കേരള ഗവൺമെൻ്റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം: മെഡിക്കൽ കോളജ് അദ്ധ്യാപകരുടെ ശമ്പള കുടിശിഖ ഉടൻ വിതരണം ചെയ്യണം. ഗവൺമെൻ്റ് മെഡിക്കൽ കോളേജുകൾ മികവിൻ്റെ കേന്ദ്രങ്ങൾ ആകണം – ഡോ. ബി. പത്മകുമാർ

Current: മലയാളം

അമ്പലപ്പുഴ: സർക്കാർ മെഡിക്കൽ കോളേജുകൾ ചികിത്സാ നിലവാരം ഉയർത്തി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയും അദ്ധ്യാപകർക്ക് ഗവേഷണ സൗകര്യം ഒരുക്കിയും മെഡിക്കൽ കോളേജുകളെ മികവിൻ്റെ കേന്ദ്രങ്ങളാക്കി മാറ്റണമെന്ന് ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ സംസ്ഥാന ചെയർമാൻ ഡോക്ടർ ബി.പദ്മകുമാർ പറഞ്ഞു.
കെ.ജി എം. സി. ടി. എ. അൻപത്തി ഒൻപതാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം, സർക്കാർ മെഡിക്കൽ കോളേജുകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പഠിക്കാൻ ഉന്നത തല സമിതി രൂപീകരിക്കണം, പുതുതായി സർവീസിൽ ചേരുന്ന യുവഡോക്ടറന്മാർക്ക് അന്താരാഷ്ട്ര നിലവാരമുള്ള വൈദ്യ സ്ഥാപനങ്ങളിൽ സർക്കാർ തല പരിശീലനം നൽകണമെന്ന് ഡോക്ടർ പത്മകുമാർ ആവശ്യപ്പെട്ടു.
മെഡിക്കൽ കോളേജുകളിൽ റഫറൽ സംവിധാനം ഏർപ്പെടുത്തണമെന്നും അനാവശ്യമായ ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ കാലഘട്ടത്തിൽ അനുസുത്രമായ കോഴ്സുകൾ യൂണിവേഴ്സിറ്റികൾ തുടങ്ങണമെന്നു കഴിഞ്ഞ പത്ത് വർഷത്തെ റിസർച്ച് പേപ്പറുകളിൽ ഓഡിറ്റിംഗ് നടപ്പാക്കണമെന്നും ഡോക്ടർ പത്മകുമാർ പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ ഹോസ്റ്റൽ സൗകര്യം വർദ്ധിപ്പിച്ച് ലക്ച്ചർ ഹാളുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ഡോക്ടർ ബി പത്മകുമാർ ആവശ്യപ്പെട്ടു. കെ ജി എം സി ടി എ സംസ്ഥാന പ്രസിഡൻ്റ് ഡോക്ടർ പി എസ് ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജിത്ത് വിളമ്പിൽ റിപ്പാർട്ട് അവതരിപ്പിച്ചു.
ഹെൽത്ത് ആൻ്റ് ഫാമിലി വെൽഫെയർ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ ഷാർമില, മെഡിക്കൽ എജ്യൂക്കേഷൻ ഡയറക്ടർ കെ.വി വിശ്വനാഥൻ, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് എം എൻ മേനോൻ, കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ സുനിൽ, കേരള ഗവൺമെൻ്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് പി.കെ വിനോദ്, കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോക്ടർ ടി. റോസ് നാര ബീഗം, കെ ജി എം സി ടി എ മുൻ ജനറൽ സെക്രട്ടറി ഡോക്ടർ സി എസ് അരവിന്ദ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോക്ടർ ഷാനിമോൾ പി.ഇ,

