മധ്യപ്രദേശിലെ റത്ലാമിൽ ട്രെയിനും കാറും കൂട്ടിയിടിച്ചു: ഗേറ്റ് കീപ്പർ മദ്യപിച്ചിരുന്നതായി ആക്ഷേപം, അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ | Ratlam Train Car Collision

Current: മലയാളം

റത്ലാം: മധ്യപ്രദേശിലെ റത്ലാമിൽ റെയിൽവേ ട്രാക്കിൽ കുടുങ്ങിയ കാറിലേക്ക് ട്രെയിൻ ഇടിച്ചുകയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 10:30-ഓടെ സെജാവത-ബൻജ്ലി ബൈപാസിനു സമീപമുള്ള 190-ാം നമ്പർ ലെവൽ ക്രോസിങ്ങിലാണ് അപകടമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗേറ്റ് കീപ്പർ മദ്യലഹരിയിലായിരുന്നുവെന്നാണ് യാത്രക്കാരന്റെ ആരോപണം.(Ratlam Train Car Collision Gatekeeper Drunk Beer Cans Investigation)
സോഫ്റ്റ്വെയർ എൻജിനീയറായ പ്രണവ് ഉപാധ്യായ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. സഹോദരന്റെ വിവാഹപൂർവ്വ ചടങ്ങുകളിൽ പങ്കെടുക്കാൻ പോവുകയായിരുന്നു അദ്ദേഹം. ഗേറ്റ് അടയുന്നതിനിടെയാണ് കാർ ട്രാക്കിൽ കുടുങ്ങിയത്. ഗേറ്റ് തുറക്കണമെന്ന് ആവശ്യപ്പെട്ട് ഗേറ്റ് കീപ്പറെ സമീപിച്ചെങ്കിലും ഇയാൾ കൃത്യമായി പ്രതികരിച്ചില്ലെന്നും, ട്രെയിൻ മറ്റൊരു ട്രാക്കിലൂടെ വരുമെന്ന് പറഞ്ഞ് മദ്യലഹരിയിൽ അശ്രദ്ധമായി പെരുമാറിയെന്നും പ്രണവ് ആരോപിച്ചു.
ട്രെയിൻ അടുത്തെത്തിയതോടെ പ്രണവ് കാറിൽ നിന്നിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. വത്സദ്-ഹിസാർ ട്രെയിൻ (04728) കാറിലിടിച്ച് ഏകദേശം 50 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് നിന്നത്. കാർ പൂർണ്ണമായി തകർന്നു. ഗേറ്റ് കീപ്പറുടെ കാബിനുള്ളിൽ നിന്ന് ബിയർ കാനുകളും ഡിസ്പോസിബിൾ ഗ്ലാസുകളും കണ്ടെത്തിയതായി പ്രണവ് ആരോപിച്ചു. ഇതിന്റെ ദൃശ്യങ്ങളും ഇയാൾ പകർത്തിയിട്ടുണ്ട്.
ആർ.പി.എഫ് ഉദ്യോഗസ്ഥരും പൊലീസും ഡി.ആർ.എമ്മും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ക്രെയിൻ ഉപയോഗിച്ച് കാർ നീക്കം ചെയ്തശേഷമാണ് ട്രെയിൻ യാത്ര തുടർന്നത്. സംഭവത്തെക്കുറിച്ചും ഗേറ്റ് കീപ്പർക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണത്തിന് റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്.
Story Summary
A major accident was averted in Ratlam, Madhya Pradesh, when a Valsad-Hisar train collided with a stranded car at a railway crossing and dragged it for about 50 metres. Fortunately, the driver managed to escape safely before the impact. The car owner alleged that the railway gatekeeper was heavily intoxicated, with beer cans found in his cabin, prompting railway authorities to order an immediate high-level probe into the incident.






