ചീഫ് ജസ്റ്റിസിനെതിരെയുള്ള വിവാദ പരാമർശം: സഞ്ജയ് റാവത്തിനും നിഖിൽ വാഗ്ലെയ്ക്കും സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ് | Supreme Court

Current: മലയാളം

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനും ജുഡീഷ്യറിക്കുമെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ ശിവസേന എംപി സഞ്ജയ് റാവത്തിനും മാധ്യമപ്രവർത്തകൻ നിഖിൽ വാഗ്ലെയ്ക്കും സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ കാരണം കാണിക്കൽ നോട്ടീസ്. സുപ്രീം കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി.(Supreme Court Criminal Contempt Notice Sanjay Raut Nikhil Wagle Chief Justice Surya Kant)
പരമോന്നത നീതിപീഠത്തിനും ഭരണഘടനാ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് കേസ് പരിഗണിക്കവെ കോടതി നിരീക്ഷിച്ചു. അതേസമയം, അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ ഇരുവർക്കും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്.
ഒക്ടോബർ 12-ന് പ്രതിപക്ഷ പ്രതിനിധി സംഘത്തെ കാണാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചതിനെ തുടർന്ന്, ഭരണകക്ഷിയായ ബിജെപിയുടെ രാഷ്ട്രീയ പരിപാടികളിലും മുഖ്യമന്ത്രിമാരുടെ വിരുന്നുകളിലും പങ്കെടുക്കുന്ന ന്യായാധിപന്മാർ പ്രതിപക്ഷ നേതാക്കളെ കാണാൻ തയ്യാറാകുന്നില്ലെന്ന് റാവത്ത് അധിക്ഷേപകരമായി സംസാരിച്ചെന്നാണ് ഹർജിയിലെ ആരോപണം. എക്സ് പ്ലാറ്റ്ഫോമിലൂടെ ചീഫ് ജസ്റ്റിസിനെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് നിഖിൽ വാഗ്ലെയ്ക്കെതിരെയുള്ള കേസ്.
കോടതി നടപടിയോട് പ്രതികരിച്ച സഞ്ജയ് റാവത്ത്, താൻ ലക്ഷ്യമിടപ്പെടുകയാണെന്നും രാജ്യത്തിന് വേണ്ടി ജയിലിൽ പോകാനും തയ്യാറാണെന്നും വ്യക്തമാക്കി. ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നും വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കം ചെയ്യപ്പെട്ട കോടിക്കണക്കിന് വോട്ടർമാർക്കാണ് നീതി ലഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Story Summary
The Supreme Court of India has issued show-cause notices for criminal contempt to Shiv Sena (UBT) MP Sanjay Raut and journalist Nikhil Wagle over derogatory remarks directed at Chief Justice Surya Kant and the judiciary. Addressing a petition filed by the Supreme Court Bar Association (SCBA), a bench comprising CJI Surya Kant and Justice Joymalya Bagchi expressed dismay over personal attacks on constitutional institutions, even as Wagle issued an apology and deleted his post, while Raut claimed he was being targeted politically.