ആലപ്പുഴ മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ലക്ഷമി പി എൽ, മുഹമ്മദ് റിയാസ്, കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ ഡോക്ടർ ഷഫീന, ബുള്ളറ്റിൻ എഡിറ്റർ ഗോപകുമാർ .ടി, ഐ. ടി സെക്രട്ടറി ഡോക്ടർ അർജുൻ എ, കെ.ജി എം സി ടി എ ആലപ്പുഴ യൂണിറ്റ് പ്രസിഡൻ്റ് ഡോക്ടർ കെ എം ബിന്ദു, സെക്രട്ടറി പി . ജംഷീദ്, ഡോക്ടർ വർഗീസ് പുന്നൂസ്, ഡോക്ടർ ബിബിൻ പി മാത്യൂ, ഡോക്ടർ എസ് ശ്രീകാന്ത്, ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജ് യൂണിയൻ ചെയർപേഴ്സൺ മീന യൂനസ്, മെഡിക്കൽ കോളജ് പി ജി അസോസിയേഷൻ വൈസ് പ്രസിഡൻ്റ് ഡോക്ടർ നീരജ്, എന്നിവർ പ്രസംഗിച്ചു.
സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകർക്കുള്ള കെജിഎംസിടിഎ ബെസ്റ്റ് ഡോക്ടർ പുരസ്കാരങ്ങളും സംഘടനയുടെ വിവിധ പുരസ്കാരങ്ങൾക്കും ഡോക്ടർമാരായ നിർമ്മൽ ഭാസ്കർ, പി അബ്ദുൾ അസ്ലം,എം സദറുദീൻ അഹമ്മദ്, അഞ്ജു മറിയം ജേക്കബ്ബ്, ഇന്ദിര സി.കെ, സി.പി കരുണദാസ്, സജികുമാർ എൻ.ആർ, റെന്നി ഐസഖ് എന്നിവർക്ക് സമ്മാനിച്ചു.
സമ്മേളനത്തിൻ്റെ ഭാഗമായി രാവിലെ നടന്ന തുടർമെഡിക്കൽ വിദ്യാഭ്യാസ പരിപാടിയിൽ കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ഡോക്ടർ വർഗീസ് പുന്നൂസ് ശരീരത്തിൻ്റെയും മനസിൻ്റെയും ഏകോപനത്തെ കുറിച്ചും ഡോക്ടർ ബിപിൻ പി മാത്യൂ ഭക്ഷണ ക്രമം, വ്യായാമം, ഉറക്കം എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും പ്രഭാഷണങ്ങൾ നടത്തി.
പ്രൊഫസർ ഡോക്ടർ ജെ എസ് സത്യദാസ് സ്മാരക പ്രഭാഷണം കോഴിക്കോട് ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി വിഭാഗം പ്രൊഫസർ ഡോക്ടർ ശ്രീകാന്ത് എസ് നിർവഹിച്ചു.
രോഗാവസ്ഥയ്ക്കും ആരോഗ്യത്തിനുമിടയിൽ ധ്വാനത്തിൻ്റെ പ്രസക്തി എന്ന വിഷയത്തിലാണ് പ്രഭാഷണം നടത്തിയത്. പരിചരിക്കുന്നവരെ പരിചരിക്കാം. എല്ലാവർക്കും ആരോഗ്യ ക്ഷേമം എന്നതാണ് ഇത്തവണത്തെ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രമേയം.
രോഗി പരിചരണം, അദ്ധ്യാപനം, ഗവേഷണം, ഭരണനിർവഹണം, തുടങ്ങിയ മേഖലകളിൽ ഒരേ സമയം പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ശാരീരകവും മാനസികവും മായ ആരോഗ്യം സംരംക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യമാണ് സംസ്ഥാന സമ്മേളനം ഉയർത്തി കാട്ടിയത്.
കഴിഞ്ഞ വർഷത്തെ സംഘടന പ്രവർത്തനങ്ങൾ, സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ സേവന – വേതന പ്രശ്നങ്ങൾ, സംഘടനയുടെ ഇടപെടലുകൾ, തുടർ നടപടികൾ എന്നിവ റിപ്പോർട്ടിൽ വിശദികരിച്ചു.
സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ തൊഴിൽ പരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത സമ്മേളനം മുന്നോട്ട് വെച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന വാർഷിക പൊതുയോഗത്തിൽ മെഡിക്കൽ കോളേജ് അദ്ധ്യാപകരുടെ ദീർഘകാല ആവശ്യങ്ങൾ സേവന വേതന വ്യവസ്ഥകൾ, അദ്ധ്യാപക ക്ഷേമം, സർക്കാർ മെഡിക്കൽ കോളേജുകളിലെ അടിസ്ഥാന സൗകര്യ വികസനം സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ എന്നിവ ചർച്ച ചെയ്തു.
സംഘടനയുടെ സുവനീറും ഡയറിയും സംസ്ഥാന സമ്മേളനത്തിൽ പ്രകാശനം ചെയ്തു. മെഡിക്കൽ കോളജ് അദ്ധ്യാപകരുടെ ശമ്പള കുടിശിഖ ഉടൻ വിതരണം ചെയ്യണമെന്ന് സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭയരഹിതമായി ജോലി ചെയ്യുവാനുള്ള അന്തരീക്ഷം ഉറപ്പാക്കണമെന്നും സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, വിവിധ ഡോക്ടർമാരുടെ സംഘടന ഭാരവാഹികൾ, കെജിഎംസിടിഎ മുൻ സംസ്ഥാന ഭാരവാഹികൾ എന്നിവരുടെ സാനിദ്ധ്യവും കൊണ്ട് സംസ്ഥാന സമ്മേളനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ആലപ്പുഴയിൽ നടന്ന സാംസ്കാരിക പരിപാടികളോടെയാണ് സംസ്ഥാന സമ്മേളനത്തിന് സമാപനമായത്.






