലെ വോട്ടർ പട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികളിൽ മുൻ ഉപപ്രധാനമന്ത്രി എൽ കെ അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എന്നിവരുൾപ്പെടെയുള്ള പ്രമുഖർക്ക് കമ്മീഷന്റെ നോട്ടീസ്.
2002-ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയുള്ള വിവരങ്ങളുമായി ഇവരുടെ നിലവിലെ വിവരങ്ങൾ ഒത്തുപോകാത്തതിനെത്തുടർന്നാണ് (Unmapped) ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നോട്ടീസ് അയച്ചിരിക്കുന്നത്.
ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിലെ വോട്ടറായ 98-കാരനായ എൽ.കെ. അദ്വാനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ പ്രതിഭ, മരുമകൾ ഗീതിക എന്നിവർക്കും കമ്മീഷന്റെ നോട്ടീസ് ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇതേ വിലാസത്തിൽ തന്നെയുള്ള അദ്വാനിയുടെ മകൻ ജയന്ത് പരിശോധനാ പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുദേഷും വോട്ടർമാരായിട്ടുള്ളത് ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തിലാണ്.
നിലവിലെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും ഇതേ വിലാസത്തിൽ വോട്ടറായുണ്ട്.
ഈ വിലാസത്തിലെ വിവരങ്ങളിലെ സാങ്കേതിക പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ധൻകറിനും ഭാര്യയ്ക്കും നോട്ടീസ് നൽകിയത്.




